ഗതാഗതം പൂര്‍ണമായും തടഞ്ഞ് റോഡ് നവീകരണം യാത്രക്കാര്‍ വലഞ്ഞു...
പട്ടാമ്പി: കുളപ്പുള്ളി-പട്ടാമ്പി പ്രധാന പാതയില്‍ ഗതാഗതം പൂര്‍ണമായും തടഞ്ഞുള്ള റോഡ് നവീകരണം യാത്രക്കാരെ വലയ്ക്കുന്നു. പട്ടാമ്പി കുളപ്പുള്ളി റോഡിലാണ് ഗതാഗതം തടഞ്ഞുള്ള റോഡ് നവീകരണം. റോഡ് ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ രണ്ടാഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നത്. കുളപ്പുള്ളിക്കും പട്ടാമ്പിക്കുമിടയില്‍ മൂന്നിടത്തു റോഡില്‍ ഇന്റര്‍ ലോക്കിങ് ചെയ്യുന്നതാണ് ഗതാഗതം പൂര്‍ണമായും തടയാന്‍ കാരണം.
പാലക്കാട് നിന്ന് കുന്നംകുളം ഗുരുവായൂര്‍ ഭാഗത്തേക്കുള്ള ബസുകളെല്ലാം കുളപ്പുള്ളിയില്‍നിന്ന് തിരിഞ്ഞ് ദേശമംഗലം വഴിയാണിപ്പോള്‍ പോകുന്നത്. എന്നാല്‍ ആറങ്ങോട്ടുകര കൂട്ടുപാത തിരുമിറ്റക്കോട് ഭാഗം അറ്റകുറ്റപണികള്‍ക്കായി അടച്ചിട്ടതും പൊല്ലാപ്പാക്കി. അതിനാല്‍ വാഹനങ്ങള്‍ എഴുമങ്ങാട് ജങ്ഷനില്‍ നിന്ന് കറുകപുത്തൂര്‍ വഴിയാണ് പോകുന്നത്. ഇത് ഏറെ ദൂരം ഉള്ളതിനാല്‍ യാത്രക്കാരെ പ്രയാസത്തിലാക്കുകയും ചെയ്യുന്നു. അതേസമയം 11 കി.മീ റോഡില്‍ മൂന്നിടത്തായി ഇന്റര്‍ ലോക്ക് ചെയ്ത് റോഡ് ബലപ്പെടുത്തുന്നത് 350 മീറ്ററില്‍ താഴെമാത്രമാണ്. 350 മീറ്റര്‍ റോഡ് നവീകരണത്തിന് പ്രധാനപാതയില്‍ മുന്നാഴ്ചയിലേറെ ഗതാഗതം തടയുന്നതിനെതിരേ പ്രതിഷേധം ശക്തമാണ്. ഇന്റര്‍ലോക്കിങ് ചെയ്യാത്ത റോഡിന്റെ ഭാഗങ്ങളില്‍ കുഴിയടപ്പ് മാത്രമാണ് നടക്കുന്നത്. ഇതിന് ഗതാഗതം തടയേണ്ട ആവശ്യമില്ല.
ഇന്റര്‍ലോക്കിങ് ബലപ്പെടണമെങ്കില്‍ അരിക് ഭിത്തി നിര്‍മ്മിച്ച് ബലപ്പെടുത്തണ്ടതുണ്ടെന്നും ഇന്റര്‍ ലോക്കിങ് പൂര്‍ത്തിയാക്കി ഇന്ന് അരിക് ഭിത്തിയുടെ കോണ്‍ക്രീറ്റിങ് നടത്തുമെന്നും പറയുന്നു. ഇതു ബലപ്പെടാന്‍ 14 ദിവസം വേണം. അതിനു ശേഷമേ വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കൂ എന്ന നിലപാടിലാണു പൊതുമരാമത്ത് വകുപ്പ്. ഷൊര്‍ണൂരില്‍ നിന്നു വരുന്ന ബസുകള്‍ക്കിപ്പോള്‍ വാടനാംകുറുശ്ശി വില്ലേജ് വരെ മാത്രമേ എത്താന്‍ കഴിയൂ. പട്ടാമ്പിയില്‍ നിന്നുള്ള ബസുകള്‍ പോക്കുപ്പടി മേടില്‍ എത്തി തിരിക്കണം. മേലെ പട്ടാമ്പിക്കും മനപ്പടി സ്റ്റോപ്പിനുമിടയില്‍ രണ്ടിടത്ത് ഇന്റര്‍ ലോക്ക് ചെയ്യുന്നതിനാല്‍ ഇവിടെയും ഗതാഗതം പൂര്‍ണണായും തടഞ്ഞിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."