പ്ലാസ്റ്റിക് നിരോധനത്തിന് ഇനി രണ്ടുദിവസം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പാകാന്‍ ഇനി രണ്ടുദിവസം മാത്രം. ജനുവരി ഒന്നുമുതലാണ് നിരോധനം നിലവില്‍വരുന്നത്. നിരോധന ഉത്തരവ് പൂര്‍ണമായി നടപ്പാക്കുന്നതിന് വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്.
ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും നിരോധന ഉത്തരവ് ബാധകമാണ്. കാരി ബാഗ്, ടേബിള്‍മാറ്റ്, വാഹനങ്ങളില്‍ ഒട്ടിക്കുന്ന ഫിലിം, പ്ലേറ്റ്, കപ്പ്, സ്പൂണ്‍, ഫോര്‍ക്ക്, സ്‌ട്രോ, സ്റ്റിറര്‍, ഡിഷ്, പ്ലാസ്റ്റിക് കോട്ടഡ് പേപ്പര്‍ കപ്പ്, പ്ലേറ്റ്, ബൗള്‍, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് തോരണം, പ്ലാസ്റ്റിക് വാട്ടര്‍ പൗച്ച്, പ്ലാസ്റ്റിക് ജ്യൂസ് പായ്ക്കറ്റ് തുടങ്ങിയവയൊക്കെ നിരോധിച്ചവയില്‍ പെടുന്നു.
കയറ്റുമതിക്ക് നിര്‍മിച്ചവ, ആരോഗ്യരംഗത്ത് ഉപയോഗിക്കുന്നവ, സംസ്‌കരിക്കാവുന്നവ എന്നിവയെ നിരോധനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്ക് ആദ്യതവണ 10,000 രൂപയാണ് പിഴ. രണ്ടാംവട്ടം 25000, വീണ്ടും ആവര്‍ത്തിച്ചാല്‍ 50,000 രൂപയും പിഴ ഈടാക്കും. കലക്ടര്‍, സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ എന്നിവര്‍ക്കാണ് ഉത്തരവ് നടപ്പാക്കുന്നതിനുള്ള ചുമതല.
ബദല്‍ മാര്‍ഗങ്ങളുമായി മില്‍മ
പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തില്‍ പാല്‍ വിതരണത്തിന് ബദല്‍ മാര്‍ഗങ്ങള്‍ അന്വേഷിച്ച് മില്‍മ. മില്‍മ രണ്ടുവര്‍ഷത്തിനുള്ളില്‍ ഉത്തരവ് നടപ്പാക്കിയാല്‍ മതിയെന്ന ഇളവ് ലഭിച്ചിട്ടുണ്ടെങ്കിലും ബദല്‍ മാര്‍ഗങ്ങള്‍ക്കായുള്ള ചര്‍ച്ചകള്‍ സജീവമാണ്.
പ്രതിദിനം പത്തുലക്ഷം പ്ലാസ്റ്റിക് കവറുകളാണ് മില്‍മ ഉപയോഗിക്കുന്നത്. പാല്‍ വെന്‍ഡിങ് മെഷിനുകള്‍ സ്ഥാപിക്കുകയെന്നതാണ് മില്‍മക്ക് മുന്നിലുള്ള പ്രധാന ബദല്‍ മാര്‍ഗം.
പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം പട്ടത്ത് വെന്‍ഡിങ് മെഷിന്‍ സ്ഥാപിക്കും.
ഉപഭോക്താക്കള്‍ നിശ്ചിത തുകക്കുള്ള ടോക്കണ്‍ വാങ്ങി മെഷിനില്‍ ഇടണം. പാലിനുള്ള പാത്രവും ഉപഭോക്താക്കള്‍ കൊണ്ടുവരണം.
സംസ്‌കരിക്കാന്‍ കഴിയുന്ന തരത്തിലുള്ള പ്ലാസ്റ്റിക് കവറുകള്‍ നിര്‍മിക്കുകയെന്നതും ചില്ലുകുപ്പികള്‍ രംഗത്തിറക്കുന്നതും മില്‍മയുടെ പരിഗണനയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."