പ്രതാപം മങ്ങാതെ തിരുവാഴിയോടന്‍ വെറ്റില: മറുനാടന്‍ മാര്‍ക്കറ്റിലും പ്രിയമേറേ
അബ്ദുല്ല കരിപ്പമണ്ണ
ശ്രീകൃഷ്ണപുരം: വെള്ളിനേഴിയുടെ കാര്‍ഷിക സംസ്‌കൃതിയുടെ പൈതൃകമാണ് വെറ്റില കൃഷി. ഒരു കാലത്ത് പെരുമാങ്ങോട് ചന്തയുടെ പ്രധാന വിപണിയായിരുന്നു തിരുവഴിയോട് വെറ്റില. തി രുവാഴിയോട്, കുറുവട്ടൂര്‍, വെള്ളിനേഴി, കല്ലുംപുറം പ്രദേശങ്ങളിലെ പ്രധാന കൃഷിയായിരുന്നു വെറ്റില. വള്ളുവനാട്ടിലെ വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങള്‍ക്കും ദക്ഷിണ നല്‍കുവാനും, വെറ്റിലമുറുക്കുന്നതിനും തിരുവാഴിയോടന്‍ വെറ്റില പ്രധാനമായിരുന്നു. പേരുകേട്ട ദേവാലയങ്ങളിലെ ദേവപ്രശ്‌നങ്ങള്‍ക്കു പോലും ഇവിടെ നിന്ന് വെറ്റില എത്തിച്ചിരുന്നു. ചൊവ്വാഴ്ച വളരെ ദൂരെനിന്നു പെരുങ്ങോട് (പെരുമാങ്ങോട്) ചന്തയിലെത്തുന്നവരും വെറ്റില വാങ്ങാന്‍ മറന്നിരുന്നില്ല. ചന്തക്ക് സ്ഥിരം പോകുന്നവരോട് പല സാധനങ്ങളും ഏല്‍പ്പിച്ച് കാത്തിരിക്കുന്നവരില്‍ വെറ്റിലക്കായി കാത്തിരിക്കുന്നവരും ഉണ്ടായിരുന്നു. തലച്ചുമടായിട്ടാണ് വെറ്റിലക്കെട്ടുകള്‍ ച്ചന്തകളിലും കടകളിലും എത്തിച്ചിരുന്നത്. കാല്‍നടയായിത്ത ന്നെയാണ് ദൂരസ്ഥലങ്ങളിലും വെറ്റിലയുമായി പോയിരുന്നത്.വഴിയിലും നിരവധി പേര്‍ വെറ്റില വാങ്ങാനായി കാത്തുനിന്നിരുന്നു. ആഴ്ചയിലെ ഓരോ ദിവസവും ഓരോ പ്രദേശങ്ങള്‍ക്കായി നീക്കിവെച്ചിരുന്നതായും ഇവര്‍ പറയുന്നു.നിലവില്‍ 40 കൃഷിക്കാര്‍ മാത്രമേ വെറ്റിലകൃഷി ചെയ്യുന്നുള്ളൂ. വെള്ളിനേഴിപഞ്ചായത്ത് വെറ്റില കൃഷി സംരക്ഷിക്കുന്നതിന് തയ്യാറാക്കി സമര്‍പിച്ച പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. 