നിങ്ങളുടെ ഉള്ളറ പരിശോധിച്ചിട്ടുണ്ടോ?
ജാവത്സലനായിരുന്നു രാജാവ്.
അടുത്തറിയുന്നവര്‍ക്കാര്‍ക്കും അദ്ദേഹത്തെ പറ്റി ഒരു കുറ്റവും പറയാനില്ല. കാര്യങ്ങളെല്ലാം ഭംഗിയായി മുന്നോട്ടുപോകുന്നു. എല്ലാവരും സന്തുഷ്ടര്‍.. പക്ഷെ, കൂട്ടത്തില്‍ ഒരുത്തനുണ്ട്. ദുസ്വഭാവം അലങ്കാരമായി കൊണ്ടുനടക്കുന്ന ഒരാള്‍. അവസരം കിട്ടുമ്പോഴെല്ലാം രാജാവിനെ വിമര്‍ശിക്കലാണു പ്രധാന ജോലി. അവനെ രാജാവിന് നന്നായി അറിയാം. തന്നെ കുറിച്ച് അവന്‍ പടച്ചുണ്ടാക്കുന്ന ഇല്ലാകഥകള്‍ അദ്ദേഹം കേള്‍ക്കാറുണ്ട്. എന്നാലും അവനെതിരെ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നതാണ് അത്ഭുതം.
ഒരിക്കല്‍ തനിക്കെതിരെയുള്ള അവന്റെ കെട്ടുകഥകളും വിമര്‍ശനങ്ങളും അതിരു കടന്നപ്പോള്‍ സഹികെട്ടു. അവനെ നിലയ്ക്കു നിര്‍ത്താന്‍തന്നെ രാജാവ് തീരുമാനിച്ചു. അതിന് അദ്ദേഹം കണ്ട വഴിയാണു രസം.
ഒരു പെട്ടി സോപ്പ്, ഒരു കൂട്ടം വെള്ളവസ്ത്രം, പത്തുകിലോ പഞ്ചസാര.. രണ്ടു കുപ്പി വെള്ളം.. ഈ നാലും ഒരു സഞ്ചിയിലാക്കി രാജാവ് തന്റെ മന്ത്രിയോട് പറഞ്ഞു: ''ഈ സഞ്ചി നീ എന്റെ വിമര്‍ശകനു കൊണ്ടുപോയി കൊടുക്കണം...!''
മന്ത്രി അത്ഭുതപ്പെട്ടുപോയി. അദ്ദേഹം ചോദിച്ചു: ''വിമര്‍ശകനു സമ്മാനമോ..?''
''അതെ, സമ്മാനം തന്നെ.. ഈ സമ്മാനദാനത്തിന്റെ പൊരുള്‍ പിന്നീട് മനസിലായിക്കൊള്ളും..''
രാജകല്‍പന മാനിച്ച് മന്ത്രി വിമര്‍ശകന്റെ വീട്ടില്‍ ചെന്നു. സഞ്ചി അവന്റെ കൈയ്യിലേല്‍പിച്ചുകൊണ്ടു പറഞ്ഞു: ''രാജാവ് തന്നേല്‍പിച്ചതാണ്...''
സഞ്ചി കിട്ടിയപ്പോഴേക്കും വിമര്‍ശകന്റെ മട്ടുമാറി. അയാളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം. രാജാവ് തന്നെ ആദരിച്ചിരിക്കുകയാണെന്നുതന്നെ അവന്‍ ഉറപ്പിച്ചു. പിന്നെ വൈകിയില്ല. സുഹൃത്തുക്കളോടെല്ലാം വിവരം പങ്കുവച്ചു. കൂട്ടത്തില്‍ ബുദ്ധിമാനായ ഒരു സുഹൃത്തുണ്ടായിരുന്നു. അവന്‍ പറഞ്ഞു:
''രാജാവിന്റെ ബുദ്ധി ഞാന്‍ സമ്മതിക്കുന്നു.. നിന്റെ ബുദ്ധിശൂന്യതയില്‍ സഹതപിക്കുകയും ചെയ്യുന്നു...''
അവന്‍ ചോദിച്ചു: ''അതെന്താ അങ്ങനെ പറയാന്‍...?''
സുഹൃത്ത് പറഞ്ഞു: ''രാജാവ് നിനക്കു സമ്മാനങ്ങള്‍ തന്നത് നിന്നോടുള്ള ആദരവുകൊണ്ടല്ല. നിന്റെ ശല്യമൊഴിവായിക്കിട്ടാനാണ്...''
''അതെങ്ങനെ...?''
