തുറവൂര്‍ കവലയില്‍ കംഫര്‍ട്ട് സ്റ്റേഷനില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു
തുറവൂര്‍: വികസനം വളരെയേറെ എത്തിയിട്ടും തുറവൂറില്‍ പൊതുവായ ഒരു കംഫര്‍ട്ട് സ്റ്റേഷനില്ലാത്തത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു. തുറവൂര്‍, കുത്തിയതോട് പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന തിരക്കേറിയ പ്രധാന ജങ്ഷനാണ് ദേശീയ പാതയിലെ തുറവൂര്‍ കവല.
ദിനംപ്രതി വിവിധ ആവശ്യങ്ങള്‍ക്കും യാത്രകള്‍ക്കും മറ്റുമായി നൂറുക്കണക്കിന് ആളുകളാണ് ഇവിടെയെത്തുന്നത്. എന്നാല്‍ ഒന്ന് മൂത്രമൊഴിക്കണമെന്നു തോന്നിയാല്‍ ഒരു സൗകര്യവും തുറവൂറില്ലാത്ത ദയനീയ സ്ഥിതിയാണ്. ഇവിടെ കംഫര്‍ട്ട് സ്റ്റേഷന്‍ വേണമെന്നാവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് വളരെയധികം ക്ലേശിക്കുന്നത്.
തുറവൂര്‍ പമ്പാ പാതയുടെ റോഡ് ആരംഭിക്കുന്ന ദേശീയ പാതയിലെ പ്രധാന കവലയെന്ന നിലയില്‍ തുറവൂര്‍ വളരെയധികം ജനശ്രദ്ധ നേടിക്കഴിഞ്ഞു. മൂന്ന് ദേശസാല്‍കൃത ബാങ്കളുടെ ശാഖകള്‍, അഞ്ച് എ.ടി.എം.കൗണ്ടറുകള്‍, പഞ്ചായത്ത് ഓഫിസുകള്‍, തുറവൂര്‍ മഹാക്ഷേത്രം, മുസ്‌ലിം, ക്രിസ്ത്യന്‍ പള്ളികള്‍, കൃഷിഭവന്‍, വില്ലേജ്, പ്രാഥമികാരോഗ്യകേന്ദ്രം, ശ്രീശങ്കരാചാര്യ സംസ്‌കൃത കോളേജ് പ്രാദേശിക കേന്ദ്രം, ഐ.സി.ഡി.എസ്, എ.ഇ.ഒ, ബി.പി.ഒ.ഓഫിസുകള്‍, അക്ഷയ കേന്ദ്രം, എം.എല്‍.എ.ഓഫിസ്, പോസ്റ്റാഫിസ്, താലൂക്കാശുപത്രി, പൊതുമേഖല സ്ഥാപനമായ സില്‍ക്ക്, സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകള്‍, റെയില്‍വേ സ്റ്റേഷന്‍, ഒന്‍പത് മെഡിക്കല്‍ സ്റ്റോറുകള്‍, പത്രസ്ഥാപനങ്ങള്‍, ഐ.റ്റി.ഐ. പാരലല്‍ കോളജുകള്‍, വിവിധ കച്ചവട സ്ഥാപനങ്ങള്‍ എന്നിവയാണ് പ്രധാനമായും തുറവൂറില്‍ സ്ഥിതി ചെയ്യുന്നത്.
മാത്രമല്ല, ദീര്‍ഘദൂര സര്‍വിസുകള്‍ നടത്തുന്നതുള്‍പ്പെടെ എല്ലാ ബസുകള്‍ക്കും തുറവൂറില്‍ സ്റ്റോപ്പുണ്ട്. കംഫര്‍ട്ട് സ്റ്റേഷനായി സ്ഥലമില്ലാത്തതാണ് പ്രധാന പരിമിതിയെന്നും സ്ഥലം കണ്ടെത്തിക്കഴിഞ്ഞാല്‍ തുക വകയിരുത്താനാകുമെന്ന് തുറവൂര്‍, കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റുമാരായ അനിത സോമനും പ്രേമരാജപ്പനും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."