അപകടം വിളിച്ചു വരുത്തരുത്...
കാഞ്ഞങ്ങാട്: ചട്ടങ്ങള്‍ ലംഘിച്ചും അപകടഭീഷണിയുയര്‍ത്തിയും പൊതുസ്ഥലത്ത് പരസ്യമായി പാചക വാതക സിലിണ്ടര്‍ വിതരണം ചെയ്യുന്നു. ജില്ലയില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്തു കൊണ്ടു വഴിവക്കിലിറക്കിയുള്ള ഗ്യാസ് സിലിണ്ടര്‍ വിതരണം വ്യാപകമായിരിക്കുകയാണ്. അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട പാചക വാതക സിലിണ്ടറുകളാണു യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ പൊതുസ്ഥലത്തു വച്ച് ലാഘവത്തോടെ വിതരണം ചെയ്യുന്നത്.
ഗ്യാസ് കണക്ഷന്‍ ഉള്ളവര്‍ക്ക് സിലിണ്ടര്‍ വീടുകളിലേക്ക് എത്തിച്ചു കൊടുക്കണമെന്നാണു നിയമം. ഗോഡൗണില്‍ നിന്നു അഞ്ചു കിലോമീറ്റര്‍ ചുറ്റളവു വരെ സൗജന്യമായും തുടര്‍ന്നു പരിധി കഴിഞ്ഞാല്‍ ദൂരത്തിനനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിക്കുന്ന കയറ്റിറക്കു കൂലിയും ഈടാക്കുന്നുണ്ട്. എന്നാല്‍ ചില ഗ്യാസ് വിതരണ കമ്പനികളാകട്ടെ ദേശീയപാതയിലെ ഓരോ കേന്ദ്രങ്ങളില്‍ ഗ്യാസ് സിലിണ്ടറുകളിറക്കി അവിടേക്കു വീട്ടമ്മമാരെ വിളിച്ചുവരുത്തിയാണു സിലിണ്ടര്‍ നല്‍കുന്നത്.
ഗ്യാസ് തീര്‍ന്നാല്‍ വിളിച്ചു പറയുകയും നിശ്ചയിച്ച തിയതിക്കു ഗ്യാസ് സിലിണ്ടര്‍ യഥാര്‍ഥ സ്ഥലത്ത് എത്തിച്ചുകൊടുക്കുകയുമാണ് ഗ്യാസ് ഏജന്‍സികള്‍ ചെയ്യേണ്ടത്. അത്യാവശ്യമാണെങ്കില്‍ ഗോഡൗണില്‍ ചെന്ന് ഉടമസ്ഥര്‍ വാഹനത്തില്‍ കൊണ്ടുപോകുകയാണു ചെയ്യുന്നത്.
എന്നാല്‍ ഇതിനു വിപരീതമായിട്ടാണ് ഈ സ്വകാര്യ ഏജന്‍സി അനധികൃതമായി സിലിണ്ടറുകള്‍ വിതരണം ചെയ്യുന്നത്. ഇതു സംബന്ധിച്ചു ഗ്യാസ് ഏജന്‍സി അധികൃതര്‍ക്കു പരാതി നല്‍കിയിട്ടും നടപടിയെടുക്കുന്നില്ലെന്നും പരാതിയുണ്ട്. ആളുകള്‍ തിങ്ങിക്കൂടുന്ന ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിലും മാര്‍ക്കറ്റുകളിലും വച്ച് ഇത്തരത്തില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണം ചെയ്യുന്നതിനെതിരേ ബന്ധപ്പെട്ടവര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."