അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിച്ചവര്‍ക്കും എസ്.എസ്.എല്‍.സി എഴുതാം
ഫസല്‍ മറ്റത്തൂര്‍
മലപ്പുറം: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠിച്ചവര്‍ക്കും എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുമതി. വരുന്ന മാര്‍ച്ചില്‍ ഈ അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ നടക്കാനിരിക്കെയാണ് ചരിത്രത്തില്‍ ആദ്യമായി അംഗീകരമില്ലാത്ത സ്‌കൂളുകളില്‍ പഠിച്ചവരെയും പരീക്ഷക്കിരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്്. നേരത്തെ അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ അംഗീകൃത സ്‌കൂളുകളിലേക്ക് മാറണമെന്ന് അറിയിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങിയിരുന്നു. ഇതുപ്രകാരം നൂറുകണക്കിന് കുട്ടികള്‍ പൊതുവിദ്യാലയങ്ങളിലേക്ക് മാറുകയും ചെയ്തു. എന്നാല്‍ ഈ ഘട്ടത്തിലും അംഗീകാരമില്ലാത്ത സ്‌കൂളുകളില്‍ പഠനം തുടര്‍ന്ന കുട്ടികള്‍ക്കാണ് മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയിരിക്കുന്നത്്. ഇത്തരത്തില്‍ പരീക്ഷ എഴുതാന്‍ അനുമതി തേടി നിരവധി അപേക്ഷകള്‍ സര്‍ക്കാരിനു ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷകര്‍ക്ക് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ചേര്‍ന്ന് പരീക്ഷ എഴുതാന്‍ അനുമതി നല്‍കി ഉത്തരവായിരിക്കുന്നത്്. ഇതിനായി വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് സൗകര്യപ്രദമായ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവരെ അതത് സ്‌കൂളിലെ വിദ്യാര്‍ഥികളായി കണക്കാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഒരുവര്‍ഷം റെഗുലറായി അംഗീകൃത സ്‌കൂളുകളില്‍ പഠിച്ച കുട്ടികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും പുതുതായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ലഭിക്കുമെന്നും ഉത്തരവിലുണ്ട്. പുതിയ വിദ്യാലയത്തില്‍ അഡ്മിഷന്‍ നേടുന്നതിനും പരീക്ഷയെഴുതുന്നതിനും മതിയായ ഹാജര്‍ ആവശ്യമാണ്. കുട്ടി നേരത്തെ പഠിച്ച വിദ്യാലയത്തിലെ ഹാജരായ ദിനങ്ങള്‍ പിരിഗണിച്ച് ഇതുകണക്കാക്കാമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്്.
അതേസമയം സര്‍ക്കാരിന്റെ പുതിയ തീരുമാനം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്ന വാദവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്്. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ നല്‍കുന്ന രേഖകള്‍ ആധികാരികമായി കണക്കാക്കി പൊതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂട്ടാനുള്ള നീക്കമാണ് ഇതിനു പിന്നലെന്ന് കെ.എസ്.ടി.യു സംസ്ഥാന സെക്രട്ടറി എ.കെ സൈനുദ്ദീന്‍ ആരോപിച്ചു. ദേശീയ വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ അംഗീകാരമില്ലാത്തസ്‌കൂളുകളും അടച്ചുപൂട്ടുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അംഗീകരമില്ലാത്ത സ്‌കൂളുകളുടെ കണക്കെടുത്ത് നോട്ടിസ് നല്‍കിയ സര്‍ക്കാര്‍ തന്നെ സ്‌കൂളില്‍ വരാത്ത കുട്ടികള്‍ക്ക് പരീക്ഷാ സൗകര്യം ഒരുക്കുന്നത് വിചിത്രമാണെന്ന് കെ.പി.എസ്.ടി.എ സംസ്ഥാന കമ്മിറ്റിയും ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."