എം.വിന്‍സെന്റിന്റെ ശബ്ദസാംപിള്‍ പരിശോധിക്കാന്‍ അനുമതി
നെയ്യാറ്റിന്‍കര: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന കോവളം എം.എല്‍.എ എം.വിന്‍സെന്റിന്റെ ശബ്ദ സാംപിള്‍ ശേഖരിക്കുന്നതിന് നെയ്യാറ്റിന്‍കര കോടതി പൊലിസിന് അനുമതി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി സമര്‍പ്പിച്ച അപേക്ഷയിലാണ് നെയ്യാറ്റിന്‍കര ഫസ്റ്റ് ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് ആനി വര്‍ഗീസ് അനുമതി നല്‍കിയത്.
പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ സമയത്ത് സുരക്ഷാ കാരണങ്ങളാല്‍ ആവശ്യമായ തെളിവ് ശേഖരിക്കാന്‍ കഴിഞ്ഞില്ലായെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ആകാശവാണിയിലെ സാങ്കേതിക വിദഗ്ധരെ ജയിലില്‍ എത്തിച്ച് എം.എല്‍.എയുടെ ശബ്ദ സാംപിള്‍ ശേഖരിക്കുമെന്നാണ് സൂചന.
കഴിഞ്ഞദിവസം അന്വേഷണ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനായി വിന്‍സെന്റിനെ മൂന്ന് ദിവസത്തേക്കുകൂടി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇത് കോടതി അംഗീകരിച്ചില്ല.
കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര ഫസ്റ്റ്ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും ഇന്നലെ തള്ളുകയാണുണ്ടായത്.
രാജിവയ്ക്കുംവരെ പ്രക്ഷോഭം: എല്‍.ഡി.എഫ്
തിരുവനന്തപുരം: പീഡനക്കേസില്‍ ജയിലിലായ എം. വിന്‍സെന്റ് എം.എല്‍.എയുടെ രാജിക്കായി എല്‍.ഡി.എഫ് കൂടുതല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പീഡനത്തിനിരയായ വീട്ടമ്മയ്‌ക്കെതിരേ അക്രമം നടത്തിയും അവരെ സ്വന്തം വീട്ടില്‍ ജീവിക്കാന്‍ അനുവദിക്കാതെയും വിന്‍സെന്റിന്റെ വീട്ടുകാരും ഒരു സംഘം ക്രിമിനലുകളും ചേര്‍ന്ന് നടത്തുന്ന അതിക്രമങ്ങള്‍ കോണ്‍ഗ്രസ് പിന്തുണയോടെയാണോ എന്ന് നേതാക്കള്‍ വ്യക്തമാക്കണം. വിന്‍സെന്റിന് ഒരു നിമിഷംപോലും എം.എല്‍.എയായി തുടരാനുള്ള അവകാശമില്ല. സി.പി.എം നേതാക്കളുടെ ഗൂഢാലോചനയാണ് കേസ് എന്ന വിന്‍സെന്റിന്റെ വാദം അസംബന്ധമാണ്. ഈ വിഷയത്തില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പരാതിക്കാരിയായ സ്ത്രീ സമീപിച്ചിട്ടില്ല.
സി.പി.എം ഗൂഢാലോചനയാണെന്ന് പ്രചരിപ്പിച്ച് ഇരയെ ആക്രമിച്ച് കേസില്‍നിന്ന് രക്ഷപ്പെടാമെന്നാണ് വിന്‍സെന്റും കൂട്ടാളികളും കരുതുന്നത്. എം.എല്‍.എ സ്ഥാനം രാജിവയ്ക്കുംവരെ ജനങ്ങളെ മുഴുവന്‍ സംഘടിപ്പിച്ച് എല്‍.ഡി.എഫ് പ്രക്ഷോഭം തുടരുമെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."