ഓട്ടോ ടാക്‌സി യാത്രക്കാരെ കൊള്ളയടിക്കുന്നു
ഒലവക്കോട്: സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിച്ചെങ്കിലും ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രക്കാരെ കൊള്ളയടിക്കല്‍ തുടരുകയാണ്.
ഓട്ടോ ചാര്‍ജ്ജ് 20 രൂപയില്‍ നിന്ന് 25 ആക്കി ഉയര്‍ത്തിയെങ്കിലും യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത് 30 രൂപയാണ്.
മാത്രമല്ല, കിലോമീറ്ററിനുസരിച്ചുള്ള ചാര്‍ജ്ജും മീറ്ററില്‍ കാണുന്ന ചാര്‍ജ്ജോ അല്ല മിക്ക ഓട്ടോ ഡ്രൈവര്‍മാരും ഈടാക്കുന്നത്. നഗര പരിധിയില്‍ സര്‍വിസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ബന്ധമുണ്ടെങ്കിലും മിക്ക ഓട്ടോറിക്ഷകളിലും മീറ്റര്‍ നോക്കുകുത്തിയാണ്.
പാലക്കാട് നഗരത്തില്‍ ടൗണ്‍ പെര്‍മിറ്റുള്ള 1600 ഓളം ഓട്ടോറിക്ഷകളുണ്ടെങ്കിലും മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ടൗണ്‍ പെര്‍മിറ്റുള്ള ഓട്ടോ നിരവധിയാണ്. ഒന്നര കിലോ മീറ്ററിന് 25 രുപയെന്നിരിക്കെ ഒരു കിലോമീറ്റര്‍ ദൂരമുള്ള സ്ഥലത്തേയ്ക്കുപ്പോലും മിക്കവരും വാങ്ങുന്നത് 30, 40 രൂപയാണ്.
ഇതിനു പുറമെ നഗരത്തിലെ ഗതാഗത പരിഷ്‌കരണങ്ങളും സമരപരിപാടികളുമൊക്കെ മുതലാക്കി അധിക തുക ഈടാക്കുന്നവരുമുണ്ട്. ബസ്‌സ്റ്റാന്റിലെത്തുന്ന ഇതര സംസ്ഥാനക്കാരെ റെയില്‍വേ സ്റ്റേഷനിലേയ്ക്കും മറ്റു ദീര്‍ഘദൂരങ്ങളുലേയ്ക്കും സവാരി വിളിച്ചാല്‍ ഇവരെ കൊള്ളയടിക്കുന്ന സംഘങ്ങളുമുണ്ട്. നഗരത്തിലെ ഓട്ടോറിക്ഷ പ്രീപെയ്ഡ് ബൂത്തുകള്‍ നോക്കുകുത്തികളായതും ടൗണ്‍സ്റ്റാന്റ്, മുനിസിപ്പല്‍ സ്റ്റാന്റ്, സ്റ്റേഡിയം സ്റ്റാന്റുകളില്‍ ഓട്ടോറിക്ഷ പ്രീപെയ്ഡ് ബൂത്തുകള്‍ ഇല്ലാത്തതും ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലെ പ്രീപെയ്ഡ് ബൂത്ത് വര്‍ധനക്കനുസരിച്ച ്ക്രമീകരണം നടത്താതതും യാത്രക്കാരോടുള്ള ഓട്ടോറിക്ഷക്കാരുടെ ചൂഷണത്തിന് സഹായകമാവുകയാണ്. സുല്‍ത്താന്‍പേട്ടയിലെ ഗതാഗത പരിഷ്‌ക്കാരവും കോട്ടമൈതാനത്തിലെ ഗതാഗത പരിഷ്‌ക്കാരണവുമൊക്കെ മുതലെടുത്തുള്ള ഓട്ടോക്കാരുടെ കൊള്ളയടി തുടരുകയാണ്.
മിക്ക ഓട്ടോറിക്ഷക്കാരും അമിത ചാര്‍ജ്ജ് ഈടാക്കുന്നതു സംബന്ധിച്ച് തര്‍ക്കങ്ങള്‍ പതിവാകുമ്പോള്‍ നിയമപാലക സംവിധാനങ്ങള്‍ പ്രാവര്‍ത്തികമാവുന്നില്ലെന്ന ആക്ഷേപങ്ങള്‍ ഉയരുകയാണ്. പുതിയ നിരക്കും കിലോമീറ്ററിനുസരിച്ചുള്ള നിരക്കുകള്‍ സംബന്ധിച്ച് വില വിവരപ്പട്ടിക ബന്ധപ്പെട്ട വകുപ്പ് ഇറക്കാത്തതും ഓട്ടോക്കാരുടെ കൊള്ളയടിയ്ക്ക് തുണയാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."