പുതിയ വഞ്ചിയുമായി മുഹമ്മദ് വീണ്ടും കനോലി പുഴയിലേക്ക്
അന്തിക്കാട്: പ്രളയം കവര്‍ന്ന മുഹമ്മദിന്റെ ജീവിതം ടെക്‌നോപാര്‍ക്കിന്റെ കൈത്താങ്ങില്‍ തളിരിടുന്നു.
മുറ്റിച്ചൂര്‍ കൊട്ടാരപറമ്പ് സ്വദേശിയായ മൂടപുരയ്ക്കല്‍ മുഹമ്മദിന്റെ ഏക ഉപജീവന മാര്‍ഗമായ വഞ്ചി പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ തകര്‍ന്നിരുന്നു. മുറ്റിച്ചൂര്‍ കനാലിപ്പഴയില്‍ നിന്നും ഇരച്ചു കയറിയ മഴവെള്ളപ്പാച്ചിലില്‍ അകപ്പെട്ട നൂറുകണക്കിനാളുകളെ രക്ഷിച്ചത് മുഹമ്മദിന്റെ വഞ്ചിയിലായിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതോടെ മുഹമ്മദിന്റെ വഞ്ചി പൂര്‍ണമായും തകര്‍ന്നു. പുതിയ വഞ്ചിക്കായി മുഹമ്മദ് പലരേയും സമീപിച്ചെങ്കിലും നടന്നില്ല. പ്രളയ ദുരിതാശ്വാസമായ 10,000 രൂപ പോലും മുഹമ്മദിന് ലഭിച്ചില്ല. മുഹമ്മദിനെക്കുറിച്ച് പത്രങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് ചെറിയ സഹായങ്ങള്‍ ലഭിച്ചു.
ഇതു കൊണ്ട് മുഹമ്മദ് തന്റെ പഴയ വഞ്ചി ചെറിയ രീതിയില്‍ കേടുപാടുകള്‍ തീര്‍ത്തെങ്കിലും മത്സ്യ ബന്ധനത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞില്ല. മുഹമ്മദിന്റെ ദയനീയാവസ്ഥ മനസിലാക്കിയ പൊതുപ്രവര്‍ത്തകനായ കെ.കെ യോഗനാഥന്‍ ഇടപെട്ട് ടെക്‌നോപാര്‍ക്ക് അധികൃതരെ സമീപിച്ചതിനെ തുടര്‍ന്ന് അവര്‍ പുതിയ വഞ്ചി നിര്‍മിച്ചു നല്‍കുകയായിരുന്നു. വഞ്ചിയില്ലാത്തതിനാല്‍ പ്രളയത്തിനു ശേഷം മുഹമ്മദിന് മീന്‍പിടിക്കാന്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ടെക്‌നോപാര്‍ക്ക് കനിഞ്ഞതോടെ ഇനി മുതല്‍ മുഹമ്മദിന് പുതിയ വഞ്ചിയില്‍ മത്സ്യം പിടിക്കാന്‍ കനോലി പുഴയിലിറങ്ങാം. ഡപ്യൂട്ടി തഹസില്‍ദാര്‍ രാജേഷ് ചുള്ളിയില്‍ വഞ്ചിയം പങ്കായവും മുഹമ്മദിന് നല്‍കി ഉദ്ഘാടനം ചെയ്തു. കെ.കെ യോഗനാഥന്‍ അധ്യക്ഷനായി. പഞ്ചായത്തംഗം സുമന ജോഷി, മോചിത മോഹനന്‍, ടെക്‌നോപാര്‍ക്ക് പ്രതിനിധി ജിത്തു ജിനു, സി.കെ.ബി ജോയ്, തോമസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."