പത്ത് വര്‍ഷത്തിനുള്ളില്‍ രണ്ടു കോടി തെങ്ങിന്‍തൈകള്‍ ഉല്‍പാദിപ്പിക്കും: മന്ത്രി
ബാലുശേരി: കേരഗ്രാമം പദ്ധതിയിലൂടെ ബാലുശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഒരു വര്‍ഷം ഓരോ വാര്‍ഡിലും 75 തെങ്ങിന്‍ തൈകള്‍ വീതം നട്ടുപിടിപ്പിച്ച് പത്ത് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി തെങ്ങിന്‍ തൈകള്‍ ഉദ്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍.
ഇതിന് ഓരോ വാര്‍ഡിലും ഓരോ കമ്മിറ്റി രൂപീകരിക്കണം. നാളികേര കൃഷിയില്‍ സമഗ്ര പുരോഗതിയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി എരമംഗലം എ.യു.പി സ്‌കൂളില്‍ നടത്തിയ പ്രളയാനന്തര പുനസൃഷ്ടി, തോട് നവീകരണം, കേര സെമിനാര്‍ തുടങ്ങിയവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2018-28 വരെ 10 വര്‍ഷം നീണ്ടു നില്‍ക്കുന്ന ബൃഹത്തായ കോക്കനട്ട് മിഷന്‍ പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം. എല്‍.എ അധ്യക്ഷനായി.
പദ്ധതിയോടനുബന്ധിച്ച് കേര കര്‍ഷകര്‍ക്ക് ശാസ്ത്രീയ അറിവ് നല്‍കാനായി സംഘടിപ്പിച്ച സെമിനാറില്‍ നിരവധി കര്‍ഷകര്‍ പങ്കെടുത്തു. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് ഡോ.സി തമ്പാന്‍ ക്ലാസുകളെടുത്തു. ചടങ്ങില്‍ മികച്ച കര്‍ഷകരെ ആദരിച്ചു.
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, വൈസ് പ്രസിഡന്റ് കെ.ശ്രീജ, സംസ്ഥാന നാളികേര കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എം.നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയരക്ടര്‍ ബിജിമോള്‍.കെ ബേബി, ബാലുശ്ശേരി കൃഷി ഓഫീസര്‍ വിദ്യ.പി, പെരിങ്ങിനി മാധവന്‍, ഡി.ബി സബിത, കെ.കെ പരീദ്, പി.എന്‍ അശോകന്‍, വി.കെ ഷീബ, എന്‍.പി ബാബു, കെ.ഗണേശന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."