നിയമസഭാ മന്ദിരത്തിലെ നിര്‍മാണത്തിലും ആശങ്ക; ചര്‍ച്ച വേണ്ടെന്ന് സ്പീക്കറുടെ റൂളിങ്
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിനുള്ളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷം അറിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്. നിയമസഭയില്‍ ബില്ലിന്റെ ചര്‍ച്ചക്കിടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയിലെ ശങ്കരനാരായണന്‍ തമ്പി ബാന്‍ക്വിറ്റ് ഹാളില്‍ നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി ആരോപണം ഉന്നയിച്ചത്.
എന്നാല്‍ ഇത് ക്രമപ്രശ്‌നമാണെന്നും സഭയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സ്പീക്കര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ചട്ടം അനുസരിച്ച് സഭയില്‍ ചര്‍ച്ച ചെയ്യാറില്ലെന്നും ഭരണപക്ഷ എം.എല്‍.എ രാജു എബ്രഹാം വ്യക്തമാക്കി.
ഇതോടെ വിഷയത്തില്‍ ഇടപെട്ട് സ്പീക്കര്‍ പ്രത്യേക റൂളിങ് നല്‍കി.
നിയമസഭാ മന്ദിരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്പീക്കറുടെ പരിധിയില്‍ വരുന്നതാണെന്നും അവ സഭയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്യുന്ന കീഴ്‌വഴക്കമില്ലെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
ചര്‍ച്ചകള്‍ പുറത്തു സ്പീക്കറുടെ ചേംബറില്‍ ആകാമെന്നും സ്പീക്കര്‍ റൂളിങ് നല്‍കി.
ലോകകേരള സഭ ചേരുന്നതിന് സ്ഥിരം വേദി വേണമെന്ന തീരുമാനപ്രകാരം അന്താരാഷ്ട്ര നിലവാരമുള്ള കോണ്‍ഫറന്‍സ് ഹാളിന്റെ നിര്‍മാണമാണ് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് അടക്കമുള്ളവരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നതായും സ്പീക്കര്‍ വ്യക്തമാക്കിയതോടെ അംഗങ്ങള്‍ ആ വിഷയത്തിലുള്ള ചര്‍ച്ച അവസാനിപ്പിച്ചു.
കാര്‍ഷിക കടാശ്വാസ ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ വി.പി സജീന്ദ്രനാണ് ഊരാളുങ്കല്‍ സൊസൈറ്റി സഭയില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളെപ്പറ്റി പരാമര്‍ശം നടത്തിയത്. അപ്പോള്‍ ചെയറില്‍ ഇ.എസ് ബിജിമോളായിരുന്നു. സഭയെയും സ്പീക്കറെയും നേരിട്ട് ബാധിക്കുന്ന വിഷയമായതിനാല്‍ സ്പീക്കര്‍ വേഗത്തില്‍ വന്ന് ചെയറില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്നാണ് രാജു എബ്രഹാം ക്രമപ്രശ്‌നം ഉന്നയിച്ചതും സ്പീക്കര്‍ റൂളിങ് നല്‍കിയതും.
സഭയിലും എല്‍.എ.എ ഹോസ്റ്റലിലും നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രതിപക്ഷം അറിയുന്നില്ലെന്നും സ്പീക്കര്‍ ജനാധിപത്യ മര്യാദ പ്രകാരം പ്രതിപക്ഷത്തോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യാത്ത വിഷയം പ്രതിപക്ഷ നേതാക്കള്‍ സംയുക്തമായി സ്പീക്കറെ കണ്ട് ധരിപ്പിക്കാന്‍ ഇരിക്കുന്നതിനിടയിലാണ് സ്പീക്കറുടെ റൂളിങ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."