കാട്ടാനക്കൂട്ടം വീണ്ടും ആനമതില്‍ തകര്‍ത്തു
ഇരിട്ടി: മന്ത്രി തലത്തില്‍ അവലോകന യോഗം ചേര്‍ന്നിട്ടും ആറളം ഫാം ആദിവാസി പുരധിവാസ മേഖലയിലെ കാട്ടാന ശല്യത്തിന് പരിഹാരം ഉണ്ടാകുന്നില്ല.
കഴിഞ്ഞ രാത്രി ആനമതില്‍ തകര്‍ത്തെത്തിയ ആനക്കൂട്ടം പുനരധിവാസ മേഖലയില്‍ ഭീതി വിതച്ചു. വീടിന്റെ മുറ്റത്തോളം എത്തിയ ആനക്കൂട്ടം നിരവധി പേരുടെ കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശം വരുത്തി. ആറളം ഫാം പത്താം ബ്ലോക്ക് കോട്ടപ്പാറ മേഖലയിലാണ് ആറളം വന്യജീവി സങ്കേതത്തില്‍നിന്ന് ആനക്കൂട്ടം വനാതിര്‍ത്തിയിലെ ആനമതില്‍ തകര്‍ത്ത് ജനവാസ മേഖലയിലേക്ക് പ്രവേശിച്ചത്.
ബുധാനാഴ്ച രാത്രി എട്ടോടെയാണ് ആനക്കൂട്ടം എത്തിയത്. വീട്ടുമുറ്റത്ത് ആന നില്‍ക്കുന്നത് കണ്ടു പലരും വീട്ടിനുള്ളില്‍ നിന്നു രക്ഷപ്പെട്ട് ഓടുകയായിരുന്നു. പ്രായമായവരും കുട്ടികളുമൊത്ത് കഴിയുന്നവര്‍ ലൈറ്റ് അണച്ച് വീട്ടിനുള്ളില്‍ തന്നെ കഴിഞ്ഞു. മണിക്കൂറുകളോളം പ്രദേശത്തെ വീടുപറമ്പുകളില്‍ നിലയുറപ്പിച്ച ആനക്കൂട്ടം പത്തോടെയാണ് കാടുകളിലേക്ക് മടങ്ങിയത്.
പ്രദേശവാസികളായ ശൈലജ കൃഷ്ണന്‍, ജാനു നാരായണന്‍, രാഘവന്‍ പുലിയേരി, കുമ്മാരന്‍ പുതുശ്ശേരി എന്നിവരുടെ വീട്ടുപറമ്പിലെ വാഴ, തെങ്ങ്, കമുങ്ങ്, റബര്‍ എന്നിവ വ്യാപകമായി നശിപ്പിച്ചു. ശൈലജയുടെ വീട്ടുമറ്റത്തെ കിണറിന്റെ ആള്‍മാറയ്ക്ക് ആഞ്ഞുകുത്തിയ കൊമ്പന്‍ ഭിത്തിയില്‍ വിള്ളല്‍ വീഴ്ത്തി.
കോട്ടപ്പാറ വനംവകുപ്പ് ഓഫിസിന് സമീപത്താണ് ആനക്കൂട്ടം ആനമതില്‍ തകര്‍ത്തത്. ഇരുപതോളം മീറ്റര്‍ മതില്‍ പൂര്‍ണമായും തകര്‍ന്നു. ഇതുവഴിയാണ് ആറോളം ആനകള്‍ ജനവാസ മേഖലയിലേക്ക് പ്രവേശിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."