ക്വിറ്റ് ഇന്ത്യ ദിനാചരണം വ്യത്യസ്തമായി
തൃക്കരിപ്പൂര്‍: പിലിക്കോട് ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി നടത്തിയ ക്വിറ്റ് ഇന്ത്യ ദിനാചരണം വ്യത്യസ്തമായി. പയ്യന്നൂര്‍ നഗരത്തിലെ ക്വിറ്റിന്ത്യാ സ്തൂപം പരിസരത്തു നിന്നും രാവിലെ ആരംഭിച്ച പദയാത്ര ദേശസ്‌നേഹ മുദ്രാവാക്യങ്ങളോടെ നാടുണര്‍ത്തിയാണ് പയ്യന്നൂര്‍ നഗരസഭയും വിവിധ പഞ്ചായത്തുകളും പിന്നിട്ട് പിലിക്കോട് പടുവളത്ത് സമാപിച്ചത്. സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെട്ട ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി പ്രവര്‍ത്തകര്‍ ശുഭ്ര വസ്ത്രങ്ങള്‍ ധരിച്ചാണ് യാത്രയില്‍ അണിചേര്‍ന്നത്. വിവിധ കേന്ദ്രങ്ങളില്‍ പദയാത്രക്ക് സ്വീകരണവും നടന്നു. പയ്യന്നൂര്‍ ആനന്ദ തീര്‍ഥ ആശ്രമം, അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയ പരിസരം, തങ്കയം എ.എല്‍.പി.സ്‌കൂള്‍, തൃക്കരിപ്പൂര്‍ ടൗണ്‍, കാലിക്കടവ് ഇന്ദിരാജി കള്‍ചറല്‍ ഫോറം എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കി. പടുവളത്ത് വൈകുന്നേരം അഞ്ചു മണിക്ക് നടന്ന സമാപന സമ്മേളനം ഗ്രന്ഥശാലാ സംഘം മുന്‍ കണ്‍ട്രോള്‍ ബോര്‍ഡ് അംഗം പി. കോരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. നാരായണന്‍ അടിയോടി അധ്യക്ഷത വഹിച്ചു. ഡോ.വി.ഗംഗാധരന്‍, കെ.വി.രാഘവന്‍ മാസ്റ്റര്‍, എ.വി.ബാബു, ടി.വി.വിനോദ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ദേശഭക്തി ഗാനാലാപനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."