ഹജ്ജ് ലോകസമാധാനത്തിനുള്ള മഹാ സന്ദേശം: പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്
കാസര്‍കോട്: ഹജ്ജെന്ന പരിപാവനമായ കര്‍മ്മത്തിനു വേണ്ടി ദശലക്ഷങ്ങള്‍ സമ്മേളിക്കുമ്പോള്‍ അത് ലോക സമാധാനത്തിനുള്ള മഹാ സന്ദേശമാണെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാനും സമസ്ത ജനറല്‍ സെക്രട്ടറിയുമായ പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്.
മുസ്ലിം മത വിശ്വാസികള്‍ക്ക് നിര്‍ബന്ധമായ അഞ്ചു കാര്യങ്ങളില്‍ ഒന്നാണ് ഹജ്ജ് കര്‍മ്മം. ഹജ്ജാജിമാര്‍ നിഷ്കളങ്കരായി സൃഷ്ടിനാഥന്റെ വിളിക്കുത്തരം നല്കി പുണ്യഭൂമിയിലെത്തി കര്‍മ്മങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ഉണ്ടാകുന്ന ശാന്തിയും സമാധാനവും കലുഷിതമായ ഇന്നത്തെ ലോകത്തിനു നല്കുന്ന ലോകോത്തര മാതൃകയാണ്. ലോകത്ത് ഒരു മതത്തിലും ഓരോ വര്‍ഷം കൂടുമ്പോഴും ഇങ്ങനെയൊരു മഹാസമ്മേളനം നടക്കുന്നില്ലെന്നും ഇസ്ലാം സമാധാനത്തിന്റെയും ശാന്തിയുടെയും മതമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളാ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്നു ഈ വര്‍ഷം ഹജ്ജിനു പോകുന്ന ഹാജിമാര്‍ക്കുള്ള മൂന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. എ. അബ്ദുല്‍ റഹിമാന്‍ അധ്യക്ഷനായി.
ജില്ലാ ട്രെയിനര്‍ എന്‍.പി സൈനുദ്ധീന്‍ ഹാജിമാര്‍ക്കു ക്ലാസെടുത്തു. സിദ്ധീഖ് നദ്വി ചേരൂര്‍,മൂസ ബി ചെര്‍ക്കള, ട്രെയിനര്‍മാരായ സാലിഹ്, അമാനുള്ള, ഹമീദ് ഹാജി, സിറാജ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."