ജില്ലാ വികസന സമിതി:വിദ്യാലയങ്ങളിലെ കൊഴിഞ്ഞുപോക്ക്; മോണിറ്ററിങ് കമ്മിറ്റി രൂപവല്‍ക്കരിക്കും
കല്‍പ്പറ്റ: ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള പട്ടികജാതി- ആദിവാസി വിഭാഗങ്ങളിലുള്ള വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ ജില്ല, ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളിലുള്ള മോണിറ്ററിങ് കമ്മിറ്റികള്‍ രൂപവല്‍കരിക്കാന്‍ ജില്ലാ ആസൂത്രണ സമിതിഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതിയോഗം തീരുമാനിച്ചു.
പട്ടികജാതി- ആദിവാസി മേഖലകളില്‍ നിന്ന് വിദ്യാലയങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ പ്രചോദനമാകുന്ന സാഹചര്യം ഉണ്ടാകണമെന്ന് യോഗത്തില്‍ ഒ.ആര്‍ കേളു എം.എല്‍.എ ചൂണ്ടിക്കാട്ടി. പലതരത്തിലുള്ള മാറ്റിനിര്‍ത്തലുകള്‍ ഇവര്‍ നേരിടുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ നയമെന്നും നിലവില്‍ ഇവരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് ഫലപ്രദമായ സംവിധാനമില്ലാത്ത സാഹചര്യത്തില്‍ കമ്മിറ്റികള്‍ രൂപവല്‍കരിച്ച് കൃത്യമായ ഇടവേളകളില്‍ പരിശോധനകള്‍ നടത്താന്‍ മോണിട്ടറിങ് സമിതി അനിവാര്യമാണെന്നും സി.കെ ശശീന്ദ്രന്‍ എം.എല്‍.എ യോഗത്തില്‍ ചൂണ്ടിക്കാട്ടി.
കൊഴിഞ്ഞുപോക്ക് തടയാനുള്ള മോണിട്ടറിങ് കമ്മറ്റി ഓഗസ്റ്റ് അവസാനത്തോടെ രൂപീകരിക്കാനും സെപ്റ്റംബര്‍ അവസാനത്തോടെ ജില്ലയെ പൂര്‍ണമായും കൊഴിഞ്ഞുപോക്ക് രഹിത ജില്ലയാക്കി പ്രഖ്യാപിക്കാനുമുള്ള നടപടികള്‍ ത്വരിതഗതിയിലാക്കാനും ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
വാര്‍ഡ്തല മോണിട്ടറിങ് സമിതിയില്‍ വാര്‍ഡ് മെമ്പര്‍, ട്രൈബല്‍ ഓഫിസര്‍, ഹെഡ്മാസ്റ്റര്‍, മെന്റര്‍ ടീച്ചര്‍മാര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ എന്നിവരെ അംഗങ്ങളാക്കണം. മാനന്തവാടി, എടവക, നല്ലൂര്‍നാട് സമഗ്ര കുടിവെള്ള പദ്ധതി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കി സെപ്റ്റംബര്‍ 30ന് മുമ്പ് പൂര്‍ത്തീകരിക്കാന്‍ ജല അതോറിട്ടിക്ക് യോഗം നിര്‍ദേശം നല്‍കി.എം.എല്‍.എമാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, എ.ഡി.എം. കെ.എം രാജു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, അസിസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫിസര്‍ സുഭന്ദ്രാ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."