ബംഗാളില്‍ എന്‍.ആര്‍.സി നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തില്ല; മലക്കം മറിഞ്ഞ് ബി.ജെ.പി
കൊല്‍ക്കത്ത: ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി) പശ്ചിമ ബംഗാളില്‍ നടപ്പാക്കാന്‍ സമ്മര്‍ദം ചെലുത്തില്ലെന്ന സൂചന നല്‍കി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. എന്‍.ആര്‍.സി ഭാവിയിലെ കാര്യമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
'എന്‍.ആര്‍.സി എപ്പോള്‍ നടപ്പാക്കുമെന്നതും നടപ്പായാല്‍ എന്ത് സംഭവിക്കുമെന്നതും ഭാവിയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളാണ്'- ഇതു സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ദിലീപ് ഘോഷ് മറുപടി നല്‍കി. ബംഗാളില്‍ പൗരത്വ പട്ടിക നടപ്പാക്കല്‍ അനിവാര്യമാണെന്നായിരുന്നു ഘോഷിന്റെ മുന്‍ നിലപാട്. രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കുമെന്ന മുന്‍ നിലപാടില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാറ്റംവരുത്തിയതിന് പിന്നാലെയാണ് ബംഗാള്‍ ബി.ജെ.പി അധ്യക്ഷനും നിലപാട് മാറ്റിയത്.
അസമില്‍ എന്‍.ആര്‍.സി നടപ്പാക്കിയത് സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ്. എന്‍.ആര്‍.സി നടപ്പാക്കുമെന്ന ധാരണയിലെത്തിയത് രാജീവ് ഗാന്ധിയാണ്. ബി.ജെ.പിയല്ല അത്തരമൊരു കരാറിലെത്തിയത്. കോടതി ഉത്തരവ് പ്രകാരമാണ് നടപ്പാക്കിയതെന്ന കാര്യം വ്യക്തമാണെന്നും ഘോഷ് പറഞ്ഞു.
രാജ്യവ്യാപകമായി എന്‍.ആര്‍.സി നടപ്പാക്കുക ആവശ്യമായി വന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ അതിനെ കുറിച്ച് ആലോചിക്കും. അതേസമയം, പൗരത്വ ഭേദഗതി നിയമം (സി.എ.എ) പാര്‍ലമെന്റ് അംഗീകരിച്ചുകഴിഞ്ഞതാണെന്നും ഇത് ബംഗാളിലും നടപ്പാക്കുമെന്നും ദിലീപ് ഘോഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."