പൗരത്വബില്ലിലെ വിവേചനം ലക്ഷ്യമാക്കുന്നത്
കേന്ദ്ര സര്‍ക്കാര്‍ അസമില്‍ നടപ്പാക്കിയ ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) മാതൃകയില്‍ രാജ്യവ്യാപകമായി രജിസ്റ്റര്‍ നടപ്പാക്കുമെന്നാണ് ആഭ്യന്തരമന്ത്രി അമിത്ഷാ രാജ്യസഭയില്‍ പ്രസ്താവിച്ചത്. ഏതെങ്കിലും മതവിഭാഗങ്ങളെ ഒഴിവാക്കുമെന്ന വ്യവസ്ഥ എന്‍.ആര്‍.സിയില്‍ ഇല്ലെന്നും ആരും പേടിക്കേണ്ടെന്നുമാണ് അദ്ദേഹം ചേര്‍ത്തു പറയുന്നത്. അസമിലെ പൗരത്വ രജിസ്റ്റര്‍ ഒടുവില്‍ തിരിച്ചടിച്ചതോടെയാണ് പുതിയ രീതിയില്‍ തങ്ങളുടെ ആശയം നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഏതെങ്കിലും സമുദായങ്ങള്‍ പേടിക്കേണ്ടെന്ന് പറയുമ്പോള്‍ തന്നെ മുസ്‌ലിം വിഭാഗത്തെ സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നുവെന്ന് വ്യക്തമാണ്. മതഭേദമന്യേ എല്ലാവരെയും പട്ടികയില്‍പ്പെടുത്തുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ മതം മാനദണ്ഡമാക്കപ്പെടുമോയെന്ന ആശങ്ക ന്യൂനപക്ഷങ്ങള്‍ക്കുണ്ട്. പൗരത്വ ബില്ലിനു വേണ്ടി ധൃതിപിടിച്ച നീക്കം കേന്ദ്രം നടത്തുന്നതാണ് ഈ ആശങ്കക്ക് കാരണം.
അസമില്‍ എന്‍.ആര്‍.സി നടപ്പാക്കിയപ്പോള്‍ ലക്ഷ്യമാക്കിയത് ബംഗ്ലാദേശില്‍ നിന്നുള്ള കുടിയേറ്റക്കാരെ ഒഴിവാക്കുകയായിരുന്നു. അനധികൃതമായി അസമില്‍ കഴിയുന്നതിലേറെയും ബംഗ്ലാദേശില്‍നിന്ന് കുടിയേറിയ മുസ്‌ലിംകളാണെന്ന മുന്‍വിധി ഇക്കാര്യത്തില്‍ ബി.ജെ.പിക്ക് ഉണ്ടായിരുന്നോ എന്ന് സംശയിക്കാം. എന്‍.ആര്‍.സി പട്ടിക പ്രസിദ്ധീകരിച്ചപ്പോഴാണ് മുസ്‌ലിംകളേക്കാള്‍ രേഖകളില്ലാത്തവര്‍ മറ്റു മതവിഭാഗങ്ങളാണെന്ന് മനസ്സിലായത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പൗരത്വ ബില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.
മുസ്‌ലിംകള്‍ ഒഴികെയുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുമെന്ന് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ അമിത്ഷാ വ്യക്തമാക്കിക്കഴിഞ്ഞു. പൗരത്വ രജിസ്റ്ററില്‍ വിവേചനം കാണിക്കില്ലെന്ന് പറയുമ്പോള്‍ തന്നെ പൗരത്വ ബില്ലില്‍ വിവേചനം കാണിക്കുമെന്ന് പറയുന്നതിലെ അപകടമാണ് തിരിച്ചറിയേണ്ടത്.
നിലവില്‍ അസമില്‍ ഉള്‍പ്പെടെ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടാത്തവരില്‍ മുസ്‌ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കാന്‍ ഈ ബില്ലിലൂടെ സാധിക്കും. മുസ്‌ലിംകളെ പുറത്താക്കുകയെന്ന ലക്ഷ്യം നേര്‍വഴിക്ക് നടക്കാതെ വന്നപ്പോള്‍ വളഞ്ഞവഴി ഉപയോഗിക്കുന്നു എന്നുമാത്രം. അസമില്‍ ഇപ്പോഴത്തെ പട്ടികയില്‍നിന്ന് പുറത്തായ ഭൂരിപക്ഷം പേര്‍ക്കും പൗരത്വം ലഭിക്കുമ്പോള്‍ ന്യൂനപക്ഷക്കാരായ വിഭാഗം മാത്രം പുറത്താക്കപ്പെടും.
