കനത്തമഴയില്‍ ജില്ലയില്‍ പരക്കെ നാശനഷ്ടം
കൊല്ലം: കാലവര്‍ഷം ജില്ലയില്‍ കനത്തതോടെ നാടുംനഗരവും വെള്ളത്തിലായി. തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷമായതോടെ ജനജീവിതവും ദുരിതത്തിലായി. ജില്ലയിലെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാംപുകളും പ്രവര്‍ത്തനം തുടങ്ങി. വെള്ളം നിറഞ്ഞ റോഡുകളില്‍ ഗതാഗതം താറുമാറായി. ഉരുള്‍പൊട്ടല്‍ ഭീഷണിനേരിടുന്ന ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളില്‍ മഴ കനത്ത നാശമാണ് വിതച്ചത്. കാറ്റില്‍ വൃഷശിഖരങ്ങള്‍ ഒടിഞ്ഞുവീണതോടെ ഗതാഗതവും പലയിടങ്ങളിലും തടസപ്പെട്ടു. കൊല്ലം നഗരത്തിന്റെ താഴന്ന്ഭാഗങ്ങള്‍ വെള്ളത്തിലായതോടെ ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളില്‍ പാര്‍പ്പിച്ചുതുടങ്ങി. ചവറ,കരുനാഗപ്പള്ളി,ഓച്ചിറ,ശാസ്താംകോട്ട,കൊട്ടാരക്കര,പുനലൂര്‍,പത്തനാപുരം,അഞ്ചല്‍,കടയ്ക്കല്‍,ചടിയമംഗലം,ചാത്തന്നുര്‍,പരവൂര്‍,കൊട്ടിയം,ഇരവിപുരം,അഞ്ചാലുമ്മൂട്,കുണ്ടറ തുടങ്ങിയ പ്രദേശങ്ങളിലെ മിക്ക മേഖലകളിലും മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. കല്ലടയാറ് കരകവിഞ്ഞതോടെ ആറിന്റെ തീരപ്രദേങ്ങളില്‍ ദുരതം വര്‍ദ്ധിച്ചു. ഏനാത്ത് ബെയ്‌ലി പാലത്തില്‍ വെള്ളംകയറിയതോടെ പാലം താല്‍ക്കാലികമായി അടച്ചു. മണ്‍ട്രോത്തരുത്തിലെ ഉള്‍ഭാഗങ്ങളില്‍ വരെ ആറ്റുവെള്ളം കയറി. ആറ്റുവെള്ളം അഷ്ടമുടി,പരവൂര്‍ കായലുകളില്‍ എത്തിയതോടെ മല്‍സ്യത്തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടമായി.
മഴയില്‍ കൊട്ടാരക്കര ടൗണ്‍ വെള്ളക്കെട്ടായി മാറി. വാഹന ഗതാഗതം ദുഷ്‌കരമാകുംവിധമാണ് ടൗണില്‍ എം.സി റോഡിന്റെയും നാഷണല്‍ ഹൈവേയുടെയും വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുള്ളത്. ലോട്ടസ് ജങ്ഷന്‍, പുലമണ്‍,രവിനഗര്‍ ഭാഗം,ലോവര്‍കരിക്കം, ചന്തമുക്ക്, റയില്‍വേ സ്റ്റേഷന്‍ ഭാഗം എന്നിവിടങ്ങളില്‍ മഴപെയ്താല്‍ വെള്ളക്കെട്ടാണ്. ചെറിയ മഴപെയ്താല്‍ പോലും ഈ ഭാഗങ്ങളില്‍ വെള്ളം നിറയുക പതിവാണ്.മാലിന്യം നിറഞ്ഞ ഈ വെള്ളത്തിലൂടെ വേണം കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കേണ്ടത്. ഓടകള്‍ അടഞ്ഞു കിടക്കുന്നതും എം.സി.റോഡ് നിര്‍മ്മാണത്തിലെ അപാകതയുമാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണം.
