സ്‌കൂളുകളില്‍ ഇനി ആറായിരത്തോളം കുട്ടി റിപ്പോര്‍ട്ടര്‍മാര്‍
തിരുവനന്തപുരം: പഠനത്തിനുള്ള ഡിജിറ്റല്‍ ഉള്ളടക്കം തയാറാക്കുന്നതോടൊപ്പം വിദ്യാലയങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും റിപ്പോര്‍ട്ടു ചെയ്യാന്‍ സ്‌കൂളുകളില്‍ ഇനി ആറായിരത്തോളം കുട്ടി റിപ്പോര്‍ട്ടര്‍മാര്‍ . ഇതിനായി 5,710 ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളെ സജ്ജമാക്കുന്നതിന് സംസ്ഥാനത്ത് പരിശീലന ക്യാംപുകള്‍ സംഘടിപ്പിക്കുന്നു.
കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ് )ആണ് 26 മുതല്‍ ദ്വിദിന ക്യാപുകള്‍ നടത്തുന്നത്.
വാര്‍ത്തകള്‍ തയാറാക്കുന്നതിന്റെ ഭാഗമായി വാര്‍ത്ത കണ്ടെത്തല്‍, സ്‌ക്രിപ്റ്റ് രചന, കാമറയുടെ പ്രവര്‍ത്തനം, ഫോട്ടോഗ്രഫി, വിഡിയോ ഷൂട്ടിങ്, ഓഡിയോ റെക്കോര്‍ഡിങ്, ഓഡിയോ മിക്‌സിങ്, വിഡിയോ എഡിറ്റിങ്, അവതരണം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളില്‍ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും.
കുട്ടികള്‍ തയാറാക്കുന്ന വിഡിയോകള്‍ ഹൈടെക് സ്‌കൂളുകളിലെ ഡിജിറ്റല്‍ ശൃംഖലവഴി കേന്ദ്രീകൃത സെര്‍വറിലേക്ക് സ്‌കൂളുകള്‍ക്ക് അപ്‌ലോഡുചെയ്യാനും കൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.
ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ 4,578 സ്‌കൂളുകള്‍ക്ക് ഡി.എസ്.എല്‍.ആര്‍ കാമറ ലഭ്യമാക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ഇവയുടെ പ്രവര്‍ത്തനം, പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. 'സമഗ്ര' പോര്‍ട്ടലില്‍ അക്കാദമിക് സ്വഭാവമുള്ള ഡിജിറ്റല്‍ ഉള്ളടക്കം തയാറാക്കുന്നതിനും പരിശീലനം നല്‍കും. കൈറ്റ് വിക്ടേഴ്‌സിലേക്കും മറ്റുമായി സ്‌കൂള്‍ വാര്‍ത്തകള്‍ തയാറാക്കുന്നതിനുള്ള പ്രത്യേക പരിശീലനമാണ് പ്രത്യേക അവധിക്കാല ക്യാംപായി നടത്തുന്നത്.
266 സെന്ററുകളില്‍ നടക്കുന്ന അവധിക്കാല ക്യാംപിന്റെ മുന്നോടിയായി 532 പരിശീലകര്‍ക്ക് കൈറ്റ് പരിശീലനം നല്‍കി. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത മള്‍ട്ടിമീഡിയ ഗ്രാഫിക്‌സ് സങ്കേതങ്ങള്‍ ഉപയോഗിച്ച് ഇത്രയും കൂടുതല്‍ പേര്‍ക്ക് വാര്‍ത്തകള്‍ തയാറാക്കുന്നതു മുതല്‍ അവയുടെ എഡിറ്റിങും സംപ്രേക്ഷണവും ഉള്‍പ്പെടെ പൂര്‍ണതോതിലുള്ള പരിശീലനം നല്‍കുന്നത് ഇന്ത്യയില്‍ ആദ്യമായാണ്. ക്യാംപിന്റെ സംസ്ഥാനതല ഉദ്ഘാടനം 26ന് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."