മറ്റു സംസ്ഥാനങ്ങളിലും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയാലും ഇതാകും സ്ഥിതി. അസമിലെ പൗരത്വ പട്ടികയില്‍ നേരത്തെ മറ്റുരാജ്യങ്ങളും ആശങ്ക അറിയിച്ചിരുന്നു. യു.എസ് കമ്മിഷന്‍ ഫോര്‍ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡം ആണ് ആശങ്കയുമായി ആദ്യം രംഗത്തുവന്നത്. പൗരത്വത്തിന് വേണ്ടി മതം പരിശോധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു അവരുടെ നിലപാട്. തുടര്‍ന്ന് ആശങ്കയുമായി ബംഗ്ലാദേശും രംഗത്തെത്തി. എന്നാല്‍ ഈയിടെ ബംഗ്ലാദേശ് നിലപാട് മാറ്റിയിട്ടുണ്ട്. പൗരത്വ പട്ടികയെ ഇന്ത്യയുടെ ആഭ്യന്തരകാര്യമായാണ് കാണുന്നതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയില്‍ തുടരുമെന്നുമാണ് ബംഗ്ലാദേശ് വിദേശകാര്യ സെക്രട്ടറി ശാഹിദുല്‍ ഹഖ് പറഞ്ഞത്.
പൗരത്വ പട്ടികയില്‍ മറ്റൊരു രാജ്യത്തിന് ഇടപെടാന്‍ കഴിയില്ലെന്ന ഉത്തമബോധ്യവും സര്‍ക്കാരിന് ഊര്‍ജം നല്‍കുന്നുണ്ട്. രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കിയാല്‍ എതിര്‍പ്പുകളുണ്ടാകും. രാജ്യവ്യാപക എന്‍.ആര്‍.സി എന്ന പ്രഖ്യാപനം അമിത്ഷാ നടത്തിയതിനു പിന്നാലെ അസമിലെ പൗരത്വ പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസം സര്‍ക്കാര്‍ രംഗത്തു വന്നിട്ടുമുണ്ട്.
അസം ധനമന്ത്രി ഹിമാന്ത ബിസ്‌വ ശര്‍മയാണ് ഇക്കാര്യം കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് കൂടിയാണ് അദ്ദേഹം. പൗരത്വപട്ടിക നടപ്പിലാക്കേണ്ട യാതൊരു സാഹചര്യവും സംസ്ഥാനത്ത് നിലവിലില്ലെന്നാണ് അദ്ദേഹം പറയുന്നത്. അസമിലെ സര്‍ക്കാരിനൊപ്പം ബി.ജെ.പിയും ഇക്കാര്യം കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ബി.ജെ.പി നേതൃത്വം നല്‍കുന്ന നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് അലയന്‍സ് (എന്‍.ഇ.ഡി.എ)യുടെ നേതാവ് കൂടിയാണ് ഇദ്ദേഹം.
ബി.ജെ.പിയും അസം സര്‍ക്കാരും ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇതുവരെ രേഖാമൂലമുള്ള നിവേദനമൊന്നും കേന്ദ്രത്തിനു നല്‍കിയിട്ടില്ല. സുപ്രിംകോടതി നിരീക്ഷിക്കുന്ന വിഷയമായതിനാല്‍ ആഭ്യന്തരമന്ത്രിയുമായി കത്തിടപാട് നടത്തേണ്ടതില്ലെന്നാണ് ഇവരുടെ നിലപാട്.
ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്‌ലിം ഇതര വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള നീക്കത്തെയും അസം സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നുണ്ട്.
അസമില്‍ നടന്ന പൗരത്വ രജിസ്‌ട്രേഷനില്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്ന് അസം സര്‍ക്കാര്‍ തുറന്നു പറയുന്നതില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. സ്റ്റേറ്റ് എന്‍.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍ പ്രതീക് ഹജേലയുടെ നേതൃത്വത്തിലായിരുന്നു അസം പൗരത്വ രജിസ്റ്റര്‍ തയാറാക്കിയത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് കാര്യമായി റോളുണ്ടായിരുന്നില്ല. സംസ്ഥാന സര്‍ക്കാരിനെ അകറ്റിനിര്‍ത്തി തയാറാക്കിയ പട്ടികയാണ് റദ്ദാക്കാന്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
രാജ്യം മുഴുവന്‍ കരുതിയത് എന്‍.ആര്‍.സി തയാറാക്കിയത് അസം സര്‍ക്കാരായിരുന്നു എന്നാണെന്നും അതു ശരിയല്ലെന്നും അസം മന്ത്രി പറയുന്നു. പട്ടികയില്‍ നീതി നടപ്പായില്ലെന്നും അദ്ദേഹം പറയുന്നു. ബി.ജെ.പി ലക്ഷ്യംവച്ച പലതും പട്ടിക തയാറാക്കുമ്പോള്‍ നടന്നില്ലെന്നതാണ് അസം മന്ത്രിയുടെ വാക്കുകളില്‍ നിഴലിക്കുന്നത്. സ്വതന്ത്രമായി പട്ടിക തയാറാക്കാന്‍ ഒരു വിഭാഗത്തെ ഏല്‍പ്പിച്ചെങ്കില്‍ അതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാന്‍ ശ്രമിക്കുന്നതെന്തിന്. ആ ജോലി അദ്ദേഹം നിര്‍വഹിച്ചു കഴിഞ്ഞെങ്കില്‍ വേവലാതിപ്പെടുന്നത് എന്തിന്. എവിടെയാണ് നീതി നടപ്പാകാത്തത് തുടങ്ങി അനേകം ചോദ്യങ്ങള്‍ പൗരത്വ പട്ടികയുടെ ഉദ്ദേശ്യശുദ്ധിയെയും അത് തയാറാക്കുന്നതിലെ ഇടപെടലുകളെയും സംബന്ധിച്ച് ഉയരുന്നുണ്ട്.
ഹലേജ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥനെ പട്ടിക തയാറാക്കിയ ശേഷം അദ്ദേഹത്തിന്റെ നാടായ മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റിയിരുന്നു. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. അദ്ദേഹത്തിനു പകരം അസംകാരനായ സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥന്‍ ഹിതേഷ് ദേവ് ശര്‍മയാണ് പകരം ചുമതലയേറ്റത്.
അസമിലെ പൗരത്വ പട്ടികയില്‍ ഇടംനേടാത്ത ഹിന്ദു കുടിയേറ്റക്കാര്‍ക്കു വേണ്ടി ബി.ജെ.പി ഫോറിനേഴ്‌സ് ട്രൈബ്യൂണലില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്. എന്‍.ആര്‍.സിയില്‍നിന്ന് അവരെ ഒഴിവാക്കണമെന്നാണ് ആവശ്യം. എന്‍.ആര്‍.സി ഇപ്പോള്‍ ഏറെ ഭയപ്പെടുത്തുന്നത് ബി.ജെ.പിയെ തന്നെയാണ്. പൗരത്വ ബില്‍ പാസാകുന്നത് വരെ അവരെ ഈ ഭീതി പിന്തുടരും. പൗരത്വ ബില്ലിന്റെ മറവില്‍ രാജ്യത്ത് പതിറ്റാണ്ടുകളായി താമസിക്കുന്നവരുടെ പൗരത്വം നിഷേധിക്കപ്പെടുമോയെന്ന ആശങ്കയാണ് ഇനി അകറ്റേണ്ടത്.
ബില്‍ മതവിവേചനത്തോടെ നടപ്പാക്കുമെന്ന പ്രഖ്യാപനം പോലും ഭരണഘടനാനുസൃതമാകാനിടയില്ല. തുല്യതയും സമത്വവും നീതിയും ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യത്തെ ഭരണഘടനയോടുള്ള വെല്ലുവിളിയാണ് ധനമന്ത്രിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."