HOME
DETAILS
MAL
മെഡിക്കല്‍ സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം
backup
November 21 2019 | 18:11 PM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നൂതന മെഡിക്കല്‍ സാങ്കേതിക വിദ്യയും ആരോഗ്യ പരിപാലന പ്രതിവിധികളും വികസിപ്പിക്കുന്നതിനും ഈ രംഗത്ത് ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും കേരള മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം (കെ.എം.ടി.സി) രൂപീകരിക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വൈദ്യശാസ്ത്ര സംബന്ധമായ സാങ്കേതിക വിദ്യയുടെയും ആധുനിക ഉപകരണങ്ങളുടെയും കേന്ദ്രമായി കേരളത്തെ മാറ്റുന്നതിന് അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നതാണ് കെ.എം.ടി.സി. രൂപീകരണത്തിന്റെ ലക്ഷ്യം. കെ.എം.ടി.സിയുടെ ഉപദേശകനും സ്‌പെഷല്‍ ഓഫിസറുമായി കുസാറ്റ് മുന്‍ വൈസ്ചാന്‍സലര്‍ ഡോ. രാമചന്ദ്രന്‍ തെക്കേടത്തിനെ നിയമിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിസ്‌ക്) മുന്നോട്ടുവച്ച പരിപാടിയാണ് മെഡിക്കല്‍ ടെക്‌നോളജി കണ്‍സോര്‍ഷ്യം. അന്താരാഷ്ട്ര വിപണിയില്‍ മത്സര ക്ഷമതയുള്ള മുന്‍നിര മെഡിക്കല്‍ സാങ്കേതിക വിദ്യകളും ആരോഗ്യ പരിപാലന പ്രതിവിധികളും വികസിപ്പിക്കുന്നതിനും ഉല്‍പ്പാദിപ്പിക്കുന്നതിനുമുള്ള സൗകര്യം സംരംഭകര്‍ക്കും കമ്പനികള്‍ക്കും കണ്‍സോര്‍ഷ്യം ഒരുക്കികൊടുക്കും.
വ്യാപാര സാധ്യത കുറഞ്ഞതും എന്നാല്‍ സാമൂഹിക പ്രസക്തിയുള്ളതുമായ ക്ലിനിക്കല്‍ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ഗവേഷണങ്ങള്‍ക്ക് കണ്‍സോര്‍ഷ്യം പിന്തുണ നല്‍കും. മെഡിക്കല്‍ സാങ്കേതിക രംഗത്തെ വ്യവസായ പ്രമുഖരെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്നതിന് ഉതകുന്ന വിദഗ്ധ തൊഴില്‍സേനയെ വളര്‍ത്തിയെടുക്കുക എന്നതും കണ്‍സോര്‍ഷ്യത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.
വൈദ്യശാസ്ത്ര ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളായ ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി, കുസാറ്റ്, കേരള ആരോഗ്യ സര്‍വകലാശാല മുതലായ സ്ഥാപനങ്ങളുടെ സഹകരണവും പ്രാദേശിക വ്യവസായ സ്ഥാപനങ്ങളുടെ പിന്തുണയും ഉപയോഗിച്ച് കേരളത്തില്‍ ലോകനിലവാരത്തിലുള്ള മെഡിക്കല്‍ സാങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള സൗകര്യം കെ.എം.ടി.സി ഒരുക്കുന്നതാണ്.
ഇന്നവേഷന്‍ പാര്‍ക്ക്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ എന്‍ജിനിയറിങ് ആന്റ് ടെക്‌നോളജി, സെന്റേഴ്‌സ് ഫോര്‍ ഇന്റര്‍ ഡിസ്പ്ലിനറി റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍, മെഡിക്കല്‍ ടെക്‌നോളജി മാര്‍ക്കറ്റ് പ്ലെയ്‌സ് എന്നിവ സ്ഥാപിക്കാനും കെ.എം.ടി.സി ഉദ്ദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."