ജങ്ക് ഫുഡും മൊബൈല്‍ ഫോണും നിരോധിക്കുമ്പോള്‍
ജങ്ക് ഫുഡിന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയും മൊബൈല്‍ ഫോണുകള്‍ സ്‌കൂളുകളില്‍ ഉപയോഗിക്കുന്നതിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും വിലക്ക് ഏര്‍പ്പെടുത്തിയത് യാദൃച്ഛികമാണെങ്കിലും കുട്ടികളുടെ ശാരീരിക-മാനസികാരോഗ്യവുമായി ഈ രണ്ട് വസ്തുക്കളും ബന്ധപ്പെട്ടു കിടക്കുന്നു എന്നതാണ് വസ്തുത. ഇവ രണ്ടിനും ഒറ്റയടിക്ക് നിരോധനം വരുന്നതില്‍ ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റിയെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെയും അഭിനന്ദിക്കാം.
സ്‌കൂളുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡ് വില്‍പനയും അത് സംബന്ധിച്ചുള്ള പരസ്യങ്ങളും നിരോധിക്കണമെന്ന് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി കരട് നിയമത്തില്‍ ശുപാര്‍ശ ചെയ്തിട്ടേയുള്ളൂ. നിരോധനം ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജങ്ക് ഫുഡ്ഡും മൊബൈല്‍ ഫോണുകളും വളരുന്ന തലമുറയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ കാര്‍ന്ന് തിന്നുകൊണ്ടിരിക്കുകയാണ്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഈ വസ്തുത കുട്ടികളുടെ രക്ഷിതാക്കള്‍ വേണ്ടത്ര ഗൗനിക്കുന്നില്ല. ഒക്ടോബര്‍ 16നായിരുന്നു ലോക ഭക്ഷ്യദിനം. 2030ഓടെ വിശപ്പ് രഹിത ലോകം എന്നതായിരുന്നു ഈ വര്‍ഷത്തെ മുദ്രാവാക്യം. ഭക്ഷണം പാഴാക്കുന്നതിനെതിരായ ബോധവല്‍ക്കരണവും കൂടിയായിരുന്നു ഈ വര്‍ഷത്തെ ലോക ഭക്ഷ്യദിനം കൊണ്ട് ഉദ്ദേശിച്ചത്. അതോടൊപ്പംതന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ് ആരോഗ്യകരമായ ഭക്ഷണരീതി. കഴിക്കുന്ന ഭക്ഷണത്തോട് ബന്ധപ്പെട്ട് കിടക്കുന്നതാണ് ആരോഗ്യം. വിറ്റാമിനും മിനറല്‍സും നാരുകളുമടങ്ങിയ പോഷക സമൃദ്ധമായ ആഹാരങ്ങള്‍ തീന്‍മേശയില്‍ ഉള്‍പ്പെടുത്തുക എന്നതാണ് ആരോഗ്യകരമായ ജീവിതത്തിന്റെ അടിസ്ഥാനം. എന്നാല്‍ പുതിയ കാലത്ത് ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങള്‍ പല കുടുംബങ്ങളില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു. മധ്യവര്‍ഗ്ഗ കുടുംബങ്ങളിലാണ് ഈ പ്രവണത ഏറെയും പ്രകടമാകുന്നത്. പാര്‍സല്‍ വാങ്ങുന്നതിനപ്പുറം ജങ്ക് ഫുഡ്ഡുകളെ ആശ്രയിക്കുന്നു ഇത്തരം കുടുംബങ്ങള്‍.
മാതാപിതാക്കള്‍ ജോലിയുള്ളവരാണെങ്കില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്‌കൂളിലേക്ക് കൊടുത്തയക്കുവാന്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിന് പകരം ആശ്രയിക്കുന്നത് ജങ്ക് ഫുഡാണ്. ഇതിന്റെ മാരകവശം ആലോചിക്കാതെയാണ് പല കുടുംബങ്ങളും കുട്ടികളുടെ ടിഫിന്‍ബോക്‌സുകളില്‍ ബര്‍ഗറും പിസയും കുത്തിനിറക്കുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷണം എന്നതിനപ്പുറം രോഗങ്ങളുടെ കലവറയാണ് ഇതുവഴി ടിഫിന്‍ബോക്‌സുകളില്‍ കുത്തിനിറക്കപ്പെടുന്നത്. കൊഴുപ്പും പഞ്ചസാരയും ഉപ്പും അമിതമായി ചേര്‍ത്തുണ്ടാക്കുന്ന ഇത്തരം ഭക്ഷണപദാര്‍ഥങ്ങള്‍ കുട്ടികള്‍ക്ക് രുചികരമായി അനുഭവപ്പെടുമെങ്കിലും ചെറുപ്രായത്തില്‍തന്നെ രോഗാതുരമായ ഒരു ജീവിതത്തിലേക്കാണ് അവര്‍ കാലെടുത്ത് വെക്കുന്നത്.
നിരവധി തവണ പാകം ചെയ്ത എണ്ണയാണ് ജങ്ക് ഫുഡുകളിലും ഫാസ്റ്റ് ഫുഡുകളിലും ചേര്‍ക്കുന്നത്. ഇത് ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരവുമാണ്. കലോറി കൂടുതല്‍ അടങ്ങിയ ഇത്തരം ഭക്ഷ്യവസ്തുക്കളില്‍ പോഷകമൂല്യങ്ങള്‍ ഉണ്ടാവുകയില്ല. ഒരാഴ്ചയില്‍ ഒരു പ്രാവശ്യം ജങ്ക് ഫുഡ് കഴിച്ചാല്‍ അത് പൊണ്ണത്തടിക്ക് കാരണമാകുമെന്നും ഒരാഴ്ചയില്‍ രണ്ടു പ്രാവശ്യം കഴിച്ചാല്‍ അത് ഹൃദ്രോഗത്തിനും കാരണമാകുമെന്നും അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ ജങ്ക് ഫുഡിനെക്കുറിച്ചും ഫാസ്റ്റ് ഫുഡ്ഡിനെക്കുറിച്ചും നടത്തിയ പഠനത്തില്‍നിന്നും വെളിപ്പെട്ടതാണ്. വളരെ ചെറുപ്പത്തില്‍തന്നെ കുട്ടികള്‍ പൊണ്ണത്തടിയന്മാരായി കുടവയറുകളോടെ കഴിയേണ്ടിവരിക എന്നത് ദുഃഖകരംതന്നെ. അതേപോലെതന്നെ ഇവരെ രക്തസമ്മര്‍ദ്ദവും ഡയബറ്റിക്‌സും കാന്‍സറും വിഷാദരോഗവും മാനസിക സമ്മര്‍ദ്ദവും തുടങ്ങി പല രോഗങ്ങളും പിടികൂടുന്നു. ബര്‍ഗറിനും പിസക്കും മക്കള്‍ക്ക് പണം കൊടുക്കുന്ന പല രക്ഷിതാക്കളും ഇത് സംബന്ധിച്ച് ബോധവാന്മാരല്ല.
ചപ്പുചവറുകള്‍ എന്ന അര്‍ഥം വരുന്ന ജങ്ക് എന്ന വാക്ക് അതിന്റെ മുഴുവന്‍ സത്തയും ഉള്‍കൊള്ളുന്നു എന്നത് അത്ഭുതകരംതന്നെ. നാരുകള്‍ ഇത്തരം ഭക്ഷണത്തില്‍ ഇല്ലാത്തതിനാലാണ് അവ ദഹനപ്രക്രിയയെ താളംതെറ്റിക്കുന്നത്. അമിതമായ പഞ്ചസാര ഉപയോഗിക്കുന്നതിനാല്‍ കുട്ടികളില്‍ ക്ഷീണവും വിശപ്പും വര്‍ധിക്കുന്നു. വീണ്ടും ഇതുതന്നെ വാങ്ങി കഴിക്കുമ്പോള്‍ മാരകമായ അവസ്ഥയിലേക്കാണ് കുട്ടികള്‍ എത്തുന്നത്.
മൊബൈല്‍ ഫോണുകളുടെ ഉപയോഗവും ജങ്ക് ഫുഡ് ഭക്ഷണവും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ഫോണുകളിലെ കാര്‍ട്ടൂണുകളിലും ഫേസ്ബുക്കുകളിലും നോക്കി ജങ്ക് ഫുഡ് കഴിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ മാരകമായ രോഗങ്ങള്‍ക്കാണ് ഇടംകൊടുക്കുന്നത്.
സ്‌കൂളുകളിലാകട്ടെ അധ്യാപകര്‍തന്നെ സദാനേരവും ഫോണുകളില്‍ കഴിയുന്നത് കാണാം. ഇതുകാരണം ഇവര്‍ക്ക് നേരെചൊവ്വെ കുട്ടികളെ പഠിപ്പിക്കാനാവുന്നില്ല. കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാനുമാകുന്നില്ല. വീട്ടിലാണെങ്കില്‍ അച്ഛനും അമ്മയും മക്കളും മൊബൈല്‍ ഫോണുകളില്‍ മുഴുകി അവരവരുടെ ലോകങ്ങളില്‍ അഭിരമിക്കുന്നു. കുടുംബങ്ങളില്‍ പരസ്പരമുള്ള സംസാരങ്ങള്‍പോലും മൊബൈല്‍ ഫോണുകള്‍ കവര്‍ന്നെടുത്തിരിക്കുന്നു. ഇത്തരമൊരവസരത്തില്‍ സ്‌കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വിലക്കികൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം അഭിനന്ദനാര്‍ഹം തന്നെ. അതോടൊപ്പംതന്നെ മൊബൈല്‍ ഫോണുകളുടെ ദുരുപയോഗത്തെ സംബന്ധിച്ച് ജങ്ക് ഫുഡുകളും ഫാസ്റ്റ് ഫുഡ്ഡുകളും വരുത്തുന്ന മാരക രോഗങ്ങളെക്കുറിച്ച് പി.ടി.എ യോഗങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് ഫലപ്രദമായിരിക്കും. സ്‌കൂളുകളിലെ ജങ്ക് ഫുഡും മൊബൈല്‍ ഫോണ്‍ ഉപയോഗങ്ങളും വിലക്കികൊണ്ടുള്ള ദേശീയ ഭക്ഷ്യസുരക്ഷാ അതോറ്റിയുടെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയും തീരുമാനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."