നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഉദുമയില്‍ അരങ്ങൊരുങ്ങുന്നു
ഉദുമ: മാനവികതയെ അടിസ്ഥാനമാക്കി പുതിയ ലോക ക്രമത്തെ അടയാളപ്പെടുത്തല്‍, നാടിന്റെ സംസ്‌കൃതി തൊട്ടറിയല്‍, അരികു വല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് സ്വാന്തനമേകല്‍, നവോഥാന മൂല്യങ്ങള്‍ സംരക്ഷിക്കല്‍ എന്നിവ ലക്ഷ്യം വച്ച് ഉദുമയില്‍ അരങ്ങൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഉദുമ കണ്ണിക്കുളങ്ങര കലാ കായിക സാംസ്‌കാരിക സമിതി കുട്ടികളിലെ അഭിനയ മികവിന് തിളക്കം കൂട്ടാന്‍ നാടക സിനിമ പഠനക്കളരി നടത്തി. ഉദുമ പഞ്ചായത്ത് കമ്മ്യുണിറ്റി ഹാളിലാണ് കുട്ടികളുടെ അവധിയാഘോഷം അരങ്ങിന്റെ ഭാഗമായത്. ഒരു ദിവസത്തെ പാഠശാലയില്‍ ഒട്ടനവധി പ്രമുഖര്‍ കുട്ടികളുമായി സംവദിച്ചു. ചിലര്‍ മികച്ച കഥാപാത്രങ്ങളായി. മറ്റു ചിലര്‍ സ്വന്തമായി കഥ പറഞ്ഞ് സംവിധായകരായി. നല്ല ശബ്ദത്തിനുടമകളായവര്‍ അങ്ങനെയും പരിശീലിച്ചു. രംഗപടമൊരുക്കുന്നതില്‍ വരെയെത്തി കുട്ടിക്കൂട്ടത്തിന്റെ നാടക സിനിമ പരിശീലനം. പലര്‍ക്കും നാടകമെന്ന കലയെക്കുറിച്ചും സ്വന്തം മികവിലും ആത്മവിശ്വാസം ലഭിച്ചു. രചന, അഭിനയം, സംവിധാനം, ഛായാഗ്രഹണം എന്നിവയെ കുറിച്ച് കുട്ടികള്‍ക്ക് കൂടുതലറിയാന്‍ സാധിച്ചു. 50 കുട്ടികളാണ് പാഠശാലയില്‍ സംബന്ധിച്ചത്.
ഗോപി കുറ്റിക്കോല്‍(നാടകം ) ജയന്‍ മാങ്ങാട് ( സിനിമ) സചീന്ദ്രന്‍ കാറഡുക്ക (ചിത്രകല ) ഉദയന്‍ കാടകം (നാടന്‍ പാട്ട്) എന്നിവര്‍ ക്ലാസെടുത്തു. ക്യാംപിലെത്തിയവര്‍ ചേര്‍ന്ന് 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രവും നിര്‍മിച്ചു. ക്യാംപില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 25 കുട്ടികള്‍ക്ക് ഇനിയുള്ള ഒരോ ഞായറാഴ്ചകളിലും ഉച്ചക്ക് ശേഷം സൗജന്യമായി തുടര്‍ ക്ലാസുകള്‍ നല്‍കും. കഥാകൃത്ത് ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് കുട്ടികളോട് സംസാരിച്ചു.
പരിപാടിയില്‍ ആര്‍.കെ.കവ്വായിയും നെഫ് ടൂണ്‍ ചൗക്കിയും മാജിക് ഷോ, ഷെഫീര്‍ കുറ്റ്യാടി പാട്ട് എന്നിവ അവതരിപ്പിച്ചു. ചടങ്ങ് ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. കെ.വി.ജയപ്രകാശ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ: ഡി. സജിത് ബാബു മുഖ്യാതിഥിയായിരുന്നു. വേണു മാങ്ങാട്, കുഞ്ഞികൃഷ്ണന്‍ മാങ്ങാട്, ഗോപി കുറ്റിക്കോല്‍, സൗഭാഗ്യ സുജിത് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."