വിഭാഗീയതയുണ്ടാക്കും; സര്‍ക്കാരിന് ധാര്‍ഷ്ട്യം: സുകുമാരന്‍ നായര്‍
തിരുവനന്തപുരം: വനിതാ മതിലിനെതിരേ എന്‍.എസ്.എസ് രംഗത്ത്. വനിതാ മതില്‍ വിഭാഗീയത ഉണ്ടാക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എല്ലാരംഗത്തും പരാജയപ്പെട്ടപ്പോഴാണ് സര്‍ക്കാര്‍ വനിതാ മതിലുമായി എത്തിയത്.
മുഖ്യമന്ത്രിയെന്ന നിലയിലല്ല പിണറായി വിജയന്‍ ജനത്തെ കൈകാര്യം ചെയ്യുന്നത്. സര്‍ക്കാരിന്റെ സര്‍വശക്തിയിലൂടെയും സമ്മര്‍ദത്തിലൂടെയുമാണ് വനിതാ മതില്‍ നടത്തുന്നത്. നിര്‍ബന്ധമായും പങ്കെടുക്കണമെന്ന സര്‍ക്കാര്‍ അറിയിപ്പുകളാണ് എന്‍.എസ്.എസിന്റെ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ വരുന്നത്. ആരെയും അംഗീകരിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് സര്‍ക്കാരിന്. വിശ്വാസവും ആചാരവും തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് വനിതാ മതില്‍.
വനിതാ മതിലില്‍ പങ്കെടുക്കണോയെന്ന് വിശ്വാസികള്‍ക്ക് തീരുമാനിക്കാം. വനിതാ മതിലിലൂടെ നവോത്ഥാനമാണ് ലക്ഷ്യമെങ്കില്‍ എന്തിനാണ് ഹൈന്ദവ സംഘടനകളെ മാത്രം വിളിച്ച് യോഗം ചേര്‍ന്നത്. എങ്ങനെയുള്ള മതിലാണ് സര്‍ക്കാര്‍ കെട്ടുന്നതെന്ന് ചിന്തിക്കാനുള്ള ശക്തി വിശ്വാസികള്‍ക്കുണ്ട്. അതിനായി പ്രത്യേകിച്ച് സര്‍ക്കുലറൊന്നും കൊടുക്കേണ്ടതില്ല.
സന്ദര്‍ഭോചിതമായ നിലപാടായിരിക്കും എന്‍.എസ്.എസ് എടുക്കുക. ഇവിടെ ചിലരൊക്കെ പറയുന്നത് സര്‍ക്കാര്‍ എന്‍.എസ്.എസിന് വേണ്ടി എന്തൊക്കെയോ ചെയ്‌തെന്നാണ്. മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തതില്‍ കൂടുതലൊന്നും ഇപ്പോഴുള്ളവര്‍ ചെയ്തിട്ടില്ല. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കേണ്ട സര്‍ക്കാര്‍ ഇനിയും ഉപദ്രവിക്കാനാണ് ഭാവമെങ്കില്‍ വിശ്വാസികള്‍ക്കൊപ്പം കേന്ദ്രത്തെ സമീപിക്കാനാണ് എന്‍.എസ്.എസ് ഉദ്ദേശിക്കുന്നത്. വിശ്വാസികള്‍ക്ക് ഈ മാസം 26ന് നടക്കുന്ന അയ്യപ്പ ജ്യോതിയില്‍ പങ്കെടുക്കാം.
ആരുടെയും ചട്ടുകമാകാന്‍ ഉദ്ദേശിക്കുന്നില്ല. ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി അനുകൂലമാകുമെന്നാണ് വിശ്വാസം. സമദൂര നിലപാടില്‍ നിന്ന് മാറിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സന്ദര്‍ഭോചിത നിലപാടെടുക്കും. വിശ്വാസം സംരക്ഷിക്കാന്‍ ഒപ്പംനിന്നവരെ എന്‍.എസ്.എസ് പിന്തുണക്കും. വനിതാ മതിലുമായി സഹകരിച്ചാല്‍ ബാലകൃഷ്ണപിള്ളയെ എന്‍.എസ്.എസ് സഹകരിപ്പിക്കില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."