വിശ്വശാന്തിക്ക് മതവിദ്യ
ഇസ്‌ലാമികാശയങ്ങളും സാംസ്‌കാരിക തനിമയും നൂറ്റാണ്ടുകള്‍ക്കിപ്പുറവും സമ്പൂര്‍ണവും സമഗ്രവുമായി അവതരിപ്പിക്കുകയെന്ന മഹനീയ ദൗത്യമാണ് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. മലബാറില്‍ പുഷ്‌കലിച്ചുനിന്ന ആദര്‍ശനിഷ്ഠമായ ജീവിതാന്തരീക്ഷങ്ങളില്‍ പുത്തനാശയങ്ങളുടെയും നവീനചിന്തകളുടെയും പ്രസരണമാരംഭിച്ച കാലത്താണ് സമസ്തയുടെ ആവിര്‍ഭാവം. മതാവബോധവും സാമൂഹിക ജാഗ്രതയും സമുദായത്തിന് പകര്‍ന്നുനല്‍കുന്നതില്‍ വ്യവസ്ഥാപിതമായ വിദ്യാഭ്യാസ രീതികളാണ് ഇക്കാലമത്രയും സമസ്ത ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. പള്ളിദര്‍സുകള്‍, മദ്‌റസകള്‍, അറബിക് കോളജുകള്‍, ഇസ്‌ലാമിക സര്‍വകലാശാലയടക്കം നിരവധി വിജ്ഞാനകേന്ദ്രങ്ങള്‍ ഇന്ന് സമസ്തക്കു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പൊന്നാനി മഖ്ദൂമുമാര്‍, മമ്പുറം തങ്ങള്‍, ഉമര്‍ഖാദി പോലുള്ള മഹത്‌വ്യക്തികളുടെ ശേഷം കേരളീയ മുസ്‌ലിംകളുടെ ആധികാരിക മതനേതൃത്വം ഈ പ്രസ്ഥാനമാണ് നിര്‍വഹിക്കുന്നത്. 9992 മദ്‌റസകള്‍, 200 മതകലാലയങ്ങള്‍, 200 ഓളം യതീംഖാനകള്‍, പതിനയ്യായിരത്തിലധികം മഹല്ലുകള്‍, ഒട്ടനവധി പള്ളിദര്‍സുകള്‍ തുടങ്ങിയവ ഈ ശൃംഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഇവയിലെല്ലാമായി ഒരു ലക്ഷത്തിലധികം മതാധ്യാപകരും 13 ലക്ഷത്തിലേറെ മതവിദ്യാര്‍ഥികളും നിരവധി മതപ്രബോധകരും സമുദായത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക-സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്.
1926 -ല്‍ നിലവില്‍ വന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും പദ്ധതികളും നിയന്ത്രിക്കുന്നതും ആവിഷ്‌കരിക്കുന്നതും പോഷക സംഘടനയായ സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡാണ്. 1951 -ല്‍ സമസ്തയുടെ ഇരുപത്തിയാറാം വാര്‍ഷിക സമ്മേളനത്തിലാണ് വിദ്യാഭ്യാസ ബോര്‍ഡ് രൂപീകൃതമാവുന്നത്. മതപഠനത്തിന് ഏകീകൃത രൂപമോ ശാസ്ത്രീയ പാഠ്യപദ്ധതികളോ അക്കാലത്തുണ്ടായിരുന്നില്ല. മുസ്‌ലിംകള്‍ മതപഠനം നേടിയിരുന്നത് അങ്ങിങ്ങ് നടന്നുവന്നിരുന്ന ഓത്തുപള്ളികളിലും മദ്‌റസകളിലും നിന്നായിരുന്നു. ശരിയായ മതപഠനസംവിധാനങ്ങളോ സാഹചര്യങ്ങളോ ഒന്നുമില്ലാതിരുന്ന കാലത്ത് അവക്കെല്ലാം അംഗീകാരം നല്‍കിയും ഇല്ലാത്ത സ്ഥലങ്ങളില്‍ ബഹുജനങ്ങളെ ബോധവത്കരിച്ചും മറ്റുവിധേനയും അത് സ്ഥാപിക്കുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കിയും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇതിനായി നമ്മുടെ മുന്‍കാല പണ്ഡിതന്മാര്‍ സഹിച്ച കഷ്ടപ്പാടുകളും ത്യാഗങ്ങളും വിവരണാതീതമാണ്. അവരുടെ ആത്മാര്‍ഥപ്രവര്‍ത്തനവും അവര്‍ക്ക് നമ്മുടെ നാടുകളിലെ ഉമറാക്കള്‍ നല്‍കിയ സഹകരണവും പിന്തുണയുമാണ് കേരളത്തിനകത്തും പുറത്തും മുസ്‌ലിം സാമുദായികരംഗത്ത് നാം പ്രശോഭിച്ചു നില്‍ക്കുന്നതിന്റെ പ്രധാന ഹേതുകം.