''വെള്ളം നിന്റെ അകത്തെ മാലിന്യം കഴുകി വൃത്തിയാക്കാനാണ്. വെള്ളം ഒഴിച്ചതുകൊണ്ടൊന്നും മാലിന്യം പോവില്ലെന്നതുകൊണ്ടാണ് സോപ്പും തന്നത്. സോപ്പ് തേച്ച് ഉരച്ചുരച്ചു തന്നെ വൃത്തിയാക്കേണ്ട മാലിന്യമാണ് നിന്നില്‍ അടിഞ്ഞുകൂടിയിട്ടുള്ളത്. പഞ്ചസാര തന്നത് കൈപ്പേറിയ നിന്റെ നാവിനെ മധുരതരമാക്കാന്‍. വെള്ള വസ്ത്രം നിന്റെ കറുത്തിരുണ്ട ഹൃദയത്തിലണിയാനാണ്.. ഇരുണ്ടിരുണ്ട് കാണാന്‍ കൊള്ളാത്തതായി മാറിയിട്ടുണ്ടത്.''
സുഹൃത്തിന്റെ ഈ വിവരണം കേട്ടതോടെ നാണം കൊണ്ട് എന്തു ചെയ്യണമെന്നറിയാതെ അവന്‍ കുഴങ്ങി. രാജസമ്മാനത്തെ കുറിച്ച് പിന്നീടവന്‍ ക മ മിണ്ടിയില്ലെന്നാണ്..
ദിവസവും കുളിച്ചുവൃത്തിയാകുന്നവരാണു നാം. കുളിക്കാതെ ജനമധ്യത്തിലേക്കിറങ്ങുന്നത് നാണക്കേടുണ്ടാക്കും. എന്നാല്‍ ശരീരം വൃത്തിയാക്കുന്ന പോലെ എന്നെങ്കിലുമൊരു ദിവസം മനസ് വൃത്തിയാക്കാന്‍ നാം ശ്രമിച്ചിട്ടുണ്ടോ...? വസ്ത്രത്തില്‍ നേരിയൊരു പാടുപോലും വച്ചുപൊറുപ്പിക്കാനാവാത്തവരാണു നാം. എന്നാല്‍ മനസില്‍ അടിക്കടി അടിഞ്ഞുകൂടുന്ന തിന്മകളാകുന്ന കറുത്ത പാടുകള്‍ വച്ചുപൊറുപ്പിക്കാന്‍ നമുക്കെങ്ങനെ കഴിയുന്നു..? മുഖം മിനുക്കാന്‍ ബ്യൂട്ടിപാര്‍ലറുകളിലേക്കു പോകുന്നവര്‍ നാം. എന്നാല്‍ അകം മിനുക്കാന്‍ എവിടേക്കെങ്കിലും പോകാറുണ്ടോ..? വിശേഷദിനങ്ങളാഘോഷിക്കാന്‍ പുതുപുത്തന്‍ വസ്ത്രങ്ങള്‍ എത്ര വിലകൊടുത്തും വാങ്ങും.. നഗ്നത മറക്കലും അലങ്കാരവുമാണ് വസ്ത്രത്തിന്റെ മുഖ്യലക്ഷ്യം. എന്നാല്‍ അകം മറക്കാനും അകം അലങ്കരിക്കാനും എന്തു വസ്ത്രമാണ് വാങ്ങാറുള്ളത്..? സൗന്ദര്യം വര്‍ധിപ്പിക്കാന്‍ സൗന്ദര്യവര്‍ധകവസ്തുക്കളുണ്ട്. അകം മോടിപിടിപ്പിക്കാനുതകുന്ന വല്ല സൗന്ദര്യവര്‍ധകവസ്തുവും നാം അന്വേഷിക്കാറുണ്ടോ...?
കാലങ്ങളായി നാം പുറത്തുതന്നെയാണ്. പുറം നന്നാക്കിയും മോടിപിടിപ്പിച്ചും നാം അവിടെ തന്നെ കഴിഞ്ഞുകൂടുന്നു. എപ്പോഴും പുറം മാത്രം നോക്കിനിന്നാല്‍ പുറത്തായിപ്പോകും. ഇനി അകത്തേക്ക് കയറിനോക്കാം. പരിഗണന തീരെയും ലഭിക്കാത്തതിനാല്‍ അകമാകെ പൊടിപിടിച്ച് കിടക്കുകയാണ്. വീടു കാണാന്‍ വരുന്നവര്‍ പുറം മാത്രം കണ്ടുപോവില്ല. അകത്തേക്കു കയറിവരും. അകം മാറാല പിടിച്ച് വൃത്തികേടായി കിടക്കുന്നുവെങ്കില്‍ പുറത്തെ അലങ്കാരങ്ങളൊന്നും അവരെ സന്തോഷിപ്പിക്കില്ല.
നാം പുറത്തു കഴിയേണ്ടവരല്ല, അകത്ത് പാര്‍ക്കേണ്ടവരാണ്. അകത്താണ് വൃത്തി വേണ്ടത്. അവിടെയാണ് സൗന്ദര്യവും സൗഗന്ധികാന്തരീക്ഷവും കളിയാടേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."