റിയാസിന്റെ വിയോഗം നാടിന്റെ നൊമ്പരമായി
വാണിമേല്‍: വാണിമേല്‍ ക്രസന്റ് ഹൈസ്കൂള്‍ ഓഫിസ് ജീവനക്കാരനും ഒന്നാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറിയുമായ നിരത്തുമ്മല്‍ റിയാസിന്റെ ആകസ്മിക നിര്യാണം നാടിനെ ദുഃഖത്തിലാഴ്ത്തി.
ബുധനാഴ്ച തറാവീഹ് നിസ്കാരം കഴിഞ്ഞ് വീട്ടില്‍ വന്നുറങ്ങിയ റിയാസിനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ കുവൈറ്റില്‍ ജോലി നോക്കിയിരുന്ന റിയാസ് കിഡ്നി രോഗത്തെ തുടര്‍ന്നാണ് നാട്ടിലേക്ക് തിരിച്ചത്. പതിനൊന്ന് വര്‍ഷം മുന്‍പ് കിഡ്നി മാറ്റിവെച്ചതിനെ തുടര്‍ന്ന് കഠിനമായ ജോലികള്‍ ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലാണ് ക്രസന്റ് ഹൈസ്കൂളില്‍ ഓഫിസ് സ്റ്റാഫായി ജോലി ലഭിക്കുന്നത്. സൗമ്യനും സേവന പ്രവര്‍ത്തകനുമായ റിയാസ് വേദനകളുടെ ലോകത്തു നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടെയുണ്ടായ ആകസ്മിക നിര്യാണം നാട്ടുകാരെയും സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.
ജില്ലാ പഞ്ചായത്ത് അംഗം അഹ്മദ് പുന്നക്കല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന്, പി. ശാദുലി, സൂപ്പി നരിക്കാട്ടേരി, എം.പി സൂപ്പി, സി.വി.എം വാണിമേല്‍, എന്‍.കെ മൂസ മാസ്റ്റര്‍ തുടങ്ങി നിരവധി പേര് അന്തിമോപചാരമര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."