വര്‍ണാഭമായ പരിപാടികളോടെ ഖത്തര്‍ ദേശീയ ദിനം ആഘോഷിച്ചു
#അഹമ്മദ് പാതിരിപ്പറ്റ
ദോഹ: ഖത്തറിന്റെ ദേശീയ ദിനം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വര്‍ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. സ്വദേശികള്‍ക്കൊപ്പം വിദേശികളും ആഘോഷ പരിപാടികളില്‍ പങ്കാളികളായി. ദേശീയ ദിനത്തോടനുബന്ധിച്ച് ദോഹ കോര്‍ണിഷില്‍ നടന്ന സൈനിക പരേഡില്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി എന്നിവര്‍ പങ്കെടുത്തു.
ശൈഖ് അബ്ദുല്‍ അസീസ് ബിന്‍ ഖലീഫ ആല്‍ഥാനി, അമീറിന്റെ സ്വകാര്യ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആല്‍ഥാനി, ശൈഖ് അബ്ദുല്ല ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് മുഹമ്മദ് ബിന്‍ ഖലീഫ ആല്‍ഥാനി, ശൈഖ് ജാസിം ബിന്‍ ഖലീഫ ആല്‍ഥാനി എന്നിവരും പരേഡില്‍ സംബന്ധിച്ചു.
ശൂറാ കൗണ്‍സില്‍ സ്പീക്കര്‍ അഹ്മദ് ബിന്‍ അബ്ദുല്ല ആല്മഹ്മൂദ്, ശൈഖുമാര്‍, മന്ത്രിമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. തുനീഷ്യന്‍ പ്രതിരോധമന്ത്രി അബ്ദുല്‍കരീം സുബൈദി, തുര്‍ക്കി ദേശീയ പ്രതിരോധമന്ത്രി ഹുലുസി അകാര്, പാകിസ്താന് ആര്‍മി സ്റ്റാഫ് ചീഫ് ജനറല്‍ ഖമര്‍ ജാവേദ് ബജ്വ, ഉദൈദ് ബേസിലെ അമേരിക്കന്‍ വ്യോമസേനാ സെന്‍ട്രല്‍ കമാന്‍ഡ് ലെഫ് ജനറല്‍ ജോസഫ് ഗ്വാസ്റ്റല്ല, കുവൈത്ത് ഡെ. ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ശൈഖ് അബ്ദുല്ല അല്‍ നവാഫ് അല്‍ സബാഹ്, കാരബിനീരി ഫോഴ്സ് ചീഫ് ഇന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ ജനറല്‍ ജിയോവാനി നിസ്ട്രി തുടങ്ങിയ അതിഥികളും പരേഡ് വീക്ഷിക്കാന്‍ കോര്‍ണിഷിലെ പ്രത്യേക ഇരിപ്പിടത്തിലെത്തിയിരുന്നു.
ശൂറാ കൗണ്‍സില്‍ അംഗങ്ങള്‍, സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, സായുധസേനാ ഉന്നത ഉദ്യോഗസ്ഥര്‍, ആഭ്യന്തരമന്ത്രാലയ പ്രതിനിധികള്‍, ഉന്നത വ്യക്തിത്വങ്ങള്‍ എന്നിവരും സ്വദേശികളും വിദേശികളുമടക്കം നിരവധി ആളുകളും കോര്‍ണിഷിലെത്തിയിരുന്നു.
ഏഷ്യന്‍ ടൗണ്‍, അല്‍ഖോര്‍, വക്ര സ്റ്റേഡിയം ശഹാനിയ ലേബര്‍ ക്യാംപ് തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍, നേപ്പാളി, പാകിസ്താനി, ഇന്തോനേഷ്യന്‍, ശ്രീലങ്കന്‍, ബംഗ്ലാദേശി കമ്മ്യൂണിറ്റികളുടെ വൈവിധ്യമാര്‍ന്ന പരിപാടികളും ആഘോഷത്തിന് കൊഴുപ്പേകി.
വക്ര സ്റ്റേഡിയത്തില്‍ ഖത്തര്‍ കെ.എം.സി.സി ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അബ്ദുല്‍ സമദ് സമദാനി, ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ, സിദ്ദീഖലി ബ്ലാങ്ങാട്ടൂര് തുടങ്ങിയവര്‍ അതിഥികളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."