നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം; അന്വേഷണം ഊര്‍ജിതമാക്കി
കൊല്ലം: കൊട്ടാരക്കര വാളകത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലിസ്. കുട്ടിയുടെ പൊക്കിള്‍ കൊടിയില്‍ കണ്ടെത്തിയ നീല നിറത്തിലുള്ള ക്ലിപ് ഉപയോഗിച്ചായിരുന്നു അന്വേഷണം ആരംഭിച്ചത്. ജില്ലയിലെ സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളില്‍ പൊലിസ് അന്വേഷിച്ചെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. നീല നിറത്തിലുള്ള ക്ലിപ് കൊല്ലം ജില്ലയിലെ ആശുപത്രികളില്‍ ഉപയോഗിക്കുന്നതല്ല. ജില്ലയില്‍ പൊതുവില്‍ വെള്ള നിറത്തിലെ ക്ലിപ്പാണ് ഉപയോഗിക്കുന്നതത്രെ. ഇതിനിടെ ഒരാഴ്ച പ്രായമുള്ള പെണ്‍കുട്ടിയെ ആരോഗ്യവതിയായി കൊല്ലം കച്ചേരി മുക്കില്‍ പ്രവര്‍ത്തിക്കുന്ന ശിശു ക്ഷേമ സമിതിയുടെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ പരിചരിച്ചുവരികയാണ്. കുട്ടിയുടെ അമ്മ തന്നെ ആയിരിക്കണം നവജാത ശിശുവിനെ ഉപക്ഷിച്ചതെന്ന് പൊലിസ് കരുതുന്നില്ല. ഇത് സംബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍ കേന്ദ്രീകരിച്ചും പൊലിസ് അന്വേഷണം നടത്തും. ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ പ്രസക്ത വകുപ്പുകള്‍ക്ക് പുറമെ
ബോധപൂര്‍വമായ നരഹത്യയ്ക്കുള്ള ശ്രമം, കുട്ടികള്‍ക്ക് നേരെയുള്ള ക്രൂരത എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. രണ്ട് മാസത്തിനകം കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ശിശു ക്ഷേമ സമിതി ദത്തെടുത്തതായി സ്ഥിരീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."