1959-ലാണ് മദ്‌റാസാധ്യാപകര്‍ക്കായി അടുക്കും ചിട്ടയോടു കൂടി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ എന്ന പോഷക ഘടകം രൂപീകരിച്ചത്. മുഅല്ലിംകള്‍ക്ക് ആധുനികവും ശാസ്ത്രീയവുമായ അധ്യാപന പരിശീലനത്തില്‍ ഊന്നിയായിരുന്നു ആദ്യകാല പ്രവര്‍ത്തനം. പിന്നീട് കലാസാഹിത്യശേഷി, സാമ്പത്തികക്ഷേമം, വിദ്യാര്‍ഥികളുടെ വൈജ്ഞാനിക കലാശേഷി, പ്രസാധനം, മദ്‌റസാ മാനേജ്‌മെന്റുകളുടെ സേവന മേഖലകളിലെ ശാക്തീകരണം, പ്രവര്‍ത്തന ഏകീകരണ-ക്രമീകരണം തുടങ്ങി മദ്‌റസാ മാനേജിങ് കമ്മിറ്റികള്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങി മദ്‌റസാതല മതപഠനവുമായി ബന്ധപ്പെട്ട എല്ലാ രംഗങ്ങളിലേക്കും വ്യാപിപ്പിച്ചു.
വിദ്യാഭ്യാസ നവോഥാനത്തിലൂടെ മാത്രമേ സാമൂഹിക ശാക്തീകരണം സാധ്യമാക്കാനാവൂ എന്ന് സമസ്തയുടെ ആദ്യകാല പണ്ഡിതര്‍ മനസ്സിലാക്കിയതിന്റെ പരിണിതിയാണ് നാം ഇന്ന് അനുഭവിക്കുന്ന സര്‍വനേട്ടങ്ങളുടെയും ആധാരം. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി, കേരളീയ മുസ്‌ലിം ജീവിതസാഹചര്യങ്ങളെ വ്യതിരിക്തമാക്കിയതിലും സമസ്തയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല.
