പ്രവാചകനെ പഠിച്ച മോണ്ട്‌ഗോമറി വാട്ട്
സ്‌കോട്ടിഷ് ചരിത്രകാരന്‍, ആംഗ്ലിക്കന്‍ പുരോഹിതന്‍, അക്കാദമീഷ്യന്‍, ഓറിയന്റലിസ്റ്റ്, അമുസ്‌ലിമായ പാശ്ചാത്യ ഇസ്‌ലാമിക പണ്ഡിതന്‍, ഗ്രന്ഥകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് എഡിന്‍ബറോ സര്‍വകലാശാലയില്‍ അറബിക് ആന്‍ഡ് ഇസ്‌ലാമിക് സ്റ്റഡീസ് പ്രൊഫസറായിരുന്ന വില്യം മോണ്ട്‌ഗോമറി വാട്ട് (1909- 2006). 1964- 79 കാലത്താണ് എഡിന്‍ബറോ സര്‍വകലാശാലയില്‍ അദ്ദേഹം അധ്യാപകനായിരുന്നത്. 'അവസാനത്തെ ഓറിയന്റലിസ്റ്റ്' എന്നാണ് വാട്ട് അറിയപ്പെടുന്നത്. വിവിധ സര്‍വകലാശാലകളില്‍ സന്ദര്‍ശക പ്രൊഫസറായി അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
ഇസ്‌ലാമിക ദൈവശാസ്ത്രം, തത്വചിന്ത, ചരിത്രം, രാഷ്ട്രമീമാംസ തുടങ്ങിയ വിഷയങ്ങളില്‍ ധാരാളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള മോണ്ട്‌ഗോമറി വാട്ടിന്റെ രണ്ട് പ്രശസ്ത പ്രവാചക ജീവചരിത്ര ഗ്രന്ഥങ്ങളാണ് 1953 ല്‍ പ്രസിദ്ധീകരിച്ച 'മുഹമ്മദ് അറ്റ് മക്ക', 1956 ല്‍ പ്രസിദ്ധീകരിച്ച 'മുഹമ്മദ് അറ്റ് മദീന' എന്നിവ. ഈ രണ്ടു കൃതികളും ഒറ്റ വാള്യത്തില്‍ സംഗ്രഹിച്ച് 1961ല്‍ 'മുഹമ്മദ്: പ്രൊഫറ്റ് ആന്‍ഡ് സ്റ്റേറ്റ് മാന്‍' എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചു. ആദ്യം പറഞ്ഞ രണ്ടെണ്ണമാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത ഗ്രന്ഥങ്ങള്‍.
തലവാചകം സൂചിപ്പിക്കുന്നത് പോലെ പ്രവാചകന്റെ മക്കാ ജീവിത ഘട്ടമാണ് 'മുഹമ്മദ് അറ്റ് മക്ക'യുടെ പ്രമേയം. മദീനയിലേക്കുള്ള പലായനം വരെയുള്ള സംഭവങ്ങള്‍ ഈ വോള്യത്തില്‍ വിശകലന വിധേയമാവുന്നു. ആറു ഭാഗങ്ങളായാണ് ഉള്ളടക്കത്തിന്റെ ക്രമീകരണം. ഒന്നാംഭാഗത്തില്‍ നാല് അധ്യായങ്ങളിലായി അറേബ്യയുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക, മത, ബൗദ്ധിക പശ്ചാത്തലം അപഗ്രഥിക്കുന്നു. രണ്ടാം ഭാഗത്തില്‍ ആറ് അധ്യായങ്ങളിലായി പ്രവാചകന്റെ ജനനം, കുട്ടിക്കാലം, ഖദീജാ ബീവിയുമായുള്ള വിവാഹം, പ്രവാചകത്വം, മക്കാ കാലഘട്ടത്തിലെ സംഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മൂന്നാം ഭാഗത്തില്‍ നാല് അധ്യായങ്ങള്‍ ഉണ്ട്. ഇസ്‌ലാമിന്റെ സന്ദേശമാണ് പ്രതിപാദ്യവിഷയം. ആദ്യകാല വെളിപാടുകളുടെ സാരാംശം, അവയുടെ സമകാലീന പ്രസക്തി എന്നിവ ഈ ഭാഗത്ത് ആലോചനാവിധേയമാക്കിയിരിക്കുന്നു. പ്രഥമ മുസ്‌ലിംകളെ കുറിച്ചാണ് നാലാം ഭാഗം. പ്രവാചകത്വത്തിന്റെ തുടക്കത്തില്‍ ഇസ്‌ലാം സ്വീകരിച്ച വ്യക്തികളെ കുറിച്ചുള്ള വിവരണങ്ങള്‍ ആണ് മൂന്ന് അധ്യായങ്ങളിലായി ഈ ഭാഗത്ത് നല്‍കിയിരിക്കുന്നത്. അഞ്ചാം ഭാഗം പ്രവാചകന്‍ നേരിട്ട പ്രതിസന്ധികളെയും എതിര്‍പ്പുകളെയും സംബന്ധിച്ചുള്ളതാണ്. ഖുര്‍ആനിനോടുള്ള എതിര്‍പ്പ്, അബ്‌സീനിയന്‍ പലായനം, ഖുര്‍ആന്റെ സാക്ഷ്യം, ശത്രുപക്ഷത്തെ നേതാക്കള്‍, അവരുടെ തന്ത്രങ്ങള്‍ എന്നിവ അഞ്ച് അധ്യായങ്ങളിലായി വിവരിച്ചിരിക്കുന്നു. 'വികസിക്കുന്ന ചക്രവാളങ്ങള്‍' എന്ന് ശീര്‍ഷകം നല്‍കിയിരിക്കുന്ന ആറാം ഭാഗത്ത് ആറ് അധ്യായങ്ങളില്‍ പ്രവാചകന്റെ ത്വാഇഫ് യാത്ര, നാടോടി ഗോത്രങ്ങളോടുള്ള സമീപനം, മദീനയില്‍ നിന്നുള്ള യാത്രാ സംഘങ്ങളുമായി നടത്തിയ കൂടിയാലോചനകള്‍, ഹിജ്‌റ, മക്കയിലെ നേട്ടങ്ങള്‍ എന്നീ വിഷയങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു. എട്ട് അനുബന്ധങ്ങളും 'മുഹമ്മദ് അറ്റ് മക്ക' എന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
'മുഹമ്മദ് അറ്റ് മക്ക' യുടെ തുടര്‍ച്ചയായി മോണ്ട്‌ഗോമറി വാട്ട് എഴുതിയ പുസ്തകമാണ് 'മുഹമ്മദ് അറ്റ് മദീന'. ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റി പ്രസ്സ് ആണ് രണ്ടിന്റെയും പ്രസാധകര്‍. ഇവ രണ്ടും ചേരുമ്പോള്‍ പ്രവാചകന്റെ സമ്പൂര്‍ണ ജീവചരിത്രം ആയി. പത്ത് ഭാഗങ്ങളായാണ് 'മുഹമ്മദ് അറ്റ് മദീന' സംവിധാനിച്ചിരിക്കുന്നത്. 'ഖുറൈശികളുടെ പ്രകോപനം' എന്ന് ശീര്‍ഷകം നല്‍കിയിരിക്കുന്ന ഒന്നാം ഭാഗത്ത് ഹിജ്‌റയുടെ സാഹചര്യം, ആദ്യകാല സൈനിക പര്യടനങ്ങള്‍, ബദര്‍യുദ്ധം എന്നിവയാണ് പ്രതിപാദ്യവിഷയം. മക്കന്‍ പ്രതിരോധത്തിന്റെ പരാജയം ചര്‍ച്ചചെയ്യുന്ന രണ്ടാം ഭാഗത്ത് അഞ്ച് അധ്യായങ്ങളിലായി ബദര്‍ യുദ്ധത്തോടുള്ള മക്കയുടെ പ്രതികരണം, ഉഹ്ദ് യുദ്ധം, നാടോടികളുടെ രംഗപ്രവേശം, മദീന ഉപരോധം എന്നിവ വിവരിക്കുന്നു. മൂന്നാം ഭാഗം മക്കാ വിജയത്തെ സംബന്ധിച്ചുള്ളതാണ്. ഇതില്‍ ഹുദൈബിയാ സന്ധി, മക്കയുടെ കീഴടങ്ങല്‍, ഹുനൈന്‍ യുദ്ധം എന്നിവ പ്രതിപാദിക്കുന്നു. നാലാം ഭാഗത്ത് ഏഴ് അധ്യായങ്ങളിലായി അറബികളുടെ ഏകീകരണം വിശദമായി ചര്‍ച്ച ചെയ്യുന്നു. മദീനയുടെ ആദ്യന്തര രാഷ്ട്രീയമാണ് അഞ്ചാം ഭാഗത്തിന്റെ ഇതിവൃത്തം. പ്രവാചകന്റെ ആഗമനത്തിന് മുന്‍പും പിന്‍പുമുള്ള മദീനയുടെ രാഷ്ട്രീയം മൂന്ന് അധ്യായങ്ങളിലായി പ്രതിപാദിക്കുന്നു. ആറാം ഭാഗത്തിന്റെ ശീര്‍ഷകം 'മുഹമ്മദും ജൂതന്മാരും' എന്നാണ്. യസ്‌രിബിലെ ജൂതന്മാര്‍, അവരുമായി രമ്യതയിലാവാന്‍ പ്രവാചകന്‍ നടത്തിയ ശ്രമങ്ങള്‍, അവരുമായി ഉണ്ടായ പ്രശ്‌നങ്ങള്‍ എന്നിവ ആറ് അധ്യായങ്ങളിലായി വിവരിക്കുന്നു. ഇസ്‌ലാമിക രാഷ്ട്രത്തിന്റെ സ്വഭാവത്തെ സംബന്ധിച്ചുള്ളതാണ് ഏഴാം ഭാഗം. മദീനയുടെ ഭരണഘടന, പ്രവാചകന്റെ പദവി, മദീനയിലെ മുസ്‌ലിം സമൂഹത്തിന്റെ സ്വഭാവം, സാമ്പത്തിക സ്ഥിതി എന്നിവ ഇതില്‍ ചര്‍ച്ചചെയ്യുന്നു. സാമൂഹിക ഘടനയില്‍ വന്ന മാറ്റം അഞ്ച് അധ്യായങ്ങളിലായി എട്ടാം ഭാഗത്ത് ചര്‍ച്ച ചെയ്യുന്നു. ഇസ്‌ലാം മതത്തെ കുറിച്ചാണ് ഒന്‍പതാം ഭാഗം. ഇസ്‌ലാമും പ്രാകൃത അറബ് മതവിശ്വാസവും, ഇസ്‌ലാമും ക്രിസ്തുമതവും എന്നീ താരതമ്യ പഠനങ്ങള്‍ ഈ ഭാഗത്ത് ഉണ്ട്. 'മനുഷ്യനും അവന്റെ മഹത്വവും' എന്ന് പത്താം ഭാഗത്തിന് പേര് നല്‍കിയിരിക്കുന്നു. പന്ത്രണ്ട് വ്യത്യസ്ത ഉപ വിഷയങ്ങള്‍ അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
അറിവില്ലായ്മയുടെയും മുന്‍വിധികളുടെയും അടഞ്ഞ മുറികളില്‍ ഇരുന്ന് വെറുപ്പിന്റെ മഷിയില്‍ പേന മുക്കി പ്രവാചകനെ നീതി രഹിതമായി ക്രൂശിച്ച ഓറിയന്റലിസ്റ്റ് വംശാവലിയില്‍ മോണ്ട്‌ഗോമറി വാട്ടിന്റെ പേര് ഇല്ല. എന്നല്ല; അവസാനത്തെ ഈ ഓറിയന്റലിസ്റ്റ് തന്റെ പൂര്‍വ്വികരെ അവധാനപൂര്‍വ്വം തിരുത്തുകയും ചെയ്തു. പ്രവാചകനെ വിലയിരുത്തുന്നതില്‍ തോമസ് കാര്‍ലൈലിന്റെ പാതയാണ് അദ്ദേഹം പിന്തുടര്‍ന്നത്. ഇസ്‌ലാമിനെക്കുറിച്ചുള്ള പാശ്ചാത്യ പാണ്ഡിത്യത്തിന്റെ സമീപന രീതികളെയും വിചാര മാതൃകകളെയും മാറ്റിപ്പണിയാന്‍ വാട്ട് തന്റെ കൃതികളിലൂടെ ആത്മാര്‍ഥമായി പരിശ്രമിച്ചു. മുഹമ്മദ് നബിയോളം പടിഞ്ഞാറ് തെറ്റിദ്ധരിച്ച ലോകനേതാവ് ഇല്ല എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. സത്യസന്ധതയോടെ പ്രവാചകനെ മനസിലാക്കിയെങ്കിലേ ഇസ്‌ലാമിന്റെ മഹത്വം ഗ്രഹിക്കാന്‍ ആവുകയുള്ളൂ എന്ന് അദ്ദേഹം ഓര്‍മിപ്പിക്കുന്നു. പഴയ നിയമത്തില്‍ പറയുന്നതു പോലെ ഉള്ള ഒരു പ്രവാചകനാണ് നബി എന്നും അറബികളില്‍ ഏക ദൈവത്വം പുന:സ്ഥാപിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നും ഒരുപക്ഷേ ആദ്യമായി സധൈര്യം അഭിപ്രായപ്പെട്ട ക്രിസ്ത്യന്‍ പുരോഹിതന്‍ മോണ്ട്‌ഗോമറിവാട്ട് ആയിരിക്കും. മക്കയുടെയും മദീനയുടെയും സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ പശ്ചാത്തലങ്ങള്‍ സൂക്ഷ്മമായി അപഗ്രഥിച്ച് പ്രവാചകന്‍ സാധിച്ച പരിവര്‍ത്തനങ്ങള്‍ അദ്ദേഹം വിസ്തരിച്ച് വിലയിരുത്തുന്നു. പ്രവാചകന്റെ കാലഘട്ടത്തെ കുറിച്ചുള്ള മികച്ച സാമൂഹ്യശാസ്ത വിശകലനങ്ങളില്‍ ഒന്നാണ് വാട്ടിന്റേത്.
ഖുര്‍ആന്റെ വിട്ടുവീഴ്ചയില്ലാത്ത ഏകദൈവത്വ നിലപാട് വാട്ടിനെ ക്രിയാത്മകമായി സ്വാധീനിക്കുകയുണ്ടായി. താന്‍ പിന്തുടരുന്ന ക്രൈസ്തവ ത്രിയേകത്വ സിദ്ധാന്തത്തെ പുനര്‍ വായിക്കാന്‍ അത് അദ്ദേഹത്തിന് പ്രേരണ നല്‍കി എന്നത് ശ്രദ്ധേയമാണ്. ത്രിയേകത്വത്തെ മൂന്ന് ദൈവ വ്യക്തികളുടെ കൂട്ടായ്മ ആയല്ല മനസിലാക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. ഖുര്‍ആനില്‍ പറയുന്ന ദൈവത്തിന്റെ വിശിഷ്ട നാമങ്ങള്‍ (അസ്മാഉല്‍ ഹുസ്‌ന) പോലെ ദൈവത്തിന്റെ മൂന്ന് ഭാവങ്ങളെയാണ് അവ പ്രതിനിധാനം ചെയ്യുന്നത് എന്നാണ് വാട്ടിന്റെ വാദം. ഖുര്‍ആനിനാല്‍ സ്വാധീനിക്കപ്പെടാന്‍ മാത്രം അഗാധമായിരുന്നു മോണ്ട്‌ഗോമറി വാട്ടിന്റെ പ്രവാചക ജീവചരിത്ര പഠനം എന്നര്‍ഥം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."