കോണ്‍ഗ്രസ് മതനിരപേക്ഷ പാരമ്പര്യം വിസ്മരിക്കരുത്
അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ഹൃദയഭൂമി എന്നറിയപ്പെടുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തിസ്ഗഡിലും കോണ്‍ഗ്രസ് വിജയിച്ചു എന്നത് ആഹ്ലാദകരം തന്നെയാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടന്ന മിക്ക നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പരാജയപ്പെടുകയായിരുന്നു. ആ നിലയ്ക്ക് ഇപ്പോഴത്തെ വിജയം കോണ്‍ഗ്രസിനു മുന്നോട്ടുള്ള ഓട്ടത്തില്‍ കിതപ്പു മാറ്റാന്‍ കിട്ടിയ സന്ദര്‍ഭമാണ്.
ഈ വിജയത്തിന്റെ തിളക്കത്തില്‍ മാത്രം ലോക്‌സഭാ തെരഞ്ഞെടുപ്പ് ജയിച്ചുകയറുവാന്‍ കോണ്‍ഗ്രസിനാവുമോ എന്നതാണ് ഇനിയുള്ള ചോദ്യം. ഇപ്പോള്‍ വിജയിച്ച സംസ്ഥാനങ്ങളിലെ വോട്ടിങ് പാറ്റേണ്‍ പരിശോധിക്കുകയാണെങ്കില്‍ നേരിയ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പല മണ്ഡലങ്ങളിലും ജയിച്ചതെന്നു വ്യക്തമാകും. സ്വതന്ത്രര്‍ മത്സരിച്ചിടത്തും വിമതര്‍ മത്സരിച്ചിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു. ജനം ബി.ജെ.പിക്കെതിരാണെങ്കിലും ബദലായി അവര്‍ ഇപ്പോഴും കോണ്‍ഗ്രസിനെ പരിഗണിക്കുന്നില്ല എന്നല്ലേ ഇതില്‍നിന്ന് മനസിലാക്കേണ്ടത്? ബി.ജെ.പിയുടെ ഹിന്ദുത്വ നിലപാടിനോട് ആഭിമുഖ്യമുണ്ടെങ്കിലും മോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ അവരെ താല്‍കാലികമായി ബി.ജെ.പിയില്‍നിന്ന് അകറ്റി എന്നുവേണം കരുതാന്‍.
ഉത്തരേന്ത്യയില്‍ മോദി സര്‍ക്കാരിനെതിരേയുള്ള രോഷം ഉയരുന്നു എന്നതു നേരാണ്. നോട്ട് നിരോധനവും കര്‍ഷകരുടെ ആത്മഹത്യകളും കൃഷി അനുബന്ധ പ്രവൃത്തികള്‍ ചെയ്തുപോന്നവരുടെ കഷ്ടപ്പാടും ചെറുകിട വ്യവസായ കച്ചവട സ്ഥാപനങ്ങളുടെ തകര്‍ച്ചയും തൊഴിലില്ലായ്മ രൂക്ഷമായതുമാണ് ബി.ജെ.പിക്കെതിരേ തിരിയാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കിയത്. ഭരണകൂട വിരുദ്ധ വികാരമാണ് മൂന്നു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് നേട്ടമായത്.
