മുത്തൂറ്റ് തൊഴിലാളികളുടെ പണിമുടക്ക് തുടങ്ങി
കോഴിക്കോട്: മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളികളെ അന്യായമായി പിരിച്ചുവിടുകയും സ്ഥലം മാറ്റുകയും ചെയ്യുന്ന നടപടിയില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ നടത്തുന്ന സൂചനാ പണിമുടക്ക് തുടങ്ങി.
ഇന്നലെ രാവിലെ മുതലാണ് തൊഴിലാളികള്‍ സംസ്ഥാനത്തൊട്ടാകെ പണിമുടക്കിയത്. അതേസമയം കോഴിക്കോട് സി.എസ്.ഐ കോംപ്ലക്സിലെ ശാഖ തുറക്കാനെത്തിയ ഉദ്യോഗസ്ഥരെ തൊഴിലാളികള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
താഴെതട്ടിലുള്ള കുറഞ്ഞ വേതനത്തിന് ജോലിചെയ്യുന്ന ജീവനക്കാരുടെ പ്രശ്നങ്ങളാണ് തങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നതെന്നും ഒരു കാരണവശാലും ഓഫിസ് തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സമ്മതിക്കില്ലെന്നും സമരത്തിന് നേതൃത്വം നല്കുന്ന സി.ഐ.ടി.യു നേതാക്കള്‍ അറിയിച്ചു.
കുറഞ്ഞ ശമ്പളത്തിന് ജോലിചെയ്യുന്ന ജീവനക്കാരെ അനധികൃതമായി സ്ഥലം മാറ്റാന്‍ അനുവദിക്കില്ലെന്നും നേതാക്കള്‍ അറിയിച്ചു.
സ്ഥലത്ത് സംഘര്‍ഷ സാധ്യതയായതോടെ കസബ സി.ഐ പ്രമോദിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
അതേസമയം ജീവനക്കാര്‍ പണിമുടക്ക് തുടര്‍ന്നാല്‍ ഓഫിസ് തുറക്കുന്നതിനായി പൂട്ട് മാറ്റുകയാണ് തങ്ങള്‍ ചെയ്യുകയെന്ന് ഓഡിറ്റര്‍മാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."