മഴക്കാലത്തിന്റെ മുന്നോടിയായി ഓട വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ റോഡ് അധികൃതരുടെ ഭാഗത്തു നിന്നോ മുന്‍സിപ്പാലിറ്റിയുടെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല. ഓടകള്‍ അടഞ്ഞു കിടക്കുന്നതുമൂലം മഴവെള്ളം ഒഴുകി പോകാന്‍ കഴിയാതെ റോഡില്‍ കെട്ടിക്കിടക്കുന്നതാണ് വെള്ളക്കെട്ട് സൃഷ്ടിക്കുന്നത്. എം.സി.റോഡ് നവീകരണത്തിന്റെ അശാസ്ത്രീയതും റോഡില്‍ വെള്ളം നിറയുന്നതിന് കാരണമായി ചൂണ്ടികാണിക്കപ്പെടുന്നു. കൊട്ടാരക്കര ടൗണിലും മഴപെയ്താല്‍ വെള്ളക്കെട്ടാണ്. റയില്‍വേ സ്റ്റേഷന്‍ മുതല്‍ പുലമണ്‍ കവലവരെയുള്ള ഭാഗങ്ങളില്‍ മഴപെയ്താല്‍ റോഡ് നിറഞ്ഞൊഴുകുകയും ഇരുവശമുള്ള കടകളിലേക്ക് വെള്ളം കയറുന്നതും പതിവ് കാഴ്ചയാണ്. ഈ ഭാഗങ്ങളിലെ ഓടകള്‍ എല്ലാം അടഞ്ഞിരിക്കുകയാണ്. പൊതുവേ ഗതാഗത സ്തംഭനം അനുഭവപ്പെടുന്ന പുലമണ്‍ കവലയില്‍ വെള്ളക്കെട്ട് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നു.
കരുനാപ്പള്ളി,ആലപ്പാട്,അഴീക്കല്‍,ചവറ പുത്തന്‍തുറ, കോവില്‍ത്തോട്ടം,ഇരവിപുരം,ബീച്ച്,മുണ്ടക്കല്‍ എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. അഞ്ചലില്‍ ശക്തമായ കാറ്റിലും മഴയിലും വന്‍നാശനഷ്ടം. ശക്തമായ കാറ്റില്‍ വന്‍മരം കടപുഴകി ലൈന്‍കമ്പിക്ക് മുകളിലൂടെ റോഡിനു കുറുകെ വീണത് ജനങ്ങളെ പരിഭ്രാന്തരാക്കി. ആലഞ്ചേരി-കരുകോണ്‍ റോഡ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
മരം കടപഴുകി വീണപ്പോള്‍ തന്നെ നാട്ടുകാര്‍ കെ.എസ്ഇ.ബിയിലും, പൊലിസ് സ്റ്റേഷനിലും, ഫയര്‍സ്റ്റേഷനിലും അറിയിച്ചു. എന്നാല്‍ തൊട്ടടുത്തുള്ള ഇലക്ട്രിസിറ്റി ഓഫിസില്‍ നിന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരെയെത്തില്ല. 14 കിലോമീറ്റര്‍ ഫയര്‍ഫോഴ്‌സ് വാഹനം ഓടിയെത്തിയിട്ടും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ ഇല്ലാത്തതിനാല്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നിസഹായരായി. നാട്ടുകാര്‍ വീണ്ടും പല തവണ അഞ്ചല്‍ കെഎസ്ഇബി ഓഫീസിലും ഉയര്‍ന്ന ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടതിനു ശേഷം മാത്രമാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്. നാട്ടുകാരുടെയും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരുടെയും സമയോചിതമായ ഇടപെടല്‍ അപകടം ഒഴിവാക്കാന്‍ സഹായമായി.
അപകടസ്ഥലത്ത് ആദ്യം എത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടുന്ന കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് കുറ്റകരമായ വീഴ്ചയാണ് ഉണ്ടായത്. കഴിഞ്ഞദിവസം രാത്രി പരവുര്‍ റയില്‍വേസ്‌റ്റേഷനു അടുത്ത് അശാന്റഴികം ജങ്ഷനു സമീപം വയല്‍ റോഡിലെ മനോജിന്റെ വീടിന്റെ മതില്‍ തകര്‍ന്നു വീണിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."