25 ഏക്കര്‍ സ്ഥലത്ത് കൃഷി വിപുലീകരിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഒരു പക്ഷെ ഇന്ന് ഏതു കാലത്തും വരുമാനം പ്രതീക്ഷിക്കാവുന്ന കൃഷിയായി വൈറ്റില മാറിയിട്ടുണ്ട്. വെറ്റില കൃഷിയില്‍ സൂക്ഷ്മമായ പരിചരണങ്ങളും ആവശ്യമാണെന്ന് കര്ഷകര്‍ പറയുന്നു. മുട്ടോളം ആഴത്തില്‍ വട്ടത്തില്‍ തടമെടുത്ത് അതില്‍ ചാണകവും ചാരവും നിറച്ച് മൂടി 34 വര്‍ഷം മൂപ്പെത്തിയ നാല് മുട്ട് ഉള്ള തണ്ടാണ് നടുന്നത്, രണ്ട് മുട്ട് മണ്ണിനിടയിലും ബാക്കി പുറത്തും ആയി നടുന്നു . പരമ്പരാഗത ശൈലിയില്‍ 'വാറോലും' അതിനു ചുറ്റും 'അലകും' വെച്ചാണ് വെറ്റിലക്കൊടിക്ക് പടരാനുള്ള സൗകര്യമൊരുക്കുന്നത്. വാറോലെന്നു പറയുന്നത് തടത്തിനു നടുവില്‍ നാട്ടുന്ന കമ്പാണ്. പൂവ്വരശ്, മുരിങ്ങ, മുരിക്ക്, അമ്പാഴം തുടങ്ങിയവയാണ് വാറോലായി ഉപയോഗിക്കുന്നത്. വട്ടത്തിലുള്ള തടത്തില്‍ അഞ്ചോ ആറോ അലകുകള്‍ തുല്യ അകലത്തില്‍ തറച്ച് വാറോലിലേക്ക് തലപ്പുകളെല്ലാം ചേര്‍ത്തുകെട്ടും. കവുങ്ങിന്റെ അലകുകളാണ് ഇതിന് ഉപയോഗിക്കുന്നത്. ഈ അലകുകളിലാണ് വെറ്റില കൊടികള്‍ പടര്‍ത്തുന്നത്. തടത്തില്‍ എപ്പോഴും ഈര്‍പ്പം നിലനിര്‍ത്താന്‍ മൂന്നുനേരം നച്ചുകൊടുക്കണം. എന്നാല്‍ വെള്ളം കെട്ടി നില്‍ക്കാനും പാടില്ല. രണ്ടാഴ്ച ഇടവിട്ട് ഉണങ്ങിയ ഇലകളും ചാരവും കുഴികളിള്‍ ചേര്‍ക്കുകയും ചാണകക്കുഴമ്പിട്ട് ചുവട്ടില്‍ തളിക്കുകയും വേണം. പുല്ലാനിയില, ശീമക്കൊന്നയില, മാവില എന്നിവ ഓരോ മാസം ഇടവിട്ടു ചേര്‍ക്കുന്നതും വള്ളികള്‍ക്ക് നല്ലതാണ്. ചെടി നട്ടു മൂന്നു മുതല്‍ ആറുമാസംകൊണ്ട് 150-180 സെ.മീ ഉയരത്തില്‍ വളര്‍ന്നിട്ടുണ്ടാകും. ഇതോടെ വള്ളികളില്‍ ശിഖരങ്ങള്‍ പൊട്ടിത്തുടങ്ങുന്നു. ഈ അവസരത്തില്‍ വിളവെടുപ്പ് തുടങ്ങാം.
വെറ്റില കൃഷിയുടെ സാധ്യതകള്‍ ചെറുതല്ല. മുളയേണിവെച്ച് നുള്ളിയെടുത്ത വെറ്റിലകള്‍ കെട്ടാക്കുമ്പോള്‍ കര്‍ഷകരുടെ മനസിലെ സ്വപ്നങ്ങളും ചെറുതല്ല. മറ്റു സംസ്ഥാനങ്ങളിലെ മാര്‍ക്കറ്റും പറ്റുമെങ്കില്‍ വെറ്റില കയറ്റുമതിയെ കുറിച്ചും ഇവര്‍ ചിന്തിക്കാതിരിക്കുന്നില്ല. വെറ്റില കൃഷിയുടെ കാര്‍ഷിക വകുപ്പിലെ ഉദ്യോഗസ്ഥരും പഞ്ചായത്തും ഇവരുടെ കൂടെ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."