ഡി.വൈ.എഫ്.ഐയുടെ ആംബുലന്‍സില്‍ മൃതദേഹം തമിഴ്‌നാട്ടിലെത്തിച്ചു ചികില്‍സ കിട്ടാതെ യുവാവ് മരിച്ച
കൊല്ലം: ചികില്‍സ കിട്ടാതെ യുവാവ് ആംബുലന്‍സില്‍ മരിച്ച സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി. ചികിത്സ മാത്രമല്ല, ജില്ലാ ആശുപത്രിയില്‍ നിന്നുള്ള ആംബുലന്‍സ് സേവനവും മുരുകന് നിഷേധിച്ചതും വിവാദമായതിനിടെ, ഡി.വൈ.എഫ്.ഐയുടെ ആംബുലന്‍സില്‍ മുരുകന്റെ മൃതദേഹം ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം തമിഴ്‌നാട്ടിലെത്തിച്ചു.
ആശുപത്രികള്‍ കയറിയിറങ്ങിയിട്ടും ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ദാരുണാന്ത്യം സംഭവിച്ച തിരുനെല്‍വേലി രാധാപുരം തുറൈക്കുടി തുറുപ്പ് മിഡില്‍സ്ട്രീറ്റില്‍ പരേതരായ ഗണപതി-പപ്പ ദമ്പതികളുടെ മകന്‍ മുരുകന്റെ(37) മൃതദേഹത്തോടും ജില്ലാ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതും അവഗണനയായിരുന്നു. ഇന്നലെ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോകാന്‍ ജില്ലാ ആശുപത്രി ആംബുലന്‍സ് വിട്ടുനല്‍കിയില്ല. ആംബുലന്‍സ് സ്ഥലത്തില്ലെന്നാണ് കൊല്ലം ജില്ലാ ആശുപത്രി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ ആംബുലന്‍സ് ആശുപത്രി വളപ്പില്‍ മാറ്റിയിട്ടിരിക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ പുറത്തുവിട്ടു.
തുടര്‍ന്നാണ് മുരുകന്റെ കുടുംബത്തെ സഹായിക്കാന്‍ ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്. മുരുകന്റെ മൃതദേഹം തിരുനെല്‍വേലിയില്‍ എത്തിക്കാന്‍ ഡി.വൈ.എഫ്.ഐ ആംബുലന്‍സും വഴിച്ചെലവിനായി 10000 രൂപയും നല്‍കി. ചികില്‍സ നല്‍കാന്‍ സ്വകാര്യ ആശുപത്രികള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മുരുകന്‍ ആംബുലന്‍സില്‍ മരിച്ചത്. ഞായറാഴ്ച രാത്രി 11നു കൊല്ലം ചാത്തന്നൂരിനു സമീപം മുരുകനും സുഹൃത്തും സഞ്ചരിച്ച ബൈക്കില്‍ ദമ്പതികള്‍ സഞ്ചരിച്ച ബൈക്ക് ഇടിച്ചായിരുന്നു അപകടം.
സംഭവത്തില്‍ കൊല്ലം മെഡിസിറ്റി, കൊല്ലം മെഡിട്രീന, അസീസിയ, കൊട്ടിയം കിംസ്, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നീ ആശുപത്രികള്‍ക്കെതിരേ പൊലിസും മനുഷ്യാവകാശ കമ്മിഷനും കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
മൃതദേഹം കൊണ്ടുചെന്ന സ്വകാര്യആശുപത്രികള്‍ക്കു മുന്നിലെ സി.സി ടി.വി ദൃശ്യങ്ങളും പൊലിസ് പരിശോധിക്കും. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത മനുഷ്യവകാശ കമ്മിഷന്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ പൊലിസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."