കാലിക്കറ്റിൽ ഡിഗ്രി പരീക്ഷകൾ പുനഃക്രമീകരിച്ചു; കേന്ദ്ര സർവകലാശാലകളിലേക്കുള്ള എൻട്രൻസ് പരീക്ഷ എഴുതാം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിൽ പഠിക്കുന്ന ഡിഗ്രി ആറാം സെമസ്റ്റർ വിദ്യാർഥികൾക്ക് കേന്ദ്ര സർവകലാശാലകളിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് നടത്തുന്ന കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് എഴുതാൻ കഴിയുന്ന രീതിയിൽ കാലിക്കറ്റ് സർവകലാശാല ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷകൾ പുനഃക്രമീകരിച്ചു.
മാർച്ച് 20 മുതൽ ഡിഗ്രി ആറാം സെമസ്റ്റർ പരീക്ഷകൾ തീരുമാനിച്ചതിനാൽ കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലെ ഡിഗ്രി ആറാം സെമസ്റ്റർ വിദ്യാർഥികൾക്ക് കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് എഴുതാൻ കഴിയില്ലെന്നും പരീക്ഷ പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് സെനറ്റംഗം ഡോ. ആബിദാ ഫാറൂഖി വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു. തുടർന്ന് വി.സിയുടെ ഇടപെടൽ പ്രകാരമാണ് പരീക്ഷകൾ പുനഃക്രമീകരിക്കാൻ സർവകലാശാല തീരുമാനിച്ചത്.
അഫിലിയേറ്റഡ് കോളജുകൾ / വിദൂര വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർഥികൾക്ക് മാർച്ച് 20 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ (CBCSS - UG) ഏപ്രിൽ 2025 റഗുലർ , സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകൾ (സ്പെഷൽ പരീക്ഷകൾ ഉൾപ്പെടെ) പുനഃക്രമീകരിച്ചു. മാർച്ച് 20, 21, 24, 25, 26, 27 തീയതികളിൽ നടക്കേണ്ട പരീക്ഷകൾ യഥാക്രമം ഏപ്രിൽ മൂന്ന്, നാല്, ഏഴ്, എട്ട്, ഒമ്പത്, 10 തീയതികളിൽ നടക്കും. പരീക്ഷാ കേന്ദ്രം, സമയം എന്നിവയിൽ മാറ്റമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."