കോഴിക്കടത്ത്; കരുവാരക്കുണ്ടില്‍ രണ്ടുവാഹനങ്ങള്‍ പിടികൂടി
കരുവാരക്കുണ്ട്: നികുതി വെട്ടിച്ച് ജില്ലയിലെ വിവിധ മേഖലകളില്‍ വിതരണത്തിനു കൊണ്ടുവന്ന കോഴിക്കുഞ്ഞുങ്ങളടക്കം രണ്ടുവാഹനങ്ങളെയും കരുവാരക്കുണ്ട് പൊലിസ് പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും പാലക്കാടു വഴി വട്ടമലയിലൂടെ ജില്ലയിലേക്കു കോഴിക്കുഞ്ഞുങ്ങളെ കടത്തിയ വാഹനമാണ് എസ്.ഐ ജോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.
കോഴിക്കുഞ്ഞുങ്ങളെ വാണിജ്യ വകുപ്പിനു കൈമാറി. നികുതി വെട്ടിച്ചു ജില്ലയിലേക്ക് ഈ വഴിയുളള കോഴി കടത്തല്‍ വ്യാപകമാണ്. ഇതേത്തുടര്‍ന്നാണു പൊലിസ് ഈ മേഖലകളില്‍ നിരീക്ഷണം ശക്തിപെടുത്തിയത്.
ശനിയാഴ്ച രാവിലെ ഒന്‍പതിനാണു രണ്ടു വാഹനങ്ങളിലായി 250 പെട്ടികളിലായി 20,000 കോഴിക്കുഞ്ഞുങ്ങളെ ഇവര്‍ കൊണ്ടുവന്നത്. വട്ടമലയില്‍ വെച്ചു പൊലിസ് വാഹനങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടങ്കിലും പൊലിസിനെ വെട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിന്തുടര്‍ന്ന പൊലിസ് കക്കറയില്‍ വെച്ചു ഒരു ലോറി പിടികൂടി. രണ്ടാമത്തെ വാഹനം വാണിയമ്പലത്തില്‍ നിന്നാണു പിടികൂടിയത്.
ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. നിലമ്പൂര്‍ വാണിജ്യ വകുപ്പ് ഓഫിസര്‍ ബിജേഷ് കരുവാരക്കുണ്ട് പൊലിസ് സ്റ്റേഷനില്‍ എത്തി ഉടമകളില്‍നിന്നു പിഴ ഈടാക്കിയ ശേഷമാണു കോഴിക്കുഞ്ഞുങ്ങളെ വിട്ടുനല്‍കിയത്. എ എസ് ഐ സാജന്‍ ഏബ്രഹാം, സി പി ഒ മാരായ ഗോപാലകൃഷ്ണന്‍, സന്ദീപ്, ഉല്ലാസ് എന്നിവരുടെ നേതൃത്വത്തിലാണു വാഹനങ്ങള്‍ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."