വിദ്യാര്‍ഥികളുടെ പ്രകടനത്തിന് നേരെ ആര്‍.എസ്.എസ് ആക്രമണം നിരവധി പേര്‍ക്ക് പരുക്ക്
കൂത്തുപറമ്പ്: പൗരത്വ നിയമ ഭേദഗതിക്കെതിരേ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേരെ ആര്‍.എസ്.എസ് അക്രമണം. മമ്പറം ഇന്ദിരാഗാന്ധി കോളജിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രകടനത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയിലുണ്ടായ പൊലിസ് അതിക്രമത്തിനെതിരേയായിരുന്നു വിദ്യാര്‍ഥികളുടെ പ്രകടനം. ടൗണില്‍ എത്തി തിരിച്ച് കോളജിലേക്ക് വരുന്നതിനിടെ ആര്‍.എസ്.എസ് പ്രവര്‍ത്തകരായ ഒരുസംഘം തങ്ങള്‍ക്ക് നേരെ സോഡാ കുപ്പികളും മറ്റും വലിച്ചെറിയുകയും ട്രേകളും മറ്റും ഉപയോഗിച്ച് മര്‍ദിക്കുകയുമായിരുന്നുവെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.
പതിനഞ്ചോളം വിദ്യാര്‍ഥികള്‍ക്കാണ് ആക്രമണത്തില്‍ പരുക്കേറ്റത്. പരുക്കേറ്റ സാജിദ് (21), ഷാബിന്‍ (19), അക്വല്‍ (18), മുഹമ്മദ് നിഹാദ് (22), മുഹമ്മദ് ഫയാസ് (20), പി. മുഹമ്മദ് ഫയാസ് (19), ഷാബിന്‍ ഷാദ് (19), റഈഫ് (18), റംഷാദ് (21), മിന്‍ഹാജ് (19), നികാഷ് (19), ഇര്‍ഷാദ് (18), കെ. സുഫൈദ് മുര്‍ഷിദ്, അഷ്ഹര്‍ദ്ദീന്‍ എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെത്തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പൊലിസാണ് വിദ്യാര്‍ഥികളെ സുരക്ഷിതമായി കാംപസിലേക്ക് എത്തിച്ചത്.തുടര്‍ന്ന് തലശ്ശേരി സി.ഐ കെ. സനല്‍കുമാര്‍, എസ്.ഐ കെ.വി ഉമേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലിസ് സ്ഥലത്തെത്തുകയും മമ്പറം ടൗണിലും കോളജിന് മുന്നിലും നിലയുറപ്പിച്ചു.
വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ മമ്പറം ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനം നേരിയതോതില്‍ അക്രമാസക്തമായി. കൂടുതല്‍ അക്രമ സംഭവങ്ങള്‍ ഉണ്ടാകുന്നത് ഒഴിവാക്കാനായി പ്രദേശത്തില്‍ ശക്തമായ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് വിദ്യാര്‍ഥികള്‍ക്കെതിരേയും സംഘര്‍ഷമുണ്ടാക്കിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരേയും കേസെടുത്തു.
അതിനിടെ അത്യന്തം പ്രകോപനപരമായി പ്രകടനം നടത്തി കാംപസ് ഫ്രണ്ട്, എസ്.എഫ്.ഐ വിദ്യാര്‍ഥികള്‍ ഇന്നലെ മമ്പറം ടൗണില്‍ അഴിഞ്ഞാടുകയായിരുന്നുവെന്ന് ബി.ജെ.പി ധര്‍മടം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."