പയ്യന്നൂരിലെ വ്യാജരേഖ കേസ്: പ്രതിയായ അഭിഭാഷകയുടെ വീട് എറിഞ്ഞുതകര്‍ത്തു
പയ്യന്നൂര്‍: റിട്ട.ഡെപ്യൂട്ടി സഹകരണ രജിസ്ട്രാര്‍ പി.ബാലകൃഷ്ണന്റെ സ്വത്തുക്കള്‍ വ്യാജരേഖ ചമച്ചു തട്ടിയ കേസിലെ അഭിഭാഷക കെ.വി ശൈലജയുടെ വീട് ഒരുസംഘമാളുകള്‍ എറിഞ്ഞുതകര്‍ത്തു.
കേസില്‍ ഒളിവില്‍ കഴിയുന്ന കെ.വി ശൈലജയുടെ കേളോത്ത് തായിനേരി റോഡിലുള്ള വീടിനുനേരെയാണ് ഇന്നലെ പുലര്‍ച്ചെ അക്രമം നടന്നത്. വീടിന്റെ താഴത്തെയും മുകളിലത്തെയും ജനല്‍ചില്ലുകള്‍ തകര്‍ന്നു. പയ്യന്നൂര്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
കേസിലെ ഒന്നാം പ്രതിയായ അഭിഭാഷക കെ.വി ശൈലജയെയും രണ്ടാം പ്രതിയായ ശൈലജയുടെ ഭര്‍ത്താവ് പി.കൃഷ്ണകുമാറിനെയും കണ്ടെത്തുന്നതിനായി പയ്യന്നൂര്‍ എസ്.ഐ എം.എന്‍ ബിജോയിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എറണാകുളത്ത് പരിശോധന നടത്തിയിരുന്നു. പ്രതികളെ കണ്ടെത്താനാകാതെ അന്വേഷണ സംഘം ഇന്നലെ ഉച്ചയോടെ പയ്യന്നൂരില്‍ തിരിച്ചെത്തി.
അഭിഭാഷകയുടെ മകള്‍ പഠിക്കുന്ന ലോ കോളജിന്റെ വിവിധ ലോഡ്ജുകളിലും തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആണ്. ശൈലജയുടെയും ഭര്‍ത്താവ് കൃഷ്ണകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഏഴിന് പരിഗണിക്കും. അതിനിടെ, അഭിഭാഷകയെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തു.
കേസിലെ മൂന്നാം പ്രതിയായ കെ.വി ജാനകിയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."