മത്സ്യത്തൊഴിലാളികളുടെ കടം: മൊറോട്ടോറിയം കാലാവധി ദീര്‍ഘിപ്പിക്കും
തിരുവനന്തപുരം : വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ എടുത്ത കടങ്ങള്‍ക്ക് പ്രഖ്യാപിച്ച മൊറൊട്ടോറിയത്തിന്റെ കാലാവധി 2020 ജനുവരി ഒന്നു മുതല്‍ 2020 ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
2019 ലെ കേന്ദ്ര ചരക്കു സേവന നികുതി (ഭേദഗതി) നിയമത്തിനുസൃതമായി തയാറാക്കിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു. ജി.എസ്.ടി നിയമത്തില്‍ വരുത്തിയ ഭേദഗതികള്‍ 2020 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരണമെന്ന് ജി.എസ്.ടി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടു വരുന്നത്.
നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ എസ്. നമ്പിനാരായണന്‍ തിരുവനന്തപുരം സബ് കോടതിയില്‍ ഫയല്‍ ചെയ്ത കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് 1.3 കോടി രൂപ നല്‍കണമെന്ന ശുപാര്‍ശ തത്വത്തില്‍ അംഗീകരിക്കാന്‍ തീരുമാനിച്ചു.
സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം നല്‍കിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശകമ്മിഷന്‍ ശുപാര്‍ശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്. നിയമവിദഗ്ധരുമായി ആലോചിച്ച് തയാറാക്കുന്ന ഒത്തുതീര്‍പ്പുകരാര്‍ തിരുവനന്തപുരം സബ്‌കോടതിയില്‍ സമര്‍പ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചു.
നമ്പിനാരായണന്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിശോധിക്കാനും കേസ് രമ്യമായി തീര്‍പ്പാക്കുന്നതിനുമുള്ള ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് മുന്‍ ചീഫ്‌സെക്രട്ടറി കെ. ജയകുമാറിനെ ഗവണ്‍മെന്റ് ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിന്റെ ശുപാര്‍ശ പരിഗണിച്ചാണ് മന്ത്രിസഭ ഈ തീരുമാനം എടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."