വ്യാജ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ലക്ഷത്തോളം രൂപ തട്ടി
ചെറുവത്തൂര്‍: വീട്ടമ്മയുടെ പേരിലുള്ള വ്യാജ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്തു.
ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനു സമീപത്തെ വിമുക്ത ഭടന്‍ പരേതനായ കെ.വി ചിണ്ടന്റെ ഭാര്യ കെ.വി പത്മിനിയുടെ അക്കൗണ്ടില്‍ നിന്നാണ് വ്യാജ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം കവര്‍ന്നത്. അഞ്ചു തവണകളായി 99000 രൂപയാണ് നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ചെറുവത്തൂര്‍ കനറാ ബാങ്കില്‍ ഇടപാടുള്ള പത്മിനിയുടെ ഫോണിലേക്ക് കഴിഞ്ഞ ദിവസം വന്ന ഒരു അജ്ഞാത ഫോണ്‍ കോളാണ് തട്ടിപ്പിന് തുടക്കമായതെന്നു കരുതുന്നു.
നിങ്ങളുടെ ഇടപാടുകള്‍ പരിശോധിക്കാനായി ആധാര്‍ കാര്‍ഡ് നമ്പറും ബാങ്ക് ഇടപാട് നമ്പറും എ.ടി.എം നമ്പറും അറിയിക്കണമെന്നായിരുന്നു ഫോണ്‍ ചെയ്തയാള്‍ ആവശ്യപ്പെട്ടത്. ബാങ്കില്‍ നിന്നാണെന്ന് കരുതി പത്മിനി അത് നല്‍കുകയും ചെയ്തു.
ഇതിലൂടെ വ്യാജ എ.ടി.എം കാര്‍ഡ് നിര്‍മിച്ച് പണം കൈക്കലാക്കുകയായിരുന്നുവെന്നു കരുതുന്നു. ചന്തേര പൊലിസില്‍ പരാതി നല്‍കി.
പത്മിനിയുടെ മൊബൈലിലേക്ക് വന്ന ഫോണ്‍ കോള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധനയിലാണ്. പണം പിന്‍വലിച്ച എ.ടി.എം കൗണ്ടര്‍ കണ്ടെത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കാനെന്ന വ്യാജേന ഫോണില്‍ വിളിച്ചു എ.ടി.എം കാര്‍ഡിന്റെ വിവരങ്ങള്‍ ശേഖരിക്കുകയും ആ വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടുകയും ചെയ്യുന്ന സംഭവം സംസ്ഥാനത്ത് പലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിക്ഷേപകര്‍ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച യാതൊരു വിവരവും ആര്‍ക്കും കൈമാറരുതെന്നു ബാങ്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."