കോണ്‍ഗ്രസ് ഇവിടെ പുലര്‍ത്തിയ മൃദുഹിന്ദുത്വ സമീപനമല്ല അവരെ വിജയിപ്പിച്ചത്. സെമി ഫൈനലില്‍ കോണ്‍ഗ്രസ് കളിച്ചകളി വര്‍ഗീയതയെ കൂട്ടുപിടിച്ചായിരുന്നു. ബി.ജെ.പിക്കു രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിഞ്ഞില്ലെന്നും തങ്ങള്‍ക്ക് അതിനു കഴിയുമെന്നും മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് തെരഞ്ഞെടുപ്പു യോഗങ്ങളില്‍ പ്രസംഗിച്ചു. അവര്‍ക്കു രാമക്ഷേത്രം നിര്‍മിക്കാന്‍ കഴിഞ്ഞില്ല, ഞാനിതാ ഹനുമാന്‍ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നു, രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരികയാണെങ്കില്‍ രാമക്ഷേത്രം നിര്‍മിക്കും, 23,000 പഞ്ചായത്തുകളില്‍ ഗോശാല നിര്‍മിക്കും തുടങ്ങിയ വാഗ്ദാനങ്ങളാണ് കമല്‍നാഥ് ജനങ്ങള്‍ക്കു മുമ്പില്‍ നിരത്തിയത്. മാത്രമല്ല രാംവന്‍ഗമന്‍ എന്ന പേരിട്ട രാമരഥ യാത്രയും അദ്ദേഹം നടത്തി. രാമക്ഷേത്രം നിര്‍മിക്കാന്‍ ബി.ജെ.പി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചത് മറ്റൊരു കോണ്‍ഗ്രസ് നേതാവ് ഹരിശങ്കര്‍ ശുക്ലയാണ്.
ഇതു സി.പി.എം പറയുന്ന കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നയമല്ല. ശരിയായ അര്‍ഥത്തിലുള്ള മൃദുഹിന്ദുത്വ നയമാണ്. സി.പി.എം കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പുകൊണ്ടും പാര്‍ട്ടിലേക്ക് ആളെ കൂട്ടാനുമാണ് കോണ്‍ഗ്രസിനു മേല്‍ മൃദുഹിന്ദുത്വം ആരോപിക്കുന്നതെങ്കില്‍കൂടിയും നിജസ്ഥിതി പൊതുസമൂഹം അറിയേണ്ടതുണ്ട്. കാരണം ഇന്ത്യയോളം തന്നെ മഹിത പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്. ഒരുഘട്ടത്തിലും ഹിന്ദുത്വ യാഥാസ്ഥിതികരുമായോ തീവ്രവാദവുമായോ ആശയപരമായ കൈകോര്‍ക്കലിന് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സന്നദ്ധനായിരുന്നില്ല. കോണ്‍ഗ്രസിനകത്തെ ഹിന്ദുത്വ യാഥാസ്ഥിതികരുമായി പല ഘട്ടങ്ങളിലും നെഹ്‌റു ഏറ്റുമുട്ടിയിട്ടുണ്ട്. മൗലാന അബുല്‍കലാം ആസാദിനേയും സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിനെയും തന്റെ ഇരുവശത്തും നിര്‍ത്തി കോണ്‍ഗ്രസിനെ മുന്നോട്ടു നയിച്ച മഹദ് വ്യക്തിയായിരുന്നു നെഹ്‌റു.
ഒരിക്കല്‍ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളും കോണ്‍ഗ്രസിന്റെ മുസ്‌ലിം മുഖ്യമന്ത്രിമാര്‍ ഭരിച്ചിരുന്നു . ബിഹാറില്‍ അബ്ദുല്‍ ഗഫൂറും രാജസ്ഥാനില്‍ ബര്‍ക്കത്തുല്ലാഖാനും മഹാരാഷ്ട്രയില്‍ അബ്ദുറഹ്മാന്‍ ആന്തുലെയും മണിപ്പൂരില്‍ മുഹമ്മദ് അമീറുദ്ദീനും അസമില്‍ അന്‍വറാ തൈമൂറും പോണ്ടിച്ചേരിയില്‍ ഫാറൂഖ് മരിക്കാറും മുഖ്യമന്ത്രിമാരായത് കോണ്‍ഗ്രസ് നേതാക്കളായിട്ടായിരുന്നു. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സമുന്നത നേതാവെന്നു പറയപ്പെടുന്ന അഹമ്മദ് പട്ടേലിന് രാജസ്ഥാനിലും മധ്യപ്രദേശിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനു പോകാന്‍ പോലും പറ്റിയില്ല. തന്നോടു പ്രചാരണത്തിനു വരേണ്ടെന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞതെന്ന് മറ്റൊരു നേതാവായ ഗുലാംനബി ആസാദ് പരിതപിക്കുന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസടക്കം പല പാര്‍ട്ടികളില്‍ നിന്നുമായി കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടത് വെറും 18 മുസ്‌ലിം സ്ഥാനാര്‍ഥികളാണെന്നോര്‍ക്കുമ്പോള്‍ കോണ്‍ഗ്രസ് എത്രമാത്രം മാറിപ്പോയിരിക്കുന്നു എന്ന ചിന്തയാണ് ഉയരുന്നത്.
