ശൈത്യകാല സമ്മേളനത്തിന്റെ മൂന്നാം ദിനവും ബഹളം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിന്റെ മൂന്നാംദിനത്തിലും ബഹളം. റാഫേല്‍ ഇടപാട് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെ.പി.സി) രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ഇരുസഭയിലും കോണ്‍ഗ്രസ് പ്രതിഷേധിച്ചപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഡി.എം.കെ, അണ്ണാ ഡി.എം.കെ അംഗങ്ങള്‍ കാവേരി വിഷയവും ഉയര്‍ത്തി.
കഴിഞ്ഞദിവസം പോലെ ആന്ധ്രാപ്രദേശിനു പ്രത്യേക റെയില്‍വേ സോണ്‍ വേണമെന്ന് ടി.ഡി.പി ആവശ്യപ്പെട്ടപ്പോള്‍ രാമക്ഷേത്രം എത്രയും വേഗം നിര്‍മിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശിവസേനാ അംഗങ്ങളും ബഹളംവച്ചു. ബഹളം വച്ച ടി.ഡി.പി അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് സ്പീക്കര്‍ സുമിത്രാ മഹാജന്‍ മുന്നറിയിപ്പ് നല്‍കി. ബഹളം കാരണം ഇരുസഭകളും പലതവണ നിര്‍ത്തിവയ്ക്കുകയും ശമനമില്ലെന്ന് കണ്ടതോടെ ഇന്നത്തേക്ക് പിരിയുകയുമായിരുന്നു.
റിസര്‍വ് ബാങ്കിലെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍, നോട്ട് നിരോധനം എന്നിവയെ കുറിച്ച് ചര്‍ച്ചവേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇന്നലെ പുതിയ നോട്ടിസും ലോക്‌സഭാ സ്പീക്കര്‍ക്ക് നല്‍കിയിട്ടുണ്ട്.
2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ജവാന്‍മാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആദരാഞ്ജലിയര്‍പ്പിച്ച ശേഷമാണ് സഭാനടപടികള്‍ തുടങ്ങിയത്. ആക്രമണത്തിന്റെ 17ാം വാര്‍ഷികദിനമായ ഇന്നലെ, വീരജവാന്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി, വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, യു.പി.എ അധ്യക്ഷ സോണിയാഗാന്ധി, ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മാഹജന്‍, രാജ്യസഭാ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് തുടങ്ങിയവരും ജവാന്‍മാര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."