നികുതി നിര്‍ണയം താളം തെറ്റുന്നു; പുതിയ നഗരസഭകളിലെ പദ്ധതിപ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാകും
ബി.എസ്.കുമാര്‍#
ഏറ്റുമാനൂര്‍: സംസ്ഥാനത്തെ പുതിയ നഗരസഭകളിലെ കെട്ടിടനികുതിനിര്‍ണയം താളം തെറ്റുന്നു. നികുതി നിര്‍ണയത്തിനു മുന്നോടിയായി കഴിഞ്ഞ ജൂണില്‍ ആരംഭിച്ച വിവരസമാഹരണം ഇനിയും പൂര്‍ത്തിയാക്കാനായിട്ടില്ല. പല നഗരസഭകളിലും വിവരസമാഹരണം തുടങ്ങിയിടത്തു തന്നെ നില്‍ക്കുന്ന അവസ്ഥയാണ്.
ഗ്രാമപഞ്ചായത്ത് ആയിരിക്കെ ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയ കെട്ടിടങ്ങളും വാര്‍ഡുകള്‍ തിരിച്ച് നമ്പരുകള്‍ ഇട്ടതില്‍ ഉണ്ടായ അപാകതകളും നഗരസഭാ ഉദ്യോഗസ്ഥരെ വെള്ളം കുടിപ്പിക്കുകയാണ്. ചില നഗരസഭകളിലാകട്ടെ കെട്ടിടനികുതി സംബന്ധിച്ച പഴയ ഫയലുകളും രജിസ്റ്ററുകളും കാണാനുമില്ല. ഇതിനിടെ കാണാതായ രജിസ്റ്ററിനു പകരം പുതിയത് എഴുതിയുണ്ടാക്കി പഴയ ഉദ്യോഗസ്ഥര്‍ തടിതപ്പിയപ്പോള്‍ വെട്ടിലായത് പൊതുജനങ്ങളും.
പുതിയ നഗരസഭകള്‍ നിലവില്‍ വന്നത് മൂന്ന് വര്‍ഷം മുന്‍പാണ്. ഇവ ഗ്രാമപഞ്ചായത്ത് ആയിരുന്ന കാലത്ത് തന്നെ കംപ്യൂട്ടര്‍വത്ക്കരണത്തിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
രജിസ്റ്ററുകളുടെയും ഫയലുകളുടെയും അഭാവത്തില്‍ ഇപ്പോള്‍ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കിയപ്പോള്‍ പല വീടുകളുടെ വിവരങ്ങളും അപൂര്‍ണമായി തുടര്‍ന്നു. കരം അടയ്ക്കുന്നതിനായി ചെന്ന പലരുടെയും വീടുകള്‍ രജിസ്റ്ററില്‍ ഇല്ല. ഉള്ള വീട്ടുനമ്പര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ മറ്റ് പലരുടെയും പേരിലാണ് വീട്. നേരത്തെ കരം അടച്ച രേഖകളും ഇല്ല. ഇതോടെ കംപ്യൂട്ടറില്‍ കാണിക്കാത്ത അത്രയും നാളത്തെ കരം വീണ്ടും അടയ്ക്കണമെന്ന നിലപാട് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു തുടങ്ങിയത് പല നഗരസഭകളിലും തര്‍ക്കങ്ങള്‍ക്ക് വഴിയൊരുക്കി.
ഇത്തരം സാഹചര്യങ്ങള്‍ക്കിടയിലാണ് പുതിയ നഗരസഭകളില്‍ കെട്ടിടനികുതി ഏകീകരിക്കുന്നതിനും മറ്റുമായി വിവരസമാഹരണം ആരംഭിച്ചത്. ആവശ്യത്തിന് ജീവനക്കാരില്ലാതെ വന്നതോടെ പല നഗരസഭകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്ന് ദിവസവേതനാടിസ്ഥാനത്തില്‍ ക്ലാര്‍ക്കുമാരെയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെയും നിയമിച്ചിരുന്നു.
ഭവനസന്ദര്‍ശനം നടത്തി ഫോറം ആറ് തയാറാക്കി ഡാറ്റാ എന്‍ട്രി നടത്തുന്നതിന് കെട്ടിടം ഒന്നിന് എട്ട് രൂപാ വീതം ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്നു. ഇവരുടെ സഹായികളായി കുടുംബശ്രീ അംഗങ്ങളെയും നിയോഗിച്ചിരുന്നു. ഇവര്‍ക്ക് കെട്ടിടം ഒന്നിന് മൂന്ന് രൂപാ അലവന്‍സായി നല്‍കണമെന്നായിരുന്നു ഉത്തരവ്.
എന്നാല്‍ ആറ് മാസം കഴിഞ്ഞിട്ടും ഈ തുക ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. വിവരശേഖരം നടത്തി വിസ്തീര്‍ണം കണക്കാക്കുന്ന ജോലി കൂടി ഉള്ളതിനാല്‍ ഒരു ദിവസം പത്തോ പതിനഞ്ചോ വീടുകള്‍ മാത്രമാണ് സന്ദര്‍ശിക്കാന്‍ ആവുക. വെയിലും മഴയും വകവയ്ക്കാതെ ഇങ്ങനെ ജോലി ചെയ്തിട്ടും വെള്ളം കുടിക്കാനുള്ള പണം പോലും ലഭിക്കുന്നില്ലെന്ന് തുടക്കത്തിലേ പരാതി ഉണ്ടായിരുന്നു. എന്നാല്‍ ഈ ചെറിയ തുക പോലും സമയബന്ധിതമായി കൊടുക്കാതെ വന്നതോടെ പലയിടത്തും കുടുംബശ്രീ അംഗങ്ങള്‍ ദൗത്യത്തില്‍ നിന്ന് പിന്മാറി. കുടുംബശ്രീ അംഗങ്ങളുടെ പിന്മാറ്റം കൂടിയായപ്പോള്‍ വിവരസമാഹരണം ആകെ താളം തെറ്റുകയായിരുന്നു.
കെട്ടിടമുടമ സമര്‍പ്പിക്കുന്ന വസ്തുനികുതി നിര്‍ണയ റിട്ടേണും നഗരസഭാ രജിസ്റ്ററുകളിലെ വിവരങ്ങളുമായി പലപ്പോഴും പൊരുത്തപ്പെടുന്നില്ല. വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങള്‍ പലതും പാര്‍പ്പിടാവശ്യമെന്ന് കാണിച്ച് നേരത്തെ നമ്പര്‍ നല്‍കിയതിലൂടെ വന്‍ നികുതിവെട്ടിപ്പാണ് പലയിടത്തും നടന്നിട്ടുള്ളത്. ഇത്തരം പ്രശ്‌നങ്ങള്‍ എല്ലാം ദുരീകരിച്ച് ഈ സാമ്പത്തികവര്‍ഷം തന്നെ കെട്ടിടനികുതി നിര്‍ണയം പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ നികുതി വരുമാനത്തില്‍ വന്‍ഇടിവ് സംഭവിക്കും. ഇത് നഗരസഭകളിലെ പദ്ധതിപ്രവര്‍ത്തനങ്ങളെയാണ് പ്രതികൂലമായി ബാധിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."