രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കല്‍; എതിര്‍പ്പുമായി തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: ബി.ജെ.പിക്കെതിരായ പ്രതിപക്ഷ മഹാസഖ്യത്തില്‍ വിള്ളല്‍ വീഴുന്നു. കഴിഞ്ഞ ദിവസം ചെന്നൈയില്‍ എം. കരുണാനിധിയുടെ വെങ്കല പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന ഡി.എം.കെ അധ്യക്ഷന്‍ എം. കെ സ്റ്റാലിന്റെ പരാമര്‍ശമാണ് പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തിയത്.
മഹാസഖ്യം രൂപം പ്രാപിക്കുന്നതിനു മുന്‍പ് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടണമെന്ന വാദം ഒരുതരത്തിലും അംഗീകരിക്കാനാകില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കി.
ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഫലം വന്നതിനുശേഷം മാത്രമാണ് ആരായിരിക്കണം പ്രധാനമന്ത്രിയെന്ന് തീരുമാനിക്കുക. അതിനു മുന്‍പുതന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നത് ശരിയല്ല. എല്ലാ പ്രതിപക്ഷ കക്ഷികളും ചര്‍ച്ച നടത്തിയാണ് ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കേണ്ടത്. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഏകപക്ഷീയമായി കണക്കാക്കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ആരായിരിക്കണം പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മാത്രമല്ല മറ്റു പ്രതിപക്ഷ പാര്‍ട്ടികളും ഇതുവരെ ഒരു തീരുമാനത്തിലെത്തിയിട്ടില്ല. അതിനു മുന്‍പ് ഇത്തരത്തിലുള്ള വാദം ഉണ്ടായാല്‍ അതു പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തുമെന്നും തൃണമൂല്‍ മുന്നറിയിപ്പ് നല്‍കി.
ഞായറാഴ്ച ചെന്നൈയിലാണ് പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി രാഹുല്‍ ഗാന്ധി വരണമെന്ന് സ്റ്റാലിന്‍ പറഞ്ഞത്. ഫാസിസ്റ്റായ നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്നിറക്കാന്‍ ഇത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്നലെ മധ്യപ്രദേശില്‍ കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കണമെന്ന കോണ്‍ഗ്രസിന്റെ ക്ഷണം ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജി നിരസിച്ചിരുന്നതും ഇതിനെതിരായ എതിര്‍പ്പായിട്ടാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. പകരം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.പിയുമായ ദിനേഷ് ത്രിവേദിയായിരുന്നു പങ്കെടുത്തത്. ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ പ്രധാനമന്ത്രി സ്ഥാനം സ്വപ്്‌നം കാണുന്ന നേതാവാണ് മമതയെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി രാഹുല്‍ സിന്‍ഹ പരിഹസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."