സമൂഹത്തിലെ നന്മകള്‍ക്കും സംസ്‌കാര സമ്പന്നതക്കും ഇടിവ് തട്ടുമ്പോഴൊക്കെ വായനയും പഠനവും സജീവമായി നിലനിര്‍ത്തുക എന്നതാണ് ഖുര്‍ആന്‍ ആദ്യമായി നിര്‍ദേശിക്കുന്ന പരിഹാരം. പ്രവാചക ജീവിതത്തിലും ഇതിന്റെ പ്രസ്താവ്യമായ മാതൃകകള്‍ കാണാനാകും. സാമൂഹ്യ വളര്‍ച്ചക്ക് സാമ്പത്തിക അടിത്തറ നിര്‍മിക്കുന്നതിന് മുമ്പേ ജ്ഞാനാഭ്യാസത്തിലൂടെ സുസ്ഥിര വളര്‍ച്ചക്ക് അടിത്തറ പണിയണമെന്നാണ് തിരുനബിയുടെ കാഴ്ചപ്പാട്. ഇസ്‌ലാമിന്റെ പ്രചാരണം ശക്തിപ്പെട്ടുകൊണ്ടിരിക്കുകയും എന്നാല്‍ പ്രതിരോധപരവും സാമ്പത്തികവുമായ മേഖലയില്‍ ഏറെ ക്ഷീണം നേരിടുകയും ചെയ്ത ബദ്ര്‍ യുദ്ധാനന്തര സമയത്ത് പ്രവാചകന്‍ സ്വീകരിച്ച നിലപാട് സവിശേഷ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ബദ്‌റില്‍ ബന്ദിയാക്കപ്പെട്ട ഓരോ തടവുകാരനില്‍ നിന്നും സ്വര്‍ണക്കിഴികള്‍ മോചന ദ്രവ്യമായി സ്വീകരിച്ചുവെങ്കില്‍ സാമ്പത്തികമായി ഇസ്‌ലാമിന് അത് വലിയ മുതല്‍ക്കൂട്ടാകുമായിരുന്നു. എന്നാല്‍ താല്‍ക്കാലികമായ സാമ്പത്തിക പുരോഗതിക്ക് പകരം സുസ്ഥിരമായ സാമൂഹിക വികസനമാണ് ഉമ്മത്തിന് ആവശ്യം എന്ന് പ്രഖ്യാപിച്ച തിരുനബി, സാക്ഷരരില്‍ നിന്ന് അക്ഷരാധ്യാപനമായിരുന്നു മോചനദ്രവ്യമായി ആവശ്യപ്പെട്ടത്. അറിവിലൂടെ മാത്രമേ സമൂഹ സംസ്‌കരണം സാധ്യമാകൂ എന്ന വിളംബരമായിരുന്നു അത്. സമൂഹത്തിലെ ഉന്നത സ്ഥാനം അലങ്കരിക്കുന്നവരും വിജ്ഞാനസമ്പന്നര്‍ തന്നെയാണ്. 'നിങ്ങളില്‍ നിന്ന് വിശ്വസിച്ചവരുടെയും വിജ്ഞാനം നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു വളരെയധികം ഉയര്‍ത്തും' (58 - 11) എന്നാണ് ഖുര്‍ആന്‍ പറയുന്നത്.
നിര്‍ഭാഗ്യവശാല്‍, പുതിയ കാലത്ത് വിദ്യാഭ്യാസം ഒരു വാണിജ്യമായി മാറിയിരിക്കുകയാണ്. വിദ്യാധനം സര്‍വധനാല്‍ പ്രധാനം എന്ന് പഴമക്കാര്‍ പാടിപ്പറഞ്ഞിരുന്നത് വിദ്യ തന്നെ ധനം, ധനം തന്നെ പ്രധാനം എന്ന രീതിയിലേക്ക് പുതിയ തലമുറ തിരുത്തി എഴുതിയിരിക്കുന്നു. സര്‍ക്കാരുകളുടെ നേതൃത്വത്തിലും വിവിധ മാനേജ്‌മെന്റുകള്‍ക്ക് കീഴിലും നടക്കുന്ന വിദ്യാഭ്യാസ സംവിധാനങ്ങളെല്ലാം തന്നെ നിശ്ചിതമായ ജോലിക്ക് പ്രാപ്തമായ ചില സൃഷ്ടി പ്രക്രിയകളില്‍ മാത്രമാണ് ഏര്‍പ്പെടുന്നത്. മനുഷ്യനില്‍ ഉള്ളടങ്ങിയ മാനുഷികമായ സ്വഭാവ വിശേഷണങ്ങളെ പരിപോഷിപ്പിക്കാനോ അവയെ വികസിപ്പിച്ച് വളര്‍ത്തിയെടുത്ത് നല്ല പൗരന്മാരെ സൃഷ്ടിക്കാനോ പുതിയ കാല വിദ്യാഭ്യാസ സംവിധാനങ്ങള്‍ക്ക് സമയം ലഭിക്കുന്നില്ല.
ഏറെ ദുരന്തപൂര്‍ണമാണ് ഇതിന്റെ പരിണതി. ജീവിതം എന്താണെന്ന് തിരിച്ചറിയാനോ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും എങ്ങനെ നേരിടണമെന്നോ ഈ വിദ്യാഭ്യാസ പ്രക്രിയകളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അറിയില്ല. വിദ്യാ സമ്പന്നരായ ആരും സംസ്‌കാര സമ്പന്നരാവുന്നില്ല എന്നതാണ് ഇതിന്റെ മറ്റൊരു ദുരന്തം. ഈയൊരു സാഹചര്യത്തില്‍ വിദ്യാഭ്യാസത്തിന്റെ രീതിശാസ്ത്രവും മത-ധാര്‍മിക വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമായിരിക്കുകയാണ്.
കേരളീയ മുസ്‌ലിം മതവിദ്യാഭ്യാസ പ്രസരണരംഗത്ത് ക്രിയാത്മകമായ സമസ്ത കേരള ജംഇയ്യത്തുല്‍മുഅല്ലിമീന്‍, പിറവിയുടെ അറുപതാം വാര്‍ഷികമാഘോഷിക്കുന്നത് വിദ്യാഭ്യാസ രംഗത്തെ ഈയൊരു പ്രതസന്ധിയെ സമൂഹ സമക്ഷം അവതരിച്ചുകൊണ്ടാണ്. പ്രക്ഷുബ്ധവും സങ്കീര്‍ണവുമായ വര്‍ത്തമാന സാഹചര്യത്തില്‍ മതവിദ്യാഭ്യാസവും തജ്ജന്യമായ ധര്‍മബോധവും ആര്‍ജിച്ച തലമുറയെ വളര്‍ത്തിയാല്‍ മാത്രമേ ശാന്തിജീവിതം നയിക്കാനാവൂ എന്ന ഉദ്‌ബോധനമാണ് സംഘടനയുടെ അറുപതാം വാര്‍ഷികാചരണത്തിന്റെ പ്രമേയം.
വിവിധയിനം പരിപാടികളും പദ്ധതികളുമായി ഒരു വര്‍ഷക്കാലം നീണ്ടുനിന്ന വാര്‍ഷികാഘോഷ ങ്ങളുടെ സമാപന സമ്മേളനം ഇന്ന് മുതല്‍ മൂന്ന് ദിവസങ്ങളിലായി (ഡിസം.27,28,29 വെള്ളി, ശനി,ഞായര്‍) കൊല്ലത്ത് നടക്കുകയാണ്. ജില്ലയുടെ ആസ്ഥാന നഗരിക്കടുത്തുളള ആശ്രമം മൈതാനിയില്‍, വിദ്യാഭ്യാസ ബോര്‍ഡിന്റെയും മദ്‌റസാ സംവിധാനങ്ങളുടെയും അമരക്കാനായിരുന്ന മര്‍ഹും കെ.ടി മാനു മുസ്‌ലിയാരുടെ നാമധേയത്തിലുള്ള പ്രത്യേക നഗരിയിലാണ് ത്രിദിന സമ്മേളനം.
നമ്മുടെ രാജ്യത്തിന്റെ മതേതരസങ്കല്‍പങ്ങളുടെ കടയ്ക്കല്‍ കത്തിവെക്കുന്ന തരത്തില്‍ ന്യൂനപക്ഷങ്ങളുടെ ഉച്ഛാടനം മാത്രം ലക്ഷ്യമാക്കി, കേന്ദ്ര ഭരണകൂടം ആവിഷ്‌കരിക്കുന്ന, ഭരണഘടനാവിരുദ്ധമായ നിയമങ്ങള്‍ക്കെതിരേ ശക്തായ പ്രതിഷേധ സംഗമം കൂടിയാണ് ഈ സമ്മേളനം. സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും മുഴുവന്‍ ഭാരവാഹികളും പ്രവര്‍ത്തകരും ഗുണകാംക്ഷികളും അനുഭാവികളും സംഗമിക്കുന്ന ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സമ്മേളനം നിറധന്യമാക്കാന്‍ സര്‍വരുടെയും സാന്നിധ്യമുണ്ടാവണമെന്ന് അഭ്യര്‍ഥിക്കുന്നു.
(സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ജന. സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."