1967 മുതല്‍ ഇന്ത്യയില്‍ വര്‍ഗീയ ധ്രുവീകരണം ആരംഭിച്ചിട്ടുണ്ട്. അന്നും കോണ്‍ഗ്രസിന്റെ നിലപാടായിരുന്നു ഇതിനു നിദാനമായത്. അടിയന്തരാവസ്ഥയോടെ ഇതു രൂക്ഷമായി. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങള്‍ക്ക് ഇരയായത് ഭൂരിപക്ഷവും മുസ്‌ലിംകളായിരുന്നു. അടിയന്തരാവസ്ഥ കഴിഞ്ഞതിനു ശേഷമുണ്ടായ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റമ്പി. മുസ്‌ലിംകള്‍ കൂട്ടത്തോടെ ജനതാ പാര്‍ട്ടിക്ക് വോട്ടു ചെയ്തതിനാലായിരുന്നു ഇങ്ങനെ സംഭവിച്ചത്. തുടര്‍ന്നുണ്ടായ രാമക്ഷേത്ര വിവാദം ഇന്ത്യയില്‍ വര്‍ഗീയ വിഭജനം രൂക്ഷമാക്കി. ഇതിനെയെല്ലാം മതനിരപേക്ഷ നിലപാടുകൊണ്ട് പ്രതിരോധിക്കേണ്ടിയിരുന്ന കോണ്‍ഗ്രസ് ആകട്ടെ ഹിന്ദുത്വ തീവ്രവാദത്തിന്റെ ബിടീമായി മാറുകയുമായിരുന്നു. ഭയപ്പെടുത്തുന്ന തരത്തില്‍ ഹിന്ദുത്വ വര്‍ഗീയത വ്യാപിക്കുന്ന ഒരു സമൂഹത്തില്‍ കോണ്‍ഗ്രസ് അവശേഷിക്കുന്ന മതനിരപേക്ഷ എങ്ങനെ ഉപയോഗിക്കും എന്നുതന്നെയാണ് പ്രധാനം.
ഫൈനലില്‍ ജയിക്കണമെങ്കില്‍ രാജ്യത്തെ മതനിരപേക്ഷ കക്ഷികളെ ഒറ്റക്കെട്ടായി അണിനിരത്താന്‍ കോണ്‍ഗ്രസിനു കഴിയണം. ഇന്ത്യയില്‍ ഇന്നും ഭൂരിപക്ഷം ജനങ്ങളും മതനിരപേക്ഷ നിലപാടിലാണെന്ന യാഥാര്‍ഥ്യം കോണ്‍ഗ്രസ് മനസിലാക്കണം. ബി.ജെ.പിക്കെതിരേ ഉറപ്പുള്ള വോട്ടുകളാണ് മുസ്‌ലിംകളുടേത്. എന്നാല്‍ ഇത് ഉപയോഗപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വമെന്ന വങ്കന്‍ നയംകൊണ്ട് കഴിയുന്നുമില്ല. മുസ്‌ലിംകളുടെ കാര്യം പ്രത്യേകം പറയണമെന്നല്ല ഉദ്ദേശിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ഐക്യവും വികസനവുമാണ് ലക്ഷ്യമെന്ന മുദ്രാവാക്യമാണ് കോണ്‍ഗ്രസ് ഉയര്‍ത്തേണ്ടത്. വൈവിധ്യം നിറഞ്ഞ ഇന്ത്യയില്‍ ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും പിന്നാക്കക്കാരെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ കോണ്‍ഗ്രസിനു കഴിയണം. ഇന്ത്യയുടെ ആത്മാവിനെ ഉയര്‍ത്തിപ്പിടിക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."