എണ്‍പത്തിയേഴാം വയസിലും മീനാക്ഷിയമ്മക്കും ചൂട്ടടുപ്പിനും പത്തരമാറ്റിന്റെ ഡിമാന്‍ഡ്
പറളി: കാലമെത്ര കഴിഞ്ഞുപോയാലും ആധുനിക പ്രാചീന വീടുകളില്‍ യന്ത്രോപകരണങ്ങള്‍ സ്ഥാനം പിടിച്ചാലും പഴയകാല വീടുപകരങ്ങള്‍ക്കും അടുപ്പുകള്‍ക്കും ഇന്നും അവശ്യക്കാരേറെയാണ്. ഒപ്പം അവരെ കാത്തുനില്‍ക്കുന്ന പഴമക്കാരും. പറളി പഴയ പോസ്റ്റോഫീസിനു സമീപം താമസിക്കുന്ന 87 കാരിയായ മീനാക്ഷിയമ്മയുടെ ചൂട്ടടുപ്പിന് ഇന്നും പറളി-തേനൂര്‍ ഭാഗത്ത് ആവശ്യക്കാരേറെയാണ്. വീട്ടിനടുത്തുള്ള അടുപ്പുനിര്‍മ്മാണക്കാരില്‍ നിന്നും ഓരോ അടുപ്പുവാങ്ങി കിലോമീറ്റര്‍ താണ്ടിയാണ് മീനാക്ഷിയമ്മ വില്‍പന നടത്തുന്നത്. പറളി പഴയപോസ്റ്റോഫീസില്‍ നിന്നും തേനൂര്‍ ഓട്ടുകമ്പനി വഴി മാങ്കുറുശ്ശി റോഡുവരെയാണ് അടുപ്പുമായുള്ള മീനാക്ഷിയമ്മയുടെ യാത്ര. 170 രൂപ വിലപറഞ്ഞാല്‍ പരിചയക്കാരാണേലും ഒരു വിധം നഷ്ടമില്ലെങ്കിലും കിട്ടിയ വിലയ്ക്ക് തട്ടിവിടും. ചിലപ്പോള്‍ 140 ഉം 150 മൊക്കെകിട്ടുമെങ്കിലും ലാഭം കുറവാണെങ്കിലും ആവശ്യക്കാരെ നിരാശപ്പെടുത്താറില്ല ഈ വയോധിക. ഭര്‍ത്താവിന്റെ മരണാനന്തരം ശാരീരിക വൈകല്യമുള്ള മകനേയും നോക്കേണ്ട ചുമതല മീനാക്ഷിയമ്മയ്ക്കാണ്. 'മൂന്നുമാസം കൂടുമ്പോള്‍ കിട്ടുന്ന പെന്‍ഷന്‍ കൊണ്ട് ഈ കാലത്ത് എന്തു ചെയ്യാനാണ് മക്കളേ..' തനിക്കെന്തെങ്കിലും വട്ടചെലവിനും മുട്ടു തീര്‍ക്കുവാനും വേണ്ടി ഇടയ്ക്കിടയ്ക്ക് ഓരോ അടുപ്പുമായി മീനാക്ഷിയമ്മയും തേനൂര്‍ വഴി നടന്നു നീങ്ങും.
വെയില്‍ കനക്കും മുന്‍പേ വില്‍പന തീരുമെങ്കിലും പ്രദേശവാസികളില്‍ പലരേയും മീനാക്ഷിയമ്മയ്ക്കു കാണാനുണ്ടാവും അവരൊക്കെ മീനാക്ഷിയമ്മയെ കാണേണ്ടരീതിയില്‍ കാണുകയും ചെയ്യും. നടക്കുന്ന വഴിയില്‍ തണലുകണ്ടാല്‍ അടുപ്പ് ഒരു ഭാഗത്ത് വച്ച് മീനാക്ഷിയമ്മ ഒന്നു മുറുക്കാന്‍ ഇരിക്കും. ഇതിനിടെ ഒരുപക്ഷെ അടുപ്പ് വില്‍പനയും നടക്കും. തേനൂര്‍ ഓട്ടുകമ്പനിക്കു സമീപത്തെ കുളം വഴി മാങ്കുറിശ്ശിയിലെക്കുള്ള വഴിയില്‍ തൊഴിലുറപ്പു പെണ്ണുങ്ങളും മീനാക്ഷിയമ്മയുടെ അടുപ്പിന്റെ സ്ഥിരംകുറ്റികളാണ്. കേള്‍വി കുറവാണെങ്കിലും തൊഴിലുറപ്പ് പെണ്ണുങ്ങളേയും പാടത്തു പണിയെടുക്കുന്ന പെണ്ണുങ്ങളേയും നോക്കി മീനാക്ഷിയമ്മ ''പെണ്ണുങ്ങളേ..'' യെന്നൊരു നീട്ടി വിളിയാണ്. അടുപ്പുവാങ്ങുന്നരില്‍ പറ്റുകാരുമുണ്ട്. അടുപ്പ് കച്ചവടം കഴിഞ്ഞാല്‍ സമീപത്തെ ക്ഷേത്രത്തില്‍ പോയി അയ്യപ്പനെ കാണണം. അന്നദാനത്തിനു പോയി ഒരുപിടി ഉണ്ണണം. ശബരിമലയിലെ വിശേഷങ്ങളൊന്നുമറിയില്ലെങ്കിലും മീനാക്ഷിയമ്മയ്ക്ക് അയ്യപ്പനെ കാണണം. നഗരപ്രദേശങ്ങളില്‍ ചൂട്ടടുപ്പ് ഒരുപകരണമാണെങ്കിലും നാട്ടിന്‍ പുറത്ത് അറക്കപൊടിയിട്ടു കത്തിക്കുന്ന ചൂട്ടടുപ്പിന് ആവശ്യക്കാരേറെയാണ്. അതുകൊണ്ടു തന്നെ ഇത്തരം അടുപ്പുവില്‍പനയ്‌ക്കെത്തുന്ന പഴമക്കാരും അതിനൊപ്പം സ്ഥാനം പിടിച്ചിരിക്കുന്നത്. 87 വയസ്സിലും പ്രായം തളര്‍ത്താത്ത മനസ്സുമായി നിറചിരിയോടെ ഓരോ ചൂട്ടടുപ്പുമായി മീനാക്ഷിയമ്മ തേനൂരിന്റെ നാട്ടിടവഴികളിലൂടെ യാത്രതുടരുകയാണ്. കാലം മറക്കാത്ത ഓര്‍മ്മകളുമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."