ഗെയില്‍: മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യാനാകില്ല
എന്‍.സി ഷെരീഫ് കിഴിശ്ശേരി
മഞ്ചേരി: നിര്‍ദിഷ്ട കൊച്ചി മംഗലാപുരം ഗെയില്‍ വാതക പൈപ്പ്‌ലൈന്‍ പദ്ധതിയുടെ പ്രവൃത്തിക്ക് വീണ്ടും ഹൈക്കോടതിയുടെ സ്റ്റേ. അരീക്കോട് പഞ്ചായത്തിലെ മുണ്ടമ്പ്ര ഐ.ടി.ഐയില്‍ പ്രവൃത്തി തടഞ്ഞതിന് പിന്നാലെയാണ് പൊന്മള പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡായ ചൂനൂരിലും ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവിറങ്ങിയത്. ഇതോടെ അടുത്ത വര്‍ഷം മാര്‍ച്ചില്‍ പദ്ധതി കമ്മിഷന്‍ ചെയ്യാനുള്ള തീരുമാനം നടപ്പാകാതെ വരുമെന്നാണ് വിവരം.
ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധ പരിപാടികളായിരുന്നു നടന്നിരുന്നത്. അരീക്കോട്ടും പൊന്മളയിലും പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ ഇരകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നതും സര്‍വേ നടപടികള്‍ നിയമപ്രകാരം നടന്നില്ലെന്നതുമാണ് അരീക്കോട്ടും പൊന്മളയിലും ഗെയിലിന് തിരിച്ചടി നേരിടാന്‍ കാരണം. ഇതേ കാരണം ചൂണ്ടിക്കാട്ടിയാണ് സമരപരിപാടികളില്‍ പൊലിസ് അതിക്രമം നേരിട്ട ഇരകള്‍ കോടതിയെ സമീപിക്കുന്നത്. ഇവരെ സഹായിക്കുന്നതിനായി അഭിഭാഷകരും രംഗത്ത് വന്നിട്ടുണ്ട്.
പഴയ സര്‍വേ പ്രകാരമുള്ള പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനുള്ള നടപടികള്‍ ഉണ്ടായതോടെയാണ് അരീക്കോട് മുണ്ടമ്പ്ര ഐ.ടി.ഐ ഭാഗത്തെ ഭൂമിയില്‍ ഗെയിലിന്റെ പ്രവൃത്തി തടഞ്ഞു കൊണ്ട് കോടതി ഉത്തരവായത്. 3,000 കോടിയുടെ പദ്ധതിയാണെന്നും പ്രവൃത്തി തുടരാന്‍ അനുവദിക്കണമെന്നും ഗെയില്‍ അധികൃതര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കികൊണ്ടാകണം പ്രവൃത്തി നടത്തേണ്ടതെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. സമാനമായ രീതിയില്‍ തന്നെയാണ് പൊന്മള പഞ്ചായത്തിലെ ചൂനൂരിലും ഗെയില്‍ പ്രവൃത്തി നടത്തിയത്. ചൂനൂരില്‍ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് കോടതി വിധി ഉണ്ടായിരിക്കുന്നത്. പൊന്മളയില്‍ ചൂനൂര്‍ സ്വദേശികളായ അഴുവളപ്പില്‍ ജുബൈരിയ, പുലിമടക്കല്‍ സുബൈദ, അഴുവളപ്പില്‍ സിദ്ദീഖ്, ചേരാപ്പുറത്ത് പത്തുമ്മ എന്നിവരാണ് കോടതിയെ സമീപിച്ചത്. കോടതി പ്രവൃത്തി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടതോടെ പ്രവൃത്തി ഇനിയും നീളാനാണ് സാധ്യത. ജില്ലയില്‍ ഇരിമ്പിളിയം, എടയൂര്‍, പൊന്മള, കോഡൂര്‍, പൂക്കോട്ടൂര്‍, പുല്‍പ്പറ്റ, കാവനൂര്‍, അരീക്കോട്, കിഴുപറമ്പ് പഞ്ചായത്തുകളിലൂടെയും വളാഞ്ചേരി, മലപ്പുറം, മഞ്ചേരി നഗരസഭാ പരിധിയിലൂടെയുമാണ് ഗെയില്‍ കടന്നുപോകുന്നത്. രണ്ടിടങ്ങളില്‍ അനുകൂല വിധി സമ്പാധിക്കാനായതോടെ പതിനഞ്ചോളം പ്രദേശങ്ങളിലെ ഇരകള്‍ കോടതി കയറാനിരിക്കുകയാണ്.
അരീക്കോട്ടും പൊന്മളയിലും അഡ്വ.പി.സി മുഹമ്മദ് നൗഷിഖ് അരീക്കോടാണ് ഇരകള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."