അയോധ്യ കേസ്: 2010 ലെ വിധിക്കു ശേഷം ചിലര്‍ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ നടത്തി, എന്നാല്‍ രാഷ്ട്രീയകക്ഷികള്‍ ജനങ്ങളെ ഒരുമിപ്പിച്ചു നിര്‍ത്തി- മന്‍ കി ബാത്തില്‍ മോദി
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് കേസില്‍ അന്തിമ വിധി വരാനിരിക്കേ, 2010 അലഹബാദ് ഹൈക്കോടതി വിധി പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് റേയിഡോ പരിപാടി. അന്ന് ചിലര്‍ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ നടത്തിയെന്നും അഞ്ചു പത്തു ദിവസം ഇതു തുടര്‍ന്നുവെന്നും മോദി പറഞ്ഞു.
അയോധ്യ കേസില്‍ അലഹബാദ് ഹൈക്കോടതി വിധി വന്നപ്പോള്‍ ചില തല്‍പരകക്ഷികള്‍ ചൂഷണം ചെയ്യാന്‍ ശ്രമിച്ചിരുന്നു. സാഹചര്യം വഷളാക്കാന്‍ വേണ്ടിയുള്ള ഭാഷയായിരുന്നു അവര്‍ ആ സമയത്ത് ഉപയോഗിച്ചിരുന്നത്. ചിലര്‍ ഉത്തരവാദിത്തമില്ലാത്ത പ്രസ്താവനകള്‍ നടത്തി. അഞ്ച്- പത്തു ദിവസം ഇതു തുടര്‍ന്നു. എന്നാല്‍ രാഷ്ട്രീയ കക്ഷികള്‍ ജനങ്ങളെ ഒരുമിച്ചു നിര്‍ത്തി. അന്ന് എല്ലാവരും കാണിച്ച ഐക്യത്തിന് നന്ദി പറയുകയാണെന്നും മോദി പറഞ്ഞു.
കേസില്‍ സുപ്രിംകോടതി വിധി വരാനിരിക്കെ, ബി.ജെ.പി എം.പിമാര്‍ അടക്കം പ്രകോപനപരമായ പ്രസ്താവനകള്‍ ഇപ്പോള്‍ നടത്തുന്നത് കണ്ടില്ലന്നു നടിച്ചാണ് മോദിയുടെ മന്‍ കി ബാത്ത്. ശിവസേനയുടെ നേതാക്കളെ ഉന്നംവച്ചുള്ളതാണ് പ്രസ്താവനയെന്നാണ് സൂചന. എന്നാല്‍ പാര്‍ലമെന്റംഗം സാക്ഷി മഹാരാജിനെപ്പോലെയുള്ള ബി.ജെ.പി നേതാക്കള്‍ തന്നെ ഇപ്പോഴും പ്രകോപനമായ പ്രസ്താവനകള്‍ നടത്തുന്നുണ്ട്. രാമക്ഷേത്ര നിര്‍മാണം ഡിസംബര്‍ ആറിന് തുടങ്ങുമെന്നാണ് സാക്ഷി മാഹാരാജ് നേരത്തെ പറഞ്ഞത്.
നവംബര്‍ 17ന് മുന്‍പ് അയോധ്യ കേസില്‍ വിധി വരാനിരിക്കേയാണ് മോദിയുടെ മന്‍ കി ബാത്തിലെ പ്രസംഗം. വാദം പൂര്‍ത്തിയായ കേസില്‍ ഏതു ദിവസവും വിധി വന്നേക്കാം. ഇതു കണക്കിലെടുത്ത് അയോധ്യയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."