സമാധാനത്തിനു വേണ്ടി സഹകരിക്കും:അക്രമികളെ സംരക്ഷിക്കില്ല
തിരുവനന്തപുരം: സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനായി സഹകരിക്കുമെന്നും അക്രമികളെ സംരക്ഷിക്കില്ലെന്നും സി.പി.എം,ബി.ജെ.പി നേതാക്കള്‍. തൈക്കാട് ഗവ. ഗസ്റ്റ് ഹൗസില്‍ ഇന്നലെ രാവിലെ ചേര്‍ന്ന ഉഭയകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നേതാക്കള്‍.
ജില്ലയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കി ശാശ്വത സമാധാനം നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും സംയമനം പാലിക്കാനും ഇരു പാര്‍ട്ടിയിലെയും പ്രവര്‍ത്തകരോട് നേതാക്കള്‍ ആഹ്വാനം ചെയ്തു.
അതേസമയം ഉഭയകക്ഷി ചര്‍ച്ചയുടെ ദൃശ്യങ്ങള്‍ എടുക്കുന്നതില്‍ നിന്ന് സി.പി.എം നേതാക്കള്‍ മാധ്യമങ്ങളെ വിലക്കി. പ്രകോപനപരമായ പ്രസ്താവനകള്‍ ഇരുകൂട്ടരും ഒഴിവാക്കും. വീടുകള്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്കും നേരെ അക്രമം ഉണ്ടാകരുതെന്നാണ് യോഗത്തിലുയര്‍ന്ന പൊതുവികാരം.
പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ക്കും ഓഫിസുകള്‍ക്കും നേരെയുണ്ടായ ആക്രമണങ്ങളെ യോഗം അപലപിച്ചതായി യോഗത്തിന് ശേഷം പുറത്തിറങ്ങിയ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരത്ത് സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ഇരുകൂട്ടരും ശക്തമായ നിലപാടെടുക്കണം. അതത് പാര്‍ട്ടികളില്‍നിന്ന് പ്രകാപനപരമായ പ്രസ്താവനകളും നിലപാടുകളും ഉണ്ടാകാതിരിക്കാന്‍ നേതാക്കന്മാര്‍ ശ്രദ്ധിക്കും. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ബി.ജെ.പി, സി.പി.എം നേതാക്കള്‍ ഇടപെട്ട് പരിഹരിക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനത്തുണ്ടായ സംഭവവികാസങ്ങളില്‍ പൊലിസ് എടുത്ത കേസുകളില്‍ ഇടപെടില്ലെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു.
ഒരു തരത്തിലുള്ള അക്രമ സംഭവങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ ഇരു പാര്‍ട്ടികളിലെയും ജില്ലാ സംസ്ഥാന നേതാക്കള്‍ മുന്‍കൈ എടുക്കും.
ചെറിയ കൈയേറ്റങ്ങള്‍ പോലും ഉണ്ടാകാന്‍ പാടില്ല. സമാധാനശ്രമങ്ങള്‍ പ്രവര്‍ത്തകരിലെത്തിക്കാന്‍ നടപടിയുണ്ടാകുമെന്നും സി.പി.എം അറിയിച്ചു.
യോഗത്തില്‍നിന്ന് മാധ്യമങ്ങളെ വിലക്കിയതിനോട് സമാധാന ചര്‍ച്ച നടക്കുന്ന ഘട്ടത്തില്‍ മാധ്യമ സാനിധ്യം ഗുണകരമാകില്ലെന്നായിരുന്നു ആനാവൂര്‍ നാഗപ്പന്റെ പ്രതികരണം.
പൊലിസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നായിരുന്നു യോഗത്തില്‍ ബി.ജെ.പിയുടെ പ്രധാന പരാതി. ഏറെ വികസനങ്ങള്‍ കടന്നുവരേണ്ട സ്ഥലമാണ് തിരുവനന്തപുരം.
പൊലിസ് ആസ്ഥാനം ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് പാര്‍ട്ടി ഓഫിസുകളും വീടുകളും അതിക്രമിക്കപ്പെടുന്ന അവസ്ഥ മാറി നിയമ സംവിധാനം നിഷ്പക്ഷമായി മുന്നോട്ട് പോകണമെന്ന് യോഗത്തിന് ശേഷം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. എസ് സുരഷ് പ്രതികരിച്ചു. തലസ്ഥാനത്ത് ചില ക്രിമിനലുകള്‍ രാഷ്ട്രീയക്കാരും ചില രാഷ്ട്രീയക്കാര്‍ ക്രിമിനലുകളുമായി മാറുന്ന ദയനീയ സാഹചര്യമാണുള്ളത്. ക്രിമിനലുകളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും വേര്‍തിരിച്ച് കാണണമെന്ന് സി.പി.എമ്മിനോട് ആവശ്യപ്പെട്ടതായും ബി.ജെ.പി അറിയിച്ചു.
ഇക്കാര്യത്തില്‍ ക്രിയാത്മക നടപടിയുണ്ടാകുമെന്ന് സി .പി. എം നേതാക്കള്‍ ഉറപ്പും നല്‍കി. താഴേത്തട്ടിലേക്ക് സമാധാന സന്ദേശം എത്തിക്കുമെന്ന് പ്രഖ്യാപിച്ചാണ് യോഗം പിരിഞ്ഞത്.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വി ശിവന്‍കുട്ടി, ആര്‍.എസ്.എസ് പ്രതിനിധികളായ ടി.വി പ്രസാദ് ബാബു, പി.സുധാകരന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."