യൂത്ത് കോണ്‍ഗ്രസ് പി.എസ്.സി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പി.എസ്.സി ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനുനേരെ പൊലിസ് മൂന്നുതവണ ജലപീരങ്കി പ്രയോഗം നടത്തി. ജലപീരങ്കി പ്രയോഗത്തിലും പൊലിസ് അതിക്രമത്തിലും മൂന്ന് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി ഷഫീക്, നേതാക്കളായ ശോഭകുമാര്‍, ഹാഷിം എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഷഫീക്കിന് പൊലിസിന്റെ ആണി തറച്ച ലാത്തികൊണ്ടാണ് പരുക്കേറ്റതെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി, ഡി.ജി.പിക്ക് പരാതി നല്‍കി.
ആസൂത്രണ ബോര്‍ഡ് നിയമനങ്ങളിലെ അഭിമുഖ പരീക്ഷയില്‍ പി.എസ്.സി ഇടതുപക്ഷ അനുഭാവികള്‍ക്ക് ചട്ടം ലംഘിച്ചു കൂടുതല്‍ മാര്‍ക്ക് നല്‍കിയത് സംബന്ധിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ പ്ലാമൂട് ജങ്ഷനില്‍നിന്നും ആരംഭിച്ച മാര്‍ച്ച് പി.എസ്.സി ഓഫിസിനുമുന്നില്‍ പൊലിസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. പ്രവര്‍ത്തകരും പൊലിസുമായി ഉന്തുംതള്ളുമായി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
നേതാക്കള്‍ ഇടപെട്ട് ഉപരോധിച്ച പ്രവര്‍ത്തകരെ അനുനയിപ്പിച്ച് പി.എസ്.സി ഓഫിസിനു മുന്നില്‍ പ്രതിഷേധം തുടര്‍ന്നു. പൊലിസ് വീണ്ടും രണ്ടുതവണ ജലപീരങ്കി പ്രയോഗം നടത്തി. ഇതിനിടയില്‍ പ്രവര്‍ത്തകര്‍ക്കുനേരെ കൈയേറ്റശ്രമവും പൊലിസ് നടത്തി. പൊലിസ് നടപടിയില്‍ പ്രതിഷേധിച്ച് രണ്ടാം തവണയും റോഡ് ഉപരോധം നടത്തി.
ഇതിനിടെ ഒരു പൊലിസുകാരന്റെ കൈയില്‍ ആണി തറച്ച ചൂരല്‍വടി കണ്ടെത്തിയത് പൊലിസുമായി വാക്കുതര്‍ക്കത്തിനിടയാക്കി.
നേതാക്കള്‍ പി.എസ്.സി ചെയര്‍മാനെ കണ്ടശേഷമേ മടങ്ങൂവെന്ന നിലപാടെടുത്ത് ഓഫിസിനു മുന്നില്‍കുത്തിയിരുന്നു. എന്നാല്‍ ചെയര്‍മാനെ കാണാന്‍ അനുവദിക്കില്ലെന്ന നിലപാടും പൊലിസ് സ്വീകരിച്ചു. ഇത് വീണ്ടും സംഘര്‍ഷത്തിനിടയാക്കി. ഇതിനിടെ പ്രവര്‍ത്തകരെയും നേതാക്കളേയും ബലം പ്രയോഗിച്ച് പൊലിസ് അറസ്റ്റ് ചെയ്തുനീക്കി. ജനാധിപത്യ സമരങ്ങളെ സര്‍ക്കാരും പി.എസ്.സിയും പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നോക്കേണ്ടെന്നും പി.എസ്.സി നിയമന തട്ടിപ്പിനെക്കുറിച്ച് സമഗ്രാന്വേഷണം നടത്തുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."