നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ച കേസ്; മൂന്ന് യുവാക്കൾ അറസ്റ്റിൽ
മലപ്പുറം: നിലമ്പൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കുറത്തിയാർ പൊയിൽ സ്വദേശി മുഹമ്മദ് ഷാഹുൽ, പുളിക്കലോടി സ്വദേശികളായ സുബൈർ ബാബു, മുഹമ്മദ് നിയാസ് എന്നിവരാണ് പൊലിസ് പിടിയിലായത്. ബൈക്കിൽ വന്ന് നിരന്തരമായി ഹോണടിച്ച് ശല്യമുണ്ടാക്കിയത് വീട്ടുകാർ ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത് എന്നും തുടർന്നാണ് ആക്രമണം ആസൂത്രണം ചെയ്തതെന്നും പൊലിസ് അറിയിച്ചു.
കഴിഞ്ഞ ഡിസംബർ ഒന്നിന് പുലർച്ചെ ഏകദേശം ഒന്നരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. തലേദിവസം രാത്രി ബാറിൽ നിന്ന് മദ്യം വാങ്ങി മടങ്ങുകയായിരുന്ന മൂന്നംഗ സംഘം വീടിന് മുന്നിലെത്തി ബഹളമുണ്ടാക്കിയിരുന്നു. ഇത് ചോദ്യം ചെയ്ത വീട്ടുകാരുമായി ഇവർ വാക്കേറ്റമുണ്ടാവുകയും ക്ഷുഭിതരായ സംഘം പ്രതികാരത്തിനായി വീട്ടിൽ എത്തി ആക്രമണം നടത്തുകയുമായിരുന്നു.
ഗേറ്റ് തുറന്ന് വീടിന്റെ മുറ്റത്ത് പ്രവേശിച്ച പ്രതികൾ നിർത്തിയിട്ടിരുന്ന ഒരു കാറിന് മുകളിൽ പെട്രോളൊഴിച്ച് തീയിട്ടു. പ്ലാസ്റ്റിക് കവറുകളിൽ കൊണ്ടുവന്ന പെട്രോൾ ഉപയോഗിച്ച് മറ്റ് രണ്ട് കാറുകൾ കത്തിക്കാനും ഇവർ ശ്രമിച്ചു.
എന്നാൽ ആക്രമണത്തിനിടെ ശബ്ദം കേട്ട വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോൾ കാർ കത്തുന്ന കാഴ്ചയാണ് കണ്ടത്. ഉടൻ തന്നെ തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. കത്തിച്ച കാറിൽ ടാങ്ക് നിറയെ പെട്രോൾ ഉണ്ടായിരുന്നതിനാൽ തീ പടർന്നിരുന്നെങ്കിൽ കാർ പൊട്ടിത്തെറിക്കാനും തീ സമീപത്തെ വീട്ടിലേക്ക് വ്യാപിക്കാനും സാധ്യതയുണ്ടായിരുന്നു.
അക്രമം നടത്തുമ്പോൾ പ്രതികൾ മുഖം മറച്ചിരുന്നുവെങ്കിലും, ഇവർ പെട്രോൾ പമ്പിൽ നിന്നും പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായത്. മുഖം മറയ്ക്കാതെയാണ് ഇവർ പമ്പിൽ എത്തിയത്. ഈ ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്നും ഇതോടെയാണ് അന്വേഷണം യുവാക്കളിലേക്ക് എത്തുകയും ചെയ്തതെന്ന് പൊലിസ് വ്യക്തമാക്കി.
Three youths have been arrested in Nilambur, Malappuram, Kerala, for setting a car on fire outside a house. The motive for the arson was a confrontation with the residents after the youths allegedly caused a nuisance by honking repeatedly on their bike near the house. CCTV footage from a petrol pump where they bought fuel helped police identify and apprehend the suspects.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."