മട്ടന്നൂര്‍ നഗരസഭ തെരഞ്ഞെടുപ്പ്:എന്‍.ഡി.എ ട്രാക്കിലായില്ല
കണ്ണൂര്‍: ഒരുവിഭാഗം നേതാക്കളും പ്രവര്‍ത്തകരും വിട്ടുനില്‍ക്കുന്നത് മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബി.ജെ.പിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. സ്ഥാനാര്‍ഥി നിര്‍ണയം കാര്യമായ പരാതികളില്ലാതെ നടത്താന്‍ കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എന്‍.ഡി.എ ഇരുമുന്നണികളെ അപേക്ഷിച്ചു ഏറെ പിന്നിലാണ്.
കരേറ്റ, മേറ്റടി, എളക്കുഴി വാര്‍ഡുകളിലാണ് എന്‍.ഡി.എ പ്രതീക്ഷ പുലര്‍ത്തുന്നത്. മറ്റിടങ്ങളില്‍ വോട്ടുവര്‍ധിപ്പിക്കാനും ലക്ഷ്യമിടുന്നു. എന്നാല്‍ നേരത്തെ ബി.ജെ.പി മണ്ഡലം സെക്രട്ടറി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ഒരുവിഭാഗം പ്രവര്‍ത്തകരെയും നേതാക്കളെയും തെരഞ്ഞെടുപ്പു ഗോദയിലിറങ്ങാതെ മാറ്റിനിര്‍ത്തുകയാണ്. കേന്ദ്ര, സംസ്ഥാന നേതാക്കള്‍ മട്ടന്നൂരില്‍ പര്യടനം നടത്തുന്ന സാഹചര്യത്തില്‍ ഇവരെ അനുനയിപ്പിക്കാന്‍ ജില്ലാനേതൃത്വം ശ്രമിക്കുന്നുണ്ടെങ്കിലും ഫലിച്ചില്ല. ചില ഉന്നത നേതാക്കളുമായുള്ള അടുപ്പത്തിന്റെ പേരിലാണ് പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത ഒരാളെ മണ്ഡലം സെക്രട്ടറിയാക്കിയതെന്നാണ് ആരോപണം. ഇതു സംബന്ധിച്ചുള്ള പരാതി മേഖലയിലെ പ്രവര്‍ത്തകരും നേതാക്കളും ജില്ലാ, സംസ്ഥാന നേതൃത്വത്തിനു നല്‍കിയിരുന്നു. എന്നാല്‍ നടപടിയെടുത്തില്ല. ഈ പശ്ചാത്തലത്തിലാണ് മുന്‍കാലങ്ങളില്‍ പാര്‍ട്ടിക്കായി ആത്മാര്‍ഥമായി പണിയെടുത്ത ഒരുവിഭാഗം വിട്ടുനില്‍ക്കുന്നത്. ഈ വിടവ് നികത്താനായി ആര്‍.എസ്.എസ് പ്രചാരകരെ നിയോഗിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഇതു ഗുണത്തിലേറെ ദോഷമാണ് ചെയ്യുകയെന്ന വിലയിരുത്തലുമുണ്ട്.
രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലാത്ത പ്രചാരകരുടെ ഇടപെടല്‍ തിരിച്ചടിയാകുമെന്നാണ് മട്ടന്നൂര്‍ മേഖലയിലെ ബി.ജെ.പി നേതാക്കളുടെ അഭിപ്രായം.
ഓഗസ്റ്റ് എട്ടിനാണ് മട്ടന്നൂരില്‍ വോട്ടെടുപ്പ്. ബി.ജെ.പി ദേശീയ സമിതിഅംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളാണ് ഇവിടെ പ്രചാരണത്തിനെത്തുന്നത്. ഇതിനിടെയാണ് പാര്‍ട്ടിയിലെ പടലപ്പിണക്കം തിരിച്ചടിയായത്. ആകെയുള്ള 35 സീറ്റില്‍ എന്‍.ഡി.എ സഖ്യം 32ലാണ് മത്സരിക്കുന്നത്. 112 സ്ഥാനാര്‍ഥികളാണ് ആകെ മത്സരരംഗത്തുള്ളത്. പെരിങ്ങളം കഴിഞ്ഞാല്‍ ബി.ജെ.പിക്ക് ജില്ലയില്‍ ഏറ്റവും സ്വാധീനമുള്ള നിയമസഭാ നിയോജക മണ്ഡലങ്ങളിലൊന്നാണ് മട്ടന്നൂര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."