ദേശീയ വിര വിമുക്തി ദിനത്തില്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പും പി.എച്ച്.സിയും
പേരൂര്‍ക്കട: ആരോഗ്യമുള്ള തലമുറ എന്ന ലക്ഷ്യവുമായി ആരോഗ്യവകുപ്പും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഇന്ന് അണിനിരക്കും. വിര വിമുക്തിദിനം ഫലപ്രാപ്തിയിലെത്തിക്കാന്‍ കേരളത്തിലും ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമാണ് ഇന്നു വിര വിമുക്തദിനം ആചരിക്കുന്നത്. വിരകള്‍ മനുഷ്യശരീരത്തിന് എത്രമാത്രം ദോഷം ചെയ്യുന്നുവെന്നും അവയെ എങ്ങനെ ഉന്മൂലനം ചെയ്യാമെന്നുമുള്ളതിനെക്കുറിച്ച് ഇന്നും മിക്ക ആള്‍ക്കാരും അജ്ഞരാണ്. റൗണ്ട്‌വേം, വിപ്പ് വേം, ഹുക്ക് വേം എന്നീ വിരകള്‍ ചെറുകുടലില്‍ വസിച്ച് മനുഷ്യന്‍ കഴിക്കുന്ന ആഹാരത്തിലെ വിറ്റാമിനുകള്‍ ഊറ്റിയെടുക്കുമ്പോഴാണ് രോഗബാധിതരായ ഒരു തലമുറ നമുക്കു മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുന്നത്.
വിരബാധ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ആശുപത്രികളെ സമീപിക്കാത്തവരാണ് ഭൂരിഭാഗം പേരും. മനുഷ്യശരീരത്തിന് ഏറ്റവുമധികം ദോഷമുണ്ടാക്കുന്ന ഹുക്ക് വേമാണ് ഇന്നു കുട്ടികളില്‍ വ്യാപകമായി വിളര്‍ച്ചയ്ക്ക് കാരണമായിത്തീരുന്നത്. മണ്ണില്‍ നിന്ന് മനുഷ്യശരീരത്തിലെത്തുന്ന മൂന്നുതരം വിരകളെ പൂര്‍ണമായി ഉന്മൂലനം ചെയ്താല്‍ മാത്രമേ ആരോഗ്യമുള്ള ഒരു തലമുറ സൃഷ്ടിക്കപ്പെടുകയുള്ളൂ. ഛര്‍ദ്ദി, തലചുറ്റല്‍, വിളര്‍ച്ച, ഉറക്കക്കുറവ് തുടങ്ങിയ അസുഖങ്ങളാണ് ഇതിന്റെ പ്രധാന അടയാളങ്ങള്‍. 5 മി. ഗ്രാം വരുന്ന ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ തന്നെയാണ് ഇന്നു വിരശല്യത്തിന് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. ഗുളികയുടെ ശക്തി ഒരുവര്‍ഷംവരെ നീണ്ടുനില്‍ക്കും. അടുത്തഗുളിക അടുത്തവര്‍ഷം കഴിച്ചാല്‍ മതിയെങ്കിലും പൂര്‍ണമായി വിരവിമുക്തി ഉണ്ടാകുന്നതിന് 5 വര്‍ഷമെങ്കിലും എടുക്കുമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
വട്ടിയൂര്‍ക്കാവ് പി.എച്ച്.സിയുടെ മേല്‍നോട്ടത്തില്‍ ഇന്ന് എല്ലാ അങ്കണവാടികളിലും സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകളിലും ആശുപത്രികളിലും ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുന്നുണ്ട്. വിരവിമുക്തദിനവുമായി ബന്ധപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ക്കും അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ആരോഗ്യവകുപ്പ് പ്രത്യേക പരിശീലനം നല്‍കിക്കഴിഞ്ഞു. 2 വയസു മുതല്‍ 19 വയസു വരെയുള്ള പ്രായമാണ് കുട്ടികളുടെ വളര്‍ച്ചാപ്രായമെന്നു കണക്കുകൂട്ടി ഇവര്‍ക്കാണ് ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കുന്നത്. വട്ടിയൂര്‍ക്കാവ് പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലുള്ള എല്ലാ സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് കുട്ടികളുടെ സര്‍വേയും പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
മെഡിക്കല്‍ ഓഫിസര്‍ ഡോ. ആനി ട്വിംഗിള്‍ ആണ് ഈ സ്‌പെഷ്യല്‍ ദിനത്തിന്റെ കോ-ഓര്‍ഡിനേറ്റര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."