അടിച്ചു ഫിറ്റാകാന്‍ മൊബൈല്‍ ബാറുകള്‍
കണ്ണൂര്‍: ബാറുകള്‍ പൂട്ടിയതു മുതലെടുക്കുന്നതിനായി ബദല്‍മാര്‍ഗമൊരുക്കി ചിലര്‍ പണംകൊയ്യുന്നു. ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവ മദ്യപന്‍മാര്‍ക്കായി മണിക്കൂറുകള്‍ക്ക് വാടകയ്ക്കു കൊടുത്താണ് മദ്യക്കച്ചവടം നടത്തുന്നത്. കണ്ണൂര്‍ നഗരത്തിലെ പ്രാന്തപ്രദേശങ്ങളും പാര്‍ക്കുകളും ബീച്ചുകളുമാണ് ഇവരുടെ വിഹാരകേന്ദ്രം.
നഗരത്തിലോടുന്ന ചില ആഡംബര വാഹനങ്ങള്‍ മദ്യവും സോഡ, ഐസ്‌ക്യൂബ് എന്നീ അനുബന്ധ സാധനങ്ങളുമൊരുക്കിയാണ് ആവശ്യക്കാരെ തേടിവരുന്നത്. സാധാരണക്കാര്‍ ഓട്ടോറിക്ഷകളെയും മറ്റു ചെറുവാഹനങ്ങളെയും ആശ്രയിക്കുമ്പോള്‍ വി.ഐ.പി മദ്യപന്‍മാര്‍ വന്‍കിട ആഡംബര വാഹനങ്ങളെ തേടിപോവുന്നു. പേരിന് പുറം സര്‍വിസ് നടത്തുകയും സന്ധ്യമയങ്ങിയാല്‍ മദ്യപന്‍മാര്‍ക്ക് താവളമൊരുക്കുകയും ചെയ്യുന്ന നിരവധി ഓട്ടോറിക്ഷകള്‍ കണ്ണൂര്‍ നഗരത്തിലുണ്ട്. ആവശ്യക്കാര്‍ക്ക് ഓര്‍ഡര്‍ ചെയ്യുന്ന മദ്യവും ഭക്ഷണവും എത്തിക്കാനും ഈ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ സദാസന്നദ്ധരാണ്. മൊബൈല്‍ ഫോണ്‍ വഴിയാണ് ഇവരെ ആവശ്യക്കാര്‍ തേടിപ്പിടിക്കുന്നത്. കണ്ണൂര്‍ കോര്‍പറേഷനിലെ പുഴയോരങ്ങള്‍, ആളൊഴിഞ്ഞ കനാല്‍ പരിസരങ്ങള്‍ എന്നിവിടങ്ങളിലൊക്കെ മൊബൈല്‍ ബാറുകാരുടെ തട്ടകമാണ്. പൊതുശല്ല്യമാവുമ്പോഴാണ് ഇവര്‍ക്കെതിരെ നാട്ടുകാര്‍ തിരിയാറ്.
എടചൊവ്വ കനാല്‍പ്പാലം പരിസരത്തുവച്ച് ഇത്തരത്തില്‍ വാഹനത്തില്‍ മദ്യപിക്കാനെത്തിയവര്‍ അതിക്രമങ്ങള്‍ കാണിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ഓടിച്ചുവിട്ട സംഭവമുണ്ടായിട്ടുണ്ട്. വാഹനങ്ങളില്‍ നിന്നുള്ള മദ്യപാനം പൊലിസ് അറിഞ്ഞിട്ടുണ്ടെങ്കിലും സാധാരണ വാഹനപരിശോധനകളില്‍ ഇവരെ പിടികൂടാന്‍ കഴിയാറില്ല. മദ്യപിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കുന്ന വാഹന ഉടമകള്‍ക്ക് കൈനിറയെ പണം ലഭിക്കുന്നതിനാല്‍ കൂടുതല്‍ പേര്‍ ഈരംഗത്തു കടന്നുവരാന്‍ താത്പര്യം കാണിക്കുകയാണ്. ബീവറേജ് ഔട്ട്‌ലെറ്റ് അവധി ദിനങ്ങളില്‍ മൂന്നിരട്ടി വരെ വില ഈടാക്കിയാണ് ഇവര്‍ മദ